തെളിവായി ഈ ചിത്രം, വധിക്കാനായത് മൂന്നാം ശ്രമത്തിൽ; സാക്ഷികളില്ലാത്ത കേസ് തെളിയിച്ചത് ഇങ്ങനെ..

പാമ്പ് പിടുത്തക്കാരൻ ചാവരുകാവ് സുരേഷ് നൽകിയ പാമ്പിനെ കയ്യിലെടുത്തു നിൽക്കുന്ന സൂരജ്. പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള സൂരജിന്റെ വൈദഗ്ധ്യത്തിനു തെളിവായി പൊലീസ് കേസ് ഡയറിയിൽ ഉൾപ്പെടുത്തിയ ഫോട്ടോ.
പാമ്പ് പിടുത്തക്കാരൻ ചാവരുകാവ് സുരേഷ് നൽകിയ പാമ്പിനെ കയ്യിലെടുത്തു നിൽക്കുന്ന സൂരജ്. പാമ്പുകളെ കൈകാര്യം ചെയ്യാനുള്ള സൂരജിന്റെ വൈദഗ്ധ്യത്തിനു തെളിവായി പൊലീസ് കേസ് ഡയറിയിൽ ഉൾപ്പെടുത്തിയ ഫോട്ടോ.
SHARE

കൊട്ടാരക്കര∙ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതിന് രാജ്യത്ത് പൊലീസ് റജിസ്റ്റർ ചെയ്ത മൂന്നാമത്തെ കേസ്. തെളിവുകളില്ലാത്തതിനാൽ മറ്റു രണ്ട് കേസുകളിലെയും പ്രതികളെ വിട്ടയയ്ക്കുകയായിരുന്നു.  മഹാരാഷ്ട്രയിലെ പുണെയിലും നാഗ്പുരിലും നടന്ന സമാന കൊലപാതകക്കേസുകളിലെ വിധികൾ കൊല്ലം റൂറൽ പൊലീസ് പരിശോധിച്ചിരുന്നു.  വയോധികരായ ദമ്പതികളാണ് നാഗ്പുരിൽ മരിച്ചത്. പുണെയിൽ ഗൃഹനാഥനും. ഈ കേസുകളിൽ ശാസ്ത്രീയ തെളിവുകൾ ഹാജരാക്കാൻ പൊലീസിനു കഴിഞ്ഞിരുന്നില്ല. 

ഉത്രയുടെ അച്ഛൻ വിജയസേനനും സഹോദരൻ വിഷുവും വിധി കേൾക്കാൻ കോടതിയിൽ എത്തിയപ്പോൾ.
ഉത്രയുടെ അച്ഛൻ വിജയസേനനും സഹോദരൻ വിഷുവും വിധി കേൾക്കാൻ കോടതിയിൽ എത്തിയപ്പോൾ.

എന്നാൽ സാക്ഷികളില്ലാത്ത ഉത്ര കേസിൽ സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പരമാവധി ശേഖരിച്ചായിരുന്നു എസ്പി ഹരി ശങ്കറിന്റെ നേതൃത്വത്തിലുള്ള  അന്വേഷണം. പാമ്പ് പിടുത്തക്കാരൻ വാവ സുരേഷ് മുതൽ നാഷനൽ സെന്റർ ഫോർ ബയോളജിക്കൽ റിസർച് കേന്ദ്രം വരെ അന്വേഷണത്തിന്റെ  ഭാഗമായി.  വെല്ലുവിളി നിറഞ്ഞതായിരുന്നു  അന്വേഷണം. വിഷയ വിദഗ്ധരെ ഉൾപ്പെടുത്തി പല സംഘങ്ങൾ രൂപീകരിച്ചു.

സൂരജ് നാട്ടുകാർക്കു മുന്നിൽ നടത്തിയ പാമ്പ് പരിശീലനത്തെക്കുറിച്ചുള്ള വിവരങ്ങളാണ് കേസ് അന്വേഷണത്തിന് ഏറെ സഹായമായത് . തുടർന്ന് അന്വേഷണം പാമ്പ് പിടുത്തക്കാരൻ ചാത്തന്നൂർ ചാവരുകാവ് സ്വദേശി സുരേഷിലേക്ക് എത്തി. രണ്ടു പാമ്പുകളെ സൂരജിനു വിറ്റെന്ന് സുരേഷ് സമ്മതിച്ചതോടെ  കൊലപാതകമാണെന്ന സൂചനയായി . ഇതോടെ സൂരജ് നിരീക്ഷണത്തിലായി. ഉത്രയെ കടിച്ച മൂർഖൻ പാമ്പിന്റെ ജ‍ഡം വിദഗ്ധരുടെ സാന്നിധ്യത്തിൽ പോസ്റ്റ്മോർട്ടം ചെയ്തും തെളിവുകൾ ശേഖരിച്ചിരുന്നു.  

കൊലപ്പെടുത്താൻ ഉപയോഗിച്ചെന്നു കരുതുന്ന അണലിയും മൂർഖനുമായി സൂരജ് നിൽക്കുന്ന ചിത്രങ്ങൾ  നിർണായകമായി തെളിവായി. ജന്തുമൃഗ പരിപാലനവുമായി ബന്ധപ്പെട്ട ഓൺലൈൻ ക്ലബ്ബുകളിൽ സൂരജ് അംഗമായിരുന്നു.   പാമ്പിന്റെ തലയ്ക്കടിച്ച് പ്രകോപിപ്പിച്ച് കടിപ്പിച്ചെന്നും ശാസ്ത്രീയമായി പൊലീസ് തെളിയിച്ചു. ഏഴു ദിവസം പാമ്പിനു ