ADVERTISEMENT

കരുനാഗപ്പള്ളി ∙ വാക്സീൻ വിതരണത്തിലെ അനീതിയും രാഷ്ട്രീയ പക്ഷപാതവും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് പ്രസിഡന്റിനെതിരെ പ്രതികരിച്ച കോൺഗ്രസ് നേതാക്കളെയും പഞ്ചായത്ത് അംഗങ്ങളെയും സിപിഎം ഡിവൈഎഫ്ഐ നേതൃത്വത്തിൽ മർദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ്  കുലശേഖരപുരം പഞ്ചായത്ത് ഓഫിസിലേക്കു നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു.

മറ്റത്തു ജംക്‌ഷനിൽ സ്ഥാപിച്ചിരുന്ന ഡിവൈഎഫ്ഐയുടെ കൊടിമരം തള്ളിയിടാൻ മാർച്ചിനിടയിൽ ചിലർ ശ്രമിച്ചതാണ് സംഘർഷത്തിലും പൊലീസ് ലാത്തി ചാർജിലും കലാശിച്ചത്. കൊടിമരം നിൽക്കുന്ന ഭാഗത്ത് പൊലീസ് കാവൽ ഉണ്ടായിരുന്നു. ചിലർ കൊടിമരം കുലുക്കുന്നതു കണ്ട്, പൊലീസ് തടഞ്ഞതിനെ തുടർന്നു ഉന്തും തള്ളുമായി. പൊലീസ് ലാത്തി വീശിയതോടെ പ്രവർത്തകർ ചിതറി. നിരവധി പേർക്കു അടിയേറ്റു. ചിതറി ഓടിയ പ്രവർത്തകർ വീണ്ടും ഒത്തുകൂടി പൊലീസിനെതിരെ മുദ്രാവാക്യം മുഴക്കി.

സംഘർഷാവസ്ഥ ഉടലെടുത്തെങ്കിലും നേതാക്കൾ ഇടപെട്ട് പ്രവർത്തകരെ ശാന്തരാക്കി പ്രകടനം തുടർന്നു. പഞ്ചായത്ത് ഓഫിസിനു 100 മീറ്റർ അകലെ വച്ച് പ്രകടനം പൊലീസ് തടഞ്ഞു. തുടർന്നു ചേർന്ന പ്രതിഷേധ യോഗം യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എസ്.ശബരിനാഥൻ ഉദ്ഘാടനം ചെയ്തു. കോവിഡ് വാക്സിൻ വിതരണത്തിൽ ഗുരുതരമായ വീഴ്ചകളാണു സംസ്ഥാന സർക്കാരും എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളും നടത്തുന്നതെന്നു ശബരിനാഥൻ പറഞ്ഞു.

നീലികുളം സദാനന്ദൻ അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അരുൺരാജ്, ചിറ്റുമൂല നാസർ, എം.അൻസാർ, കെ.ജെ.പ്രസേനൻ, നജീബ് മണ്ണേൽ, ജി. മഞ്ചുകുട്ടൻ, കെ.എം.നൗഷാദ്, ഇർഷാദ് ബഷീർ, കെ.എസ്.പുരം സുധീർ, ബോബൻ ജി.നാഥ്, എൻ.രാജു, റാഷിദ് എ.വാഹിദ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com