ADVERTISEMENT

ആയൂർ ∙ പതിവായി വണ്ടി ഒതുക്കി വിശ്രമിച്ചിരുന്ന സ്ഥലത്തുവച്ചാണ് അജയൻ പിള്ള കൊല്ലപ്പെട്ടത്. കാലിത്തീറ്റ ഇറക്കിയ ശേഷം തിരികെ ലോഡുമായി പോകേണ്ട സമയത്തെല്ലാം ഇവിടെയാണ് വാഹനം ഒതുക്കിയിരുന്നത്. സമീപത്തെ ആറ്റിൽ കുളിച്ച്, വാഹനത്തിൽ വച്ചു തന്നെ ഭക്ഷണം പാകം ചെയ്തു കഴിച്ച്, സമീപത്തെ കടയിൽ നിന്ന് ചായയും കുടിച്ച ശേഷമാണ് പോയിരുന്നത്. കുടിവെള്ളം സമീപത്തെ വീടുകളിൽ നിന്നു ശേഖരിക്കും. സൗമ്യമായി പെരുമാറിയിരുന്ന അജയൻ പിള്ള സമീപവാസികൾക്കെല്ലാം പരിചിതനായിരുന്നു.

തോമസ്കുട്ടി

കോട്ടയം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ലോറിയിൽ ജോലിക്കു പ്രവേശിച്ചിട്ട് ഒരു വർഷത്തോളമായി. തിരുവനന്തപുരത്തു കാലിത്തീറ്റ ഇറക്കിയ ശേഷം കോട്ടയത്തേക്കു റബർ ഷീറ്റ് കയറ്റിപ്പോകുന്നതിനു വേണ്ടിയാണ് കഴിഞ്ഞ ദിവസം ഇവിടെ വിശ്രമിച്ചത്. ബുധൻ ഉച്ചയോടെ ലോറിയുമായി എത്തിയിരുന്നതായി സമീപവാസികൾ പറഞ്ഞു. പതിവായി ലോറി ഇട്ടിരുന്ന സ്ഥലത്ത് റോഡ് നിർമാണത്തിനായി നീക്കം ചെയ്ത മണ്ണ് നിരത്തിയിരുന്നു. അതിനാൽ കുറച്ചു മാറിയാണ്  വണ്ടി നിർത്തിയത്.

ലോറി ഫൊറൻസിക് സംഘം പരിശോധിക്കുന്നു.

പുലർച്ചെ സമീപത്തെ വീട്ടുകാർ രാത്രി അജയൻ പിള്ളയുടെ നിലവിളി കേട്ടു. ലോറി കിടന്ന ഭാഗത്തേക്കു ടോർച്ച് തെളിച്ചപ്പോൾ ടയറിനോ‌ടു ചേർന്ന് ചോരയിൽ കുളിച്ചു  കമഴ്ന്നു കിടക്കുന്നതാണ് കണ്ടതെന്നു സമീപവാസി തോമസുകുട്ടി പറഞ്ഞു. ഉടൻ വിവരം ചടയമംഗലം പൊലീസിൽ അറിയിച്ചു.   കുത്തേറ്റു തുടയിലെ പ്രധാന ഞരമ്പ് മുറിഞ്ഞു രക്തം വാർന്നു മരിച്ചതായാണ് പൊലീസിന്റെ നിഗമനം. ലോറി കിടക്കുന്നതിനു 30 മീറ്റർ മാറിയാണ് അജയൻ പിള്ളയുടെ ഷർട്ട് കണ്ടെത്തിയത്.

കൊലയ്ക്ക് പിന്നിൽ അഞ്ചംഗം സംഘം

ആയൂർ ∙ ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പൊലീസ് നിഗമനം. കൊലപാതകസമയത്ത് പ്രദേശത്ത് സംഘത്തിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചു. സമീപത്തെ വീടുകളിൽ ഇതിനു തൊട്ടുമുൻപ് മോഷണശ്രമമുണ്ടായി. രാത്രി വീടിനു സമീപം അഞ്ചുപേരെ കണ്ടെന്ന് പരിസരവാസിയായ വീട്ടമ്മ പറഞ്ഞു.

