ADVERTISEMENT

ശാസ്താംകോട്ട ∙ പടിഞ്ഞാറെ കല്ലട ചെമ്പിൽ കായലിൽ വള്ളംമറിഞ്ഞു യുവാക്കൾ മരിച്ചതിൽ ദുരൂഹതയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് അപകടത്തിൽ മരിച്ച ആദർശിന്റെ കുടുംബം റൂറൽ എസ്പിക്ക് പരാതി നൽകി. ജൂൺ 19നു വൈകിട്ട് 5 കായൽക്കാഴ്ച കാണാനിറങ്ങിയ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞാണ് വലിയപാടം പടന്നയിൽ സേതുവിന്റെ മകൻ മിഥുൻനാഥ് (നന്ദു–21), വലിയപാടം പ്രണവം രഘുനാഥൻപിള്ളയുടെ മകൻ ആദർശ് (അക്കുട്ടൻ–24) എന്നിവർ മരിച്ചത്. പിറ്റേദിവസം രാവിലെയാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ഇരുവരും കാരാളിമുക്കിലെ സ്വകാര്യ സ്ഥാപനത്തിലാണ് ജോലി ചെയ്തിരുന്നത്. 

ഒപ്പമുണ്ടായിരുന്ന 3 പേർ നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാൽ ആദർശിനെ അപകടത്തിൽപ്പെടുത്താൻ ബോധപൂർവം ശ്രമമുണ്ടായതായും സമഗ്രമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് പിതാവ് രഘുനാഥൻപിള്ള റൂറൽ എസ്പി, ശാസ്താംകോട്ട ഡിവൈഎസ്പി, എസ്എച്ച്ഒ എന്നിവർക്ക് പരാതി നൽകി. മുൻപ് സിനിമാപറമ്പിലെ കണ്ണാടി കുളത്തിൽ നീന്തൽ പഠിക്കാൻ കൂട്ടുകാർ വിളിച്ചുകൊണ്ടുപോയപ്പോൾ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. രക്ഷയ്ക്ക് വള്ളമുണ്ടെന്ന് അറിയിച്ചാണ് ചെമ്പിൽ കായലിലേക്ക് ഉറ്റസുഹൃത്തായ മിഥുൻനാഥിനെ കൊണ്ട് വിളിപ്പിച്ച് ആദർശിനെ കൊണ്ടുപോയത്.

പ്രദേശത്തെ സുഹൃത്തുക്കൾ അപ്പോൾ അവിടെ ഉണ്ടായിരുന്നില്ല. നിലയില്ലാത്ത ഭാഗത്തേക്ക് ബോധപൂർവം കൊണ്ടുപോയി മനപൂർവം വള്ളം മുക്കിയതാണെന്നു സംശയിക്കുന്നതായും കൂടെയുള്ളവർ സഹായിച്ചില്ലെന്നും സഹായിക്കാൻ എത്തിയവർക്ക് അപകടം നടന്ന സ്ഥലം പറഞ്ഞുകൊടുത്തില്ലെന്നും പരാതിയുണ്ട്. മാർച്ചിൽ പോരുവഴി ശാസ്താംനടയിൽ വച്ച് ആദർശ് ഓടിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടിരുന്നു അന്നും ഇതേ കൂട്ടുകാർ ഒപ്പമുണ്ടായിരുന്നു. സുഹൃത്തുക്കൾ തമ്മിൽ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു. ചെമ്പിൽ കായലിന്റെ പരിസരത്ത് യുവാക്കൾ ഇപ്പോഴും സംഘടിക്കുന്നതായും ലഹരി വസ്തുക്കളുടെ വിപണനം ശക്തമാണെന്നും ഇവർക്ക് രാഷ്ട്രീയ പിൻബലമുണ്ടെന്നും രഘുനാഥൻപിള്ള പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com