ADVERTISEMENT

കൊല്ലത്തിന്റെ ഭാഷയും കാഴ്ചകളും യുട്യൂബിലൂടെ ലോകമാകെ ചർച്ചയാക്കിയ വ്ലോഗർമാരെക്കുറിച്ച് 

∙ എടേ ലക്ഷ്മി... സഞ്ജൂ, എന്തുവാ ഇത് 

‘എന്തുവാ ഇത്..’ ഈ വാക്കുകൾ കേൾക്കുമ്പോൾത്തന്നെ മലയാളികൾ ഇപ്പോൾ സഞ്ജുവിനെയും ലക്ഷ്മിയെയും ഓർക്കും, പിന്നെ കൊല്ലം ഭാഷയുടെ കൗതുകത്തെയും. പട്ടാഴി ചെളിക്കുഴി സ്വദേശി സഞ്ജുവും ഭാര്യ ലക്ഷ്മിയും ടിക്ടോക്കിലൂടെ തുടങ്ങി, ഫെയ്സ്ബുക്കിലെയും യുട്യൂബിലെയും താരങ്ങളായി വളർന്നവരാണ്. സഞ്ജുവിന്റെ സഹോദരി ഡോ.എം.മഞ്ജുവും അമ്മ പത്മിനിയുമെല്ലാം ഇവരുടെ വിഡിയോകളിലെ അഭിനേതാക്കളാണ്. യുട്യൂബിൽ 5 ലക്ഷത്തിലധികം സബ്സ്ക്രൈബേഴ്സും ഫെയ്സ്‌ബുക്കിൽ 8 ലക്ഷത്തിലധികം ഫോളോവേഴ്സുമുണ്ട്.   വീട്ടിലെ കൊച്ചുകൊച്ചു തമാശകളാണ് വിഡിയോകളുടെ വിഷയം. അമ്മായിയമ്മപ്പോരും നാത്തൂനുമായുള്ള ബന്ധവുമൊക്കെ 10 മിനിറ്റ് നീളമുള്ള കഥകളായി.

കമന്റുകളിൽ നിറയെ ‘എന്തുവാ ഇത്’ എന്നു കണ്ടപ്പോൾ ആദ്യം എന്താണെന്നു മനസ്സിലായില്ലെന്നു സഞ്ജു പറയുന്നു. പിന്നീടാണ് ലക്ഷ്മി വിഡിയോയിൽ പറഞ്ഞ ഡയലോഗ് വൈറലായതാണെന്നു തിരിച്ചറിഞ്ഞത്.  ബിടെക് ബിരുദധാരിയായ സഞ്ജു അച്ഛൻ ബി.മധുവിനൊപ്പം പിഡബ്ല്യുഡി കോൺട്രാക്ടുകൾ എടുത്ത് ചെയ്തു വരികയായിരുന്നു. ലക്ഷ്മി എംഎ ഇംഗ്ലിഷ് പൂർത്തിയാക്കി നെറ്റ് പരീക്ഷയ്ക്കായുള്ള തയാറെടുപ്പിലും. സിനിമകളിൽ, കൊല്ലം ഭാഷയിൽ ഡയലോഗുകൾ തയാറാക്കാൻ അണിയറ പ്രവർത്തകർ സഞ്ജുവിനെയും ലക്ഷ്മിയെയും തേടി എത്തുന്നുണ്ട്. 

∙ മച്ചാൻ പറയുന്നു, കടലിന്റെ സൈക്കോളജി 

 വിഷ്ണു, സഹോദരി പേൾ, അച്ഛൻ നാഗേഷ് ബാബു, അമ്മ സന്ധ്യാമ്മ.
വിഷ്ണു, സഹോദരി പേൾ, അച്ഛൻ നാഗേഷ് ബാബു, അമ്മ സന്ധ്യാമ്മ.

അഴീക്കൽ സ്വദേശി വിഷ്ണുവിനെ കേരളം അറിയുന്നത് യൂട്യൂബിലെ വേറിട്ട കടൽക്കാഴ്ചകളിലൂടെയാണ്. അഞ്ചു ലക്ഷത്തോളം സബ്‌സ്ക്രൈബേഴ്സുമുള്ള ‘കടൽ മച്ചാൻ’ വ്ലോഗ് ഇതുവരെ കാണാത്ത കടലാണ് ലോകത്തിനു കാട്ടിക്കൊടുക്കുന്നത്. ഇഗ്നോയുടെ കൊല്ലം സെന്ററിൽ മൂന്നാം വർഷ സൈക്കോളജി വിദ്യാർഥിയായ വിഷ്ണു പത്തു വയസ്സു മുതൽ കടലിൽപ്പോയിത്തുടങ്ങി.   മൂന്ന് വർഷം മുൻപാണ് കടൽ മച്ചാൻ എന്ന വ്ലോഗ് തുടങ്ങിയത്. സാഹസിക കാഴ്ചകൾക്കൊപ്പം ബോട്ടിലെ ജീവിതവും ഭക്ഷണവുമെല്ലാം വ്ലോഗിൽ നിറഞ്ഞു.‌    നൂറുകണക്കിനു ഡോൾഫിനുകളെ ഒറ്റ ഫ്രെയിമിൽ കാട്ടിക്കൊടുത്ത വ്ലോഗ് കണ്ടു സിനിമാക്കാർ വരെ പറഞ്ഞു; കോടികൾ ചെലവാക്കിയ 

ഗ്രാഫ‌ിക്സ് മാറിനിൽക്കുമെന്ന്. ആഴക്കടലിൽ പോയി ശംഖ് കൊണ്ടുവരുന്നതും, 250 കിലോയുള്ള മീനിനെ പിടിക്കുന്നതുമൊക്കെ ശ്വാസമടക്കിയാണ് ആളുകൾ കണ്ടത്.വിഷ്ണു കടലിൽപ്പോയി കൊണ്ടുവരുന്ന മീൻ അമ്മ സന്ധ്യാമ്മ കറിവയ്ക്കുന്നതും പാചകക്കൂട്ടുമെല്ലാം വ്ലോഗിൽ വരാറുണ്ട്. ഇപ്പോൾ കടൽമച്ചാന്റെ സാഹസികതയെക്കാൾ ആരാധകരുള്ളത് സന്ധ്യാമ്മയുടെ പാചകത്തിനാണെന്ന് വിഷ്ണു പറയുന്നു. 

അനിയത്തി ഡിഗ്രി വിദ്യാർഥി പേളും വ്ലോഗുകളിൽ എത്താറുണ്ട്. കടൽക്ഷോഭസമയത്ത് തീരമേഖലയുടെ പ്രശ്നങ്ങൾ അധികൃതരിലെത്തിക്കാൻ വിഷ്ണുവിന്റെ വ്ലോഗുകൾക്കു കഴിഞ്ഞിരുന്നു.   ആ മാസത്തെ യുട്യൂബ് വരുമാനം മുഴുവൻ തീരവാസികൾക്ക് സഹായമെത്തിക്കാനായി ചെലവാക്കി. മമ്മൂട്ടിയോടൊപ്പം വൺ എന്ന ചിത്രത്തിൽ അഭിനയിച്ചിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com