മകൻ രാത്രി ഉണർന്നപ്പോൾ വീടിന്റെ മതിലിനോടു ചേർന്ന ഭാഗത്ത് സംസാരം കേട്ടു. വീട്ടുകാർ ലൈറ്റ് തെളിക്കാതെ വാതിൽ തുറന്നു ഗ്രിൽ കൊണ്ടു മറച്ച സിറ്റൗട്ടിൽ ഇറങ്ങി പുറത്തേക്കു ശ്രദ്ധിച്ചു. അപ്പോൾ ബൈക്കിൽ മൂന്നു പേർ കയറിപ്പോകുന്നതായി കണ്ടു. സമീപത്തായി മറ്റൊരു സ്കൂട്ടറും ഉണ്ടായിരുന്നു. ഇതു സ്റ്റാർട്ടാക്കി പെരിങ്ങള്ളൂർ ഭാഗത്തേക്കു പോയി. റബർ ഷീറ്റ് ഉണക്കാൻ ഇട്ടിരുന്നത് വീടിനു മുറ്റത്തു കിടന്നിരുന്നു. ഇത് ഇവർ അപഹരിച്ചോ എന്നു പരിശോധിക്കാനായി ടെറസിനു മുകളിൽ കയറി നോക്കിയപ്പോൾ സംഘം വീണ്ടും തിരികെ ആയൂർ ഭാഗത്തേക്കു പോകുന്നതായി കണ്ടെന്നും വീട്ടമ്മ പറഞ്ഞു.

ജയകുമാർ

ലോറി കിടന്നതിന്റെ സമീപത്തുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെയും സംഘം ഭീഷണിപ്പെടുത്തി. മലപ്പേരൂർ സ്വദേശിയ ജയകുമാർ സമീപത്തെ വീടുകളിൽ കൃഷിപ്പണികൾ ചെയ്യുന്നയാളാണ്. രാത്രി ഇവിടെ ഇരുന്നപ്പോൾ പെട്ടന്ന് ഒരാൾ വന്നു ഷർട്ടിൽ കുത്തിപ്പിടിച്ചെന്നും  പോക്കറ്റിൽ കയ്യിട്ട് ലൈറ്റർ എടുത്തുകൊണ്ടു പോയെന്നും കാട്ടുവമുക്ക് ഭാഗത്തേക്കു തന്നെ വിരട്ടിയോടിച്ചെന്നും ജയകുമാർ പറഞ്ഞു. ഇതിനൊക്കെ ശേഷമാണ് ലോറി ഡ്രൈവറെ ആക്രമിക്കുന്നത്.

ശേഷം ഇവർ വാളകം ഭാഗത്തു വരെ പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു പൊലീസിനു വിവരം ലഭിച്ചു. ഇതനുസരിച്ച് ഇന്നലെ പുലർച്ചെ ജില്ലയുടെ എല്ലാ ഭാഗങ്ങളിലും വാഹന പരിശോധന നടത്തിയെങ്കിലും അക്രമിസംഘത്തെ കണ്ടെത്താൻ കഴിഞ്ഞില്ല. അഞ്ചു പേരെ സംശയത്തിന്റെ പേരിൽ ചടയമംഗലം പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തെങ്കിലും വിട്ടയച്ചു. കൊട്ടാരക്കര ഡിവൈഎസ്പി സുരേഷ് കുമാർ, എഴുകോൺ, ചടയമംഗലം ഇൻസ്പെക്ടർമാരായ ശിവപ്രസാദ്, പ്രദീപ്കുമാർ, ചടയമംഗലം എസ്ഐ ശരലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി. വിരലടയാള വിദഗ്ധർ, ഡോഗ് സ്ക്വാഡ് എന്നിവരും സ്ഥലത്തു പരിശോധന നടത്തി.

എല്ലാത്തിനും മറ ഇരുട്ട് 

ആയൂർ ∙തെരുവുവിളക്കുകൾ സ്ഥാപിക്കുന്നതിനുള്ള നിലാവ് പദ്ധതി വൈകുന്നതിനാൽ ഇടമുളയ്ക്കൽ പഞ്ചായത്തിലെ പ്രധാന റോഡുകൾ പോലും രാത്രിയിൽ ഇരുട്ടിൽ മുങ്ങുന്നു. ദിനംപ്രതി നൂറുകണക്കിനു വാഹനങ്ങൾ കടന്നു പോകുന്ന ആയൂർ – അഞ്ചൽ റോഡിന്റെ പല ഭാഗങ്ങളും ഇപ്പോൾ ഇരുട്ടിൽ മുങ്ങിയ നിലയിലാണ്.

