ADVERTISEMENT

കൊല്ലം∙ ഉത്ര വധക്കേസിൽ വിധിയറിയാൻ മൂടിക്കെട്ടിയ മനസ്സുമായി ഇന്നലെ രാവിലെ മുതൽ കേരളം കാത്തിരിക്കുമ്പോൾ കോടതിക്കു പുറത്ത് കോരിച്ചൊരിയുന്ന മഴയായിരുന്നു. കൊല്ലം  ആറാം അഡിഷനൽ സെഷൻസ് കോടതി പരിസരത്ത് രാവിലെ മുതൽ വലിയ ജനക്കൂട്ടമായിരുന്നു. വിധി അറിയാൻ രാവിലെ തന്നെ ഉത്രയുടെ പിതാവും  സഹോദരനും കോടതിയിലെത്തി. 

ഉച്ചയ്ക്കു 12നു ശേഷം പ്രതി സൂരജിനെ ഹാജരാക്കാനായിരുന്നു കോടതി നിർദേശം. രാവിലെ 12.10ന് സൂരജിനെ കോടതി വളപ്പിൽ എത്തിച്ചു. തടിച്ചുകൂടിയ ആൾക്കൂട്ടത്തെ മാറ്റി നിർത്തി പൊലീസ് സുരക്ഷയിൽ കെട്ടിടത്തിന്റെ മൂന്നാം നിലയിലേക്ക്. 12.12ന് സൂരജ് കോടതി മുറിക്കുള്ളിലെത്തി. അര മണിക്കൂറിന് ശേഷമാണ് ജഡ്ജി ചേംബറിൽ നിന്ന് കോടതി മുറിയിലേക്കു വന്നത്. 12.43ന് സൂരജ് കുറ്റക്കാരനാണെന്ന വിധി പ്രസ്താവം വന്നു. 

സൂരജിനെ കുറ്റങ്ങൾ വായിച്ചു കേൾപ്പിച്ചു. ഭാവവ്യത്യാസമില്ലാതെയാണ് സൂരജ് കേട്ടു നിന്നത്.  സമീപത്തേക്കു വിളിച്ച് എന്തെങ്കിലും പറയാനുണ്ടോ എന്നു കോടതി ചോദിച്ചപ്പോൾ അച്ഛനും അമ്മയും സഹോദരിയുമാണ് ഉള്ളതെന്ന് മാത്രം സൂരജ് പറഞ്ഞു. സ്വന്തം കുഞ്ഞിനെക്കുറിച്ച് ഒരക്ഷരം പറഞ്ഞതുമില്ല. അപ്പോഴെല്ലാം കോടതിക്കു നേരെ  കൈകൂപ്പി നിൽക്കുകയായിരുന്നു സൂരജ്. 

തുടർന്ന് ശിക്ഷയെക്കുറിച്ചുള്ള പ്രോസിക്യൂഷൻ വാദവും എതിർവാദവും നടന്നു. 1.05ന്, ശിക്ഷാവിധി 13ന് ആയിരിക്കുമെന്ന് കോടതി പറഞ്ഞു. ഏറെ ശ്രമപ്പെട്ടാണ് തിരിച്ചും സൂരജിനെ പൊലീസ് ജീപ്പിലേക്കു കൊണ്ടുപോയത്. എസിപി ജി.ഡി.വിജയകുമാറിന്റെയും ഡിസിആർബി എസിപി എ.പ്രദീപ് കുമാറിന്റെയും നേതൃത്വത്തിൽ കനത്ത സുരക്ഷയാണ് പ്രതിക്കും പ്രോസിക്യൂഷനും ഒരുക്കിയിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com