ADVERTISEMENT

അങ്ങനെ ഞാൻ മലയാളം പഠിച്ചു!

എം. മുകേഷ്

ഒരിക്കൽ മാത്രമേ അച്ഛൻ എന്റെ  വിദ്യാഭ്യാസ കാര്യത്തിൽ നേരിട്ട് ഇടപെട്ടിട്ടുള്ളൂ. അതാണ് എന്റെ ജീവിതത്തിലെ ഏറ്റവും  വിലപ്പെട്ട സമ്മാനം. തങ്കശ്ശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു വിദ്യാഭ്യാസം.  അവിടെ മലയാളത്തിനു വലിയ പ്രാധാന്യമില്ല. പത്താം ക്ലാസ് കഴിഞ്ഞ് എസ്എൻ കോളജിൽ പ്രീഡിഗ്രി പഠനത്തിനെത്തിയപ്പോൾ ഫ്രഞ്ച് ആണ് രണ്ടാം ഭാഷയായി തിരഞ്ഞെടുത്തത്. ഫ്രഞ്ച് പഠിപ്പിക്കാൻ‌ കോളജിൽ അധ്യാപകരില്ലാത്തതിനാൽ തങ്കശ്ശേരിയിൽ ട്യൂഷനു പോയാണ് പഠിക്കേണ്ടത്.  കുറച്ചു പഠിച്ചാൽ മതി. നല്ല മാർക്ക് കിട്ടും. കോളജിൽ കയറാതെ നടക്കുകയും ചെയ്യാം. ഇതെല്ലാമാണ് ഫ്രഞ്ചിന്റെ നേട്ടം.

ഒരു ദിവസം അച്ഛൻ അടുത്തു വിളിച്ചു. രണ്ടാം ഭാഷ എന്താണ് എടുത്തതെന്നു ചോദിച്ചപ്പോൾ ഫ്രഞ്ച് എന്ന് പറഞ്ഞു. ‘ഫ്രഞ്ചോ..? നീയെന്താ ഫ്രാൻസിൽ പോകുന്നോ’ എന്നായി ചോദ്യം.  മലയാളം എടുത്താൽ മതിയെന്ന ഉഗ്രശാസനവും തന്നു. അടുത്ത ദിവസം കോളജിൽ ചെന്നപ്പോൾ രണ്ടാം ഭാഷ മാറ്റാനുള്ള സമയം കഴിഞ്ഞിരുന്നു.  കുറച്ചു കഴിഞ്ഞപ്പോൾ  പ്യൂൺ ക്ലാസിൽ വന്നു വിളിച്ചു. അച്ഛൻ പ്രിൻസിപ്പലിന്റെ മുറിയിൽ ഇരിക്കുകയായിരുന്നു. ശ്രീനിവാസ സർ ആണ് പ്രിൻസിപ്പൽ. മുറിയിൽ എത്തിയപ്പോൾ അച്ഛൻ ചോദിച്ചു– നീ ഫ്രഞ്ച് മാറ്റിയോ? ഇല്ലെന്നു പറഞ്ഞപ്പോൾ മാറ്റാൻ നിർദേശം.  അച്ഛന്റെ മുന്നിലിരുന്ന് എഴുതിക്കൊടുക്കേണ്ടി വന്നു.

ഒന്നാം വർഷം മലയാളത്തിനു തോറ്റെങ്കിലും രണ്ടാമത്തെ വർഷം ഒരുമിച്ച് എഴുതിയെടുത്തു. ഞാൻ പഠിച്ച സയൻസ് വിഷയങ്ങളല്ല, അച്ഛന്റെ നിർബന്ധപ്രകാരം പഠിച്ച മലയാളമാണ് എന്റെ ജീവിതത്തിലുടനീളം തെളിഞ്ഞുനിൽക്കുന്നത്. കുട്ടിക്കാലത്തു തന്നെ അച്ഛനോട് വലിയ ആരാധനയായിരുന്നു. അച്ഛന്റെ കുടുംബ സ്ഥലമായ  ചുനക്കരയിലെ സ്കൂളിൽ ആയിരുന്നു രണ്ടാം ക്ലാസ് വരെ പഠിച്ചത്. വീട്ടിലെ മുതിർന്നവർ എന്നെ പറ്റിക്കാനായി, അച്ഛനെ ആരോ  അടിച്ചു വഴിയിൽ കിടത്തിയിരിക്കുന്നെന്നു പറയുമായിരുന്നു.  അടുക്കളയിൽ നിന്നു കത്തിയുമെടുത്തു കൊണ്ട് ഒ.മാധവനെ തൊട്ടത് ആരാടാ എന്നു ചോദിച്ചു ചുനക്കര ചന്തയ്ക്കു സമീപത്തേക്ക് ഞാനോടും. ഒരു ദിവസം തന്നെ പലതവണ ഓടിയിട്ടുണ്ട്.

കെപിഎസിയുടെ 25–ാം വാർഷികത്തിൽ കടപ്പാക്കട സ്പോർട്സ് ക്ലബ് അങ്കണത്തിൽ ‘മുടിയനായ പുത്രൻ’ എന്ന നാടകം അവതരിപ്പിച്ച അച്ഛനെ മറക്കാനാകില്ല.  കേന്ദ്രകഥാപാത്രമായ മുടിയനായ പുത്രനായി അച്ഛൻ. മൈതാനം നിറഞ്ഞു കവിഞ്ഞ പുരുഷാരം. നായകനെ തൂക്കിക്കൊല്ലുന്നതാണ് അവസാന രംഗം. തൂക്കിലേറ്റാനായി കൊണ്ടുപോകുമ്പോൾ  കാണികൾ കരയുന്നുണ്ടായിരുന്നു. അപ്പോഴാണ് ബന്ധുവായ സത്യഭാമചേച്ചി ‘മാഞ്ചേട്ടനെ ( ഒ.മാധവനെ കുടുംബത്തിലുള്ളവർ അങ്ങനെയാണ് വിളിച്ചിരുന്നത്) കൊല്ലരുതേ’ എന്നു വിളിച്ചു കൊണ്ടു ഓടിയത്. ഞാനും  ആ അവസ്ഥയിലായിരുന്നു.  നാടകവും ജീവിതവും ഒരുമിക്കുന്ന വൈഢൂര്യ നിമിഷമാണത്. അച്ഛൻ എന്ന നടൻ ഇന്നും എന്നെ വിസ്മയിപ്പിക്കുകയാണ്.

ശിവരാമനും ഭാര്യ കുഞ്ഞികുട്ടിയും മക്കളായ അനിൽകുമാർ, തുളസി, കനകമ്മ എന്നിവരും.
ശിവരാമനും ഭാര്യ കുഞ്ഞികുട്ടിയും മക്കളായ അനിൽകുമാർ, തുളസി, കനകമ്മ എന്നിവരും.

മൂന്നു ജീവിതങ്ങളുടെ സൂര്യൻ

ഓച്ചിറ∙വിധി കാഴ്ച നൽകിയില്ലെങ്കിലും ജീവിതത്തിന്റെ പ്രകാശമായി അച്ഛനുണ്ടല്ലോയെന്ന് കൊറ്റമ്പള്ളി പനംപ്ലാവിൽ ശിവരാമനാശാന്റെ മക്കളായ കനകമ്മയും തുളസിയും അനിൽകുമാറും മനസ്സിൽത്തൊട്ടു തന്നെ പറയും. ഓച്ചിറക്കളിയുടെ പടത്തലവനായ ശിവാരാമനാശാനെ ‘പോരാളി’ എന്നാണു നാട്ടുകാർ വിളിക്കുന്നത്. എൺപതുകാരൻ ശിവരാമന്റെ ജീവിതം മക്കളുടെ ജീവിതത്തിലേക്ക് വെളിച്ചമെത്തിക്കാനുള്ള പോരാട്ടം കൂടിയാണ്.

5 മക്കളിൽ കാഴ്ചയുള്ളത് 2 പേർക്കു മാത്രം. 45 പിന്നിട്ട കനകമ്മയ്ക്കും തുളസിക്കും പൂർണമായി കാഴ്ചയില്ല. മറ്റൊരു മകൻ അനിൽകുമാർ തീവ്രതകൂടിയ കണ്ണടയിലൂടെ ലഭിക്കുന്ന നേരിയ പ്രകാശത്തിന്റെ നിഴലിൽ സ്വന്തം കാര്യങ്ങൾ നിർവഹിക്കും. പെൺമക്കളുടെ കാര്യങ്ങൾക്കു  വയോധികയും രോഗിയുമായ മാതാവ് കുഞ്ഞികുട്ടിയും ശിവരാമനാശാനും മാത്രമാണ് ആശ്രയം.  ഏഴു വയസ്സ് മുതൽ ഓച്ചിറക്കളിയിൽ സജീവമായ ശിവരാമൻ കൂലിവേല ചെയ്താണ് വീടു പുലർത്തുന്നത്. ജോലി തളർത്തുന്നില്ലെങ്കിലും തനിക്കു ശേഷം മക്കൾക്ക് ആരു വെളിച്ചമാകും എന്നതു മാത്രമാണ് ശിവരാമന്റെ ആധി. 

'വാട്ടർ ബാലൻ' എന്ന വിനോദ്
'വാട്ടർ ബാലൻ' എന്ന വിനോദ്

വിനോദില്ല, വാട്ടർ ബാലൻ മാത്രം

പരവൂർ ∙വിനോദ് എന്നു പറഞ്ഞാൽ അതാരെന്നു നാട്ടുകാർ രണ്ടുവട്ടം ചോദിക്കും. വർഷങ്ങൾക്കു മുൻപു മരിച്ചുപോയ അച്ഛൻ ബാലഗോപാലൻ പിള്ളയുടെ പേരാണ് ഇന്നും വിനോദിന്റെ മേൽവിലാസം. തെളിച്ചു പറഞ്ഞാൽ ‘വാട്ടർ ബാലൻ.’പൂതക്കുളം ചക്കവിളയിൽ പടിഞ്ഞാറെ കല്ലുവിള വീട്ടിൽ ബി.വിനോദിനെയാണ് നാട്ടുകാർ വാട്ടർ ബാലൻ എന്നു വിളിക്കുന്നത്. പരവൂർ, പൂതക്കുളം പ്രദേശങ്ങളിലെ  കടകളിലും കല്യാണവീടുകളിലുമെല്ലാം 30 വർഷത്തിലധികമായി ശുദ്ധജലമെത്തിക്കുന്നത് വിനോദാണ്. വിനോദിന്റെ അച്ഛൻ ബാലഗോപാലൻ പിള്ളയ്ക്കും ഇരുപതു വർഷത്തോളം ഉന്തുവണ്ടിയിൽ ശുദ്ധജല വിതരണമായിരുന്നു തൊഴിൽ.

വിനോദ് പത്താം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അച്ഛന്റെ മരണം. പഠനം ഉപേക്ഷിച്ച് കുടുംബം നോക്കേണ്ടി വന്നപ്പോൾ അച്ഛൻ പഠിപ്പിച്ച ജോലിയല്ലാതെ മറ്റൊന്നും വിനോദിന്റെ മനസ്സിലുണ്ടായിരുന്നില്ല. ആദ്യമൊക്കെ വാട്ടർ ബാലന്റെ മകൻ എന്നായിരുന്ന വിശേഷണം പിന്നീട് ‘വാട്ടർ ബാലൻ’ എന്നു തന്നെയായി മാറി. ശുദ്ധജലവിതരണത്തിനു വാഹനം വാങ്ങിയപ്പോഴും വാഹനത്തിനിടാൻ മറ്റൊരു പേര് വിനോദിനുണ്ടായിരുന്നില്ല. പറഞ്ഞു പറഞ്ഞ് വിനോദ് എന്ന പേര് വീട്ടുകാരൊഴികെ എല്ലാവരും മറന്നു. വർഷമിത്ര കഴിഞ്ഞിട്ടും അച്ഛന്റെ പേരിൽ തന്നെ അറിയപ്പെടുന്നതിൽ അഭിമാനമാണ് വിനോദിന്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com