ADVERTISEMENT

കൊല്ലം∙ സർക്കാരിന്റെ ഓണക്കിറ്റിൽ അനീമിയ ബോധവൽക്കരണ സീൽ പതിപ്പിക്കാൻ അങ്കണവാടി ജീവനക്കാർ സപ്ലൈകോ ഗോഡൗണുകളിൽ എത്തണമെന്ന നിർദേശത്തിനെതിരെ പ്രതിഷേധം. വനിത–ശിശു വികസന വകുപ്പിന്റെ അനീമിയ ബോധവൽക്കരണ പരിപാടിയായ ‘ക്യാംപെയ്ൻ 12’ ന്റെ പ്രചാരണാർഥമാണ് കിറ്റുകളിൽ സീൽ പതിപ്പിക്കുന്നത്. കുട്ടികൾക്കും ഗർഭിണികൾക്കും പോഷകാഹാര വിതരണം, വിവിധ സർക്കാർ സർവേകൾ, ബിഎൽഒമാരുടെ ചുതലകൾ തുടങ്ങി ജോലിഭാരംകൊണ്ട് വീർപ്പുമുട്ടുന്ന അങ്കണവാടി ജീവനക്കാർക്കു സീൽ പതിക്കുന്ന ജോലി കൂടി നൽകിയത് ജീവനക്കാരുടെ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യുന്നതാണെന്നു പരാതി ഉയർന്നിട്ടുണ്ട്. 

ഓണക്കിറ്റിനുള്ള 85 ലക്ഷം തുണി സഞ്ചികളിൽ സീൽ പതിപ്പിക്കാനായി സിവിൽ സപ്ലൈസ് ഗോഡൗണുകളിൽ അങ്കണവാടി ജീവനക്കാർ നേരിട്ടെത്താനാണ് കഴിഞ്ഞ 28ന് ഇറങ്ങിയ, വനിത–ശിശു വികസന ഡയറക്ടറുടെ ഉത്തരവിൽ പറയുന്നത്. അങ്കണവാടി പ്രവർത്തകരെ 5 പേർ വീതമുള്ള ഗ്രൂപ്പുകളായി തിരിക്കാനും ഇവരുടെ പേര്  മുൻകൂട്ടി ഡിപ്പോ മാനേജർക്കും നൽകാനും നിർദേശമുണ്ട്. അങ്കണവാടി പ്രവർത്തകർ സമയക്രമം പാലിച്ച് പരമാവധി സഞ്ചികളിൽ സീൽ പതിക്കുന്നുണ്ടെന്നു സൂപ്പർവൈസർമാർ ഉറപ്പു വരുത്തണം. 

യൂണിഫോമും തിരിച്ചറിയൽ രേഖയും സഹിതമാകണം അങ്കണവാടി പ്രവർത്തകർ ഡിപ്പോകളിൽ എത്തേണ്ടത്. ദിവസവും സീൽ ചെയ്യുന്ന സഞ്ചികളുടെ എണ്ണം ഡയറക്ടറേറ്റിൽ ലഭ്യമാക്കണം. ഓണക്കിറ്റ് വിതരണത്തിനുള്ള തുണി സഞ്ചികളെല്ലാം സീൽ ചെയ്തു തീരുന്നതുവരെ  നടപടികൾ തുടരണമെന്നും ഡിപ്പോകളുടെ പ്രവർത്തന സമയംവരെ സീൽ ചെയ്യാനായി അങ്കണവാടി പ്രവർത്തകരെ നിയോഗി‌ക്കണമെന്നും നിർദേശത്തിൽ പറയുന്നു. 

സർക്കാർ പുതുതായി നടപ്പിലാക്കുന്ന എല്ലാ കാര്യങ്ങൾക്കും ഏകപക്ഷീയമായി അങ്കണവാടി ജീവനക്കാരെ ചുമതലപ്പെടുത്തുന്നത് നീതികരിക്കാനാവില്ലെന്ന് ഐഎൻടിയുസി വനിതാ വിഭാഗം സംസ്ഥാന പ്രസിഡന്റും അങ്കണവാടി ആൻഡ് ക്രഷ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റുമായ കൃഷ്ണവേണി ജി.ശർമയും അങ്കണവാടി ക്ഷേമനിധി ബോർഡ് അംഗം ശാന്തകുമാരി അമ്മയും  പറഞ്ഞു. ബന്ധപ്പെട്ട ട്രേഡ് യൂണിയൻ പ്രതിനിധികളുമായി ഇക്കാര്യം കൂടിയാലോചിച്ചിട്ടില്ല.  അങ്കണവാടി ജീവനക്കാരുടെ തൊഴിൽ സ്ഥിരതയെ ഭീഷണിപ്പെടുത്തിയാണ് സർക്കാർ ഈ നടപടിയുമായി മുന്നോട്ട് പോകുന്നത്. ഉത്തരവ് അടിയന്തരമായി പിൻവലിച്ചില്ലങ്കിൽ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുമെന്നും അവർ പറഞ്ഞു.

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com