റോഡിന്റെ വശത്തു പാർക്ക് ചെയ്തിരുന്ന ലോറിയിലെ ഡ്രൈവറെ കൊലപ്പെടുത്തിയ സ്ഥലത്തെയും ചില വിളക്കുകൾ തകരാറിലാണ്. ചാക്കുകളിൽ നിറച്ച ഇറച്ചി അവശിഷ്ടങ്ങളും വാഹനങ്ങളിലെത്തി തള്ളുന്നതും ഇരുട്ടിന്റെ മറവിലാണ്. ഓരോ പദ്ധതികൾ നടപ്പാക്കുമ്പോഴും പുതിയ വിളക്കുകൾ സ്ഥാപിക്കും. എന്നാൽ ദിവസങ്ങൾക്കുള്ളിൽ ഇതിൽ പലതും തകരാറിലാകും. ഇവിടേക്ക് അധികൃതർ തിരിഞ്ഞു നോക്കാറില്ലെന്നാണ് ആക്ഷേപം.

രാത്രി അക്രമി സംഘത്തിന്റെ കുത്തേറ്റു ലോറി ഡ്രൈവർ മരിച്ചു

ആയൂർ ∙ രാത്രി റോഡരികിൽ ലോറി നിർത്തി വിശ്രമിക്കുകയായിരുന്ന ഡ്രൈവർ അക്രമി സംഘത്തിന്റെ കുത്തേറ്റു മരിച്ചു. മോഷണം ചെറുക്കുന്നതിനിടെ ഉണ്ടായ ബലപ്രയോഗത്തിൽ കൊലപ്പെടുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം. കൊല്ലം കേരളപുരം അരുൺ വിഹാറിൽ അജയൻപിള്ളയാണ് (64) മരിച്ചത്. ആയൂർ-അഞ്ചൽ റോഡിൽ ജവാഹർ ജംക്‌ഷനും കാട്ടുവമുക്കിനും മധ്യേ കളപ്പില വളവിൽ, ലോറിയുടെ മുൻവശത്തെ ചക്രത്തോടു ചേർന്നു രക്തം വാർന്ന നിലയിലാണ് അജയൻ പിള്ളയെ കണ്ടെത്തിയത്. ഇന്നലെ പുലർച്ചെ ഒരു മണിക്കു ശേഷമാണ് സംഭവം. ബൈക്കിലും സ്കൂട്ടറിലുമായി എത്തിയ അഞ്ചംഗ സംഘമാണ് കൊല നടത്തിയതെന്നാണ് പ്രാഥമിക നിഗമനം.

ഇവരുടെ സ്ഥലത്തെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. അജയൻ പിള്ള മാത്രമാണ് ലോറിയിലുണ്ടായിരുന്നത്.‌ ഇടതു കാലിന്റെ തുടയിൽ മൂന്ന് കുത്തേറ്റിരുന്നു. തലയ്ക്കും മുറിവുണ്ട്. കാലിത്തീറ്റ നൽകിയതിന്റെ ഉൾപ്പെടെ എഴുപതിനായിരം രൂപയോളം ഡ്രൈവറുടെ കൈവശം ഉണ്ടായിരുന്നതായി ലോറി ഉടമ പറയുന്നു. ഇതിൽ 65000 രൂപ ലോറിയുടെ കാബിനിൽ നിന്ന് പിന്നീട് കണ്ടെത്തി.  തിരുവനന്തപുരം ഭാഗത്ത് കാലിത്തീറ്റ ഇറക്കിയ ശേഷം രാവിലെ അഞ്ചൽ അഗസ്ത്യക്കോട് ഭാഗത്തെ കടയിൽ നിന്നു റബർ ഷീറ്റ് കയറ്റി കോട്ടയത്തേക്കു കൊണ്ടു പോകാനാണ് അജയൻ പിള്ള ഇവിടെ കാത്തു കിടന്നത്.

നിലവിളി കേട്ട് ഉണർന്ന സമീപത്തെ വീട്ടുകാരാണു വിവരം പൊലീസിൽ അറിയിച്ചത്. പൊലീസ് എത്തി ആംബുലൻസിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ലോറി കിടന്നതിന്റെ സമീപത്തുള്ള കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആളെയും അക്രമിസംഘം ഭീഷണിപ്പെടുത്തിയിരുന്നു. നിരീക്ഷണ ക്യാമറകളിൽ നിന്ന് അക്രമികളുടെ ചിത്രങ്ങൾ പൊലീസിനു ലഭിച്ചതായാണ് വിവരം. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. ഭാര്യ: അംബികദേവി. മകൻ: അരുൺഘോഷ്. മരുമകൾ: ഹരിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com