ADVERTISEMENT

കടുത്ത കോവിഡ് നിയന്ത്രണങ്ങൾ വേണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശത്തിൽ ആധിയോടെ വ്യാപാരികൾ

കൊല്ലം ∙ അടുത്ത മൂന്നാഴ്ച കൂടി സംസ്ഥാനത്തു കടുത്ത കോവിഡ് നിയന്ത്രണങ്ങൾ പാലിക്കണമെന്ന ആരോഗ്യവകുപ്പിന്റെ നിർദേശത്തെത്തുടർന്ന് ആശങ്കയിൽ വ്യാപാരികൾ. നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കിയാൽ വ്യാപാരസ്ഥാപനങ്ങളുടെ നിലവിലെ ഇളവുകൾ കൂടി പിൻവലിച്ചേക്കുമോ എന്നാണ് ആശങ്ക. ജില്ലയിൽ എല്ലാ ദിവസവും കടകൾ തുറക്കാവുന്ന എ കാറ്റഗറിയിൽ 3 തദ്ദേശസ്ഥാപനങ്ങൾ മാത്രമാണുള്ളത്.2 നഗരസഭകൾ ഉൾപ്പെടെ 28 തദ്ദേശസ്ഥാപനങ്ങൾ സി കാറ്റഗറിയിലും കൊല്ലം കോർപറേഷൻ ഉൾപ്പെടെയുള്ള 25 തദ്ദേശസ്ഥാപനങ്ങൾ ബി കാറ്റഗറിയിലുമാണ്. ട്രിപ്പിൾ ലോക്ഡൗൺ നിലവിലുള്ള 17 ഇടങ്ങളിൽ അവശ്യസാധനങ്ങൾ വിൽക്കുന്നതല്ലാത്ത ഒരു കടകൾക്കും അനുമതിയുമില്ല.

നിലവിലെ നിയന്ത്രണരീതി ടിപിആർ കുറയ്ക്കാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച മുഖ്യമന്ത്രി ലോക്ഡൗൺ ഇളവുകളെപ്പറ്റി പഠിക്കാൻ കഴിഞ്ഞ ദിവസം വിദഗ്ധ സമിതിയെ നിയോഗിച്ചിരുന്നു. സർക്കാർ നിർദേശങ്ങളെ മറികടന്നും 9 മുതൽ തുറന്നു പ്രവർത്തിക്കുമെന്ന നിലപാടിലാണു വ്യാപാരികൾ.

∙വിപണിക്കും പരീക്ഷണം

ഓണമായതിനാൽ അടുത്ത മൂന്നാഴ്ചത്തെ കച്ചവടം വ്യാപാരികളെ സംബന്ധിച്ചു നിർണായകമാണ്.നിലവിൽ കാറ്റഗറി തിരിച്ചുള്ള നിയന്ത്രണങ്ങൾക്കു പുറമേ ജില്ലയിൽ ആഴ്ചകളായി കണ്ടെയ്ൻമെന്റ് സോണുകളായി തുടരുന്ന പ്രദേശങ്ങളുണ്ട്. തദ്ദേശസ്ഥാപനം കച്ചവടം അനുവദനീയമായ കാറ്റഗറിയിലാണെങ്കിൽ പോലും ഇവിടങ്ങളിൽ കടകൾക്കു താഴു വീഴും. ടിപിആർ നിയന്ത്രണങ്ങൾ മാറിമറിയുന്നതു മൂലം സ്റ്റോക്ക് എടുക്കാനാവാത്ത അവസ്ഥയിലാണു വ്യാപാരികൾ. ഓണം വിപണിക്കു വേണ്ടി സംസ്ഥാനത്തിനു പുറത്തു നിന്നു സാധനങ്ങൾക്കു വില പറഞ്ഞുറപ്പിച്ചിട്ടുണ്ടെങ്കിലും കടകൾ എത്ര ദിവസം തുറക്കാനാവുമെന്ന് ഉറപ്പില്ലാത്തതാണു വ്യാപാരികളെ കുഴയ്ക്കുന്നത്. 5 നാണ് ഇനി കാറ്റഗറി സംബന്ധിച്ച പുതിയ ഉത്തരവ് ഇറങ്ങുക.

∙ഉത്തരവ് തോന്നും പോലെ

കടകൾ അനുവദനീയമായ സ്ഥലങ്ങളിൽ പോലും പൊലീസ് അടപ്പിക്കുകയാണെന്ന വ്യാപകമായ പരാതിയും വ്യാപാരികൾക്കുണ്ട്. പൊതുമാർഗനിർദേശങ്ങളിൽ പറയുന്ന ഇളവുകൾ ഓരോ കാറ്റഗറിക്കും ഒപ്പം ചേർത്തിട്ടില്ല എന്ന വിചിത്രവാദമാണ് പലയിടത്തും പൊലീസ് ഉന്നയിക്കുന്നത്. അവശ്യസാധനങ്ങൾ വിൽക്കുന്ന കടകൾക്കും നിസ്സാര കാരണങ്ങളുടെ പേരിൽ പിഴയീടാക്കുന്നുണ്ട്. രോഗവ്യാപനം കുറഞ്ഞ സ്ഥലങ്ങളിൽ ഉയർന്ന ടിപിആർ രേഖപ്പെടുത്തുന്നത് ടെസ്റ്റ് അട്ടിമറിക്കുന്നതിലെ വീഴ്ചയാണെന്നും വകുപ്പുകളുടെ ഏകോപനമില്ലായ്മ വ്യാപാരികളെ ദ്രോഹിക്കുകയാണെന്നും ഇവർ പറയുന്നു. അടുത്ത രണ്ടാഴ്ച കൂടി സമാനമായ നില തുടർന്നാൽ വലിയ പ്രതിസന്ധിയാവും വ്യാപാരികളെ കാത്തിരിക്കുക.

ഇത് ഇരുട്ടടി
ലക്ഷക്കണക്കിനു രൂപ വായ്പയെടുത്തും കടംവാങ്ങിയുമാണു ടെക്സ്റ്റൈൽ മേഖലയിലെ വ്യാപാരികൾ കച്ചവടത്തിനിറങ്ങിയിട്ടുള്ളത്. കടകൾ തുറക്കാൻ സാധിക്കാതെ വന്നതോടെ കെട്ടിക്കിടന്ന വസ്ത്രങ്ങൾ നശിച്ചു തുടങ്ങിയിരുന്നു. ഇളവുകൾ ലഭ്യമായതോടെ പഴയ സ്റ്റോക്കുകൾ മാറ്റി വീണ്ടും പുതിയത് എത്തിച്ചെങ്കിലും ഇപ്പോഴും കടകൾ തുറക്കാൻ അനുവദിക്കാത്ത സ്ഥിതി വ്യാപാരികൾക്കു മേലുള്ള ഇരുട്ടടിയാണ്. തിങ്കൾ മുതൽ വെള്ളി വരെ കടകൾ തുറക്കാൻ അനുമതി വേണം.
എസ്. നന്ദകുമാർ, വസ്ത്ര വ്യാപാരി

അശാസ്ത്രീയം ടിപിആർ നിർണയം
ഓണക്കാലത്തെ പ്രതീക്ഷയോടെയാണ് വ്യാപാരികൾ കാത്തിരിക്കുന്നത്. അശാസ്ത്രീയമായ ടിപിആർ നിർണയം ആണ് ഏറ്റവും വലിയ പ്രതിസന്ധി. ടിപിആർ വാർഡ് തലത്തിൽ പുനർനിർണയിച്ചാൽ ഒരു പരിധി വരെ പരിഹാരമാകും. ഒന്നോ രണ്ടോ വാർഡിലെ രോഗവ്യാപനത്തിന്റെ പേരിൽ പഞ്ചായത്ത് ഒന്നാകെ അടച്ചിടുന്നത് അംഗീകരിക്കാനാവില്ല.
പി.സി.കുഞ്ഞുമോൻ, പച്ചക്കറി വ്യാപാരി

മാറ്റം വേണം
കോവിഡ് കാലത്ത് ധാരാളം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് ഇലക്ട്രിക്കൽ പ്ലമിങ് കട നടത്തുന്നവർ. ചിങ്ങത്തിൽ ഒട്ടേറെ പുതിയ വീടുകളുടെ നിർമാണം നടക്കുകയും പൂർത്തിയാക്കുകയും ചെയ്യുന്ന സമയം ആണ്. ഈ സാഹചര്യത്തിൽ കട അടച്ചിടുന്നത് താങ്ങാൻ കഴിയുന്നതിലും അപ്പുറമാണ്. ഓണക്കാലത്ത് എങ്കിലും ഈ കടകൾ തുറക്കുന്ന ദിവസത്തിലും സമയത്തിലും മാറ്റം വരുത്തണം.
സി.എസ്. മുരളീധരൻപിള്ള, ഇലക്ട്രിക്കൽ കട ഉടമ

ഞങ്ങൾക്കെന്തിന് വിലക്ക്?
ദിവസവും അവശ്യ സാധനവിൽപന സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമ്പോൾ ആഴ്ചതോറും മാറിമറിയുന്ന ടിപിആർ അടിസ്ഥാനമാക്കി മറ്റു കടകൾക്ക് നിയന്ത്രണം ഉള്ളതു ഞങ്ങളെപ്പോലെയുള്ള ചെറുകിട വ്യാപാരികളെ വിഷമിപ്പിക്കുന്നു. ഓണക്കാലമായിട്ടും മിക്കവാറും തുറക്കാനാകാതെ ഞങ്ങൾ നട്ടം തിരിയുമ്പോൾ അവശ്യസാധനങ്ങളുടെ മറവിൽ എല്ലാം ഒരു കുടക്കീഴിൽ ലഭ്യമാക്കുന്ന സ്ഥാപനങ്ങൾ ആൾത്തിരക്കോടെ പ്രവർത്തിക്കുന്നു.
എ.നിസാർ,ചെരുപ്പ് വ്യാപാരി

സ്വർണക്കടകൾ ദിവസവും തുറക്കണം
ഏറ്റവും കൂടുതൽ മുടക്കുമുതലുള്ള വ്യാപാരമേഖലയാണു സ്വർണവ്യാപാര മേഖല. വൈദ്യുതി ചാർജ്, കട വാടക, ബാങ്ക് പലിശ തുടങ്ങി ഒട്ടേറെ ആവശ്യങ്ങൾക്ക് കച്ചവടമില്ലാത്തപ്പോഴും വഴി കണ്ടെത്തേണ്ടതുണ്ട്. ഏറ്റവുമധികം വിൽപന നടക്കേണ്ട സമയമാണിത്. മാനദണ്ഡങ്ങൾ പാലിച്ചു ദിവസവും കടതുറക്കാൻ അനുവദിക്കണം എന്നാണു ഞങ്ങളുടെ ആവശ്യം.
എസ്.പളനി, സ്വർണ വ്യാപാരി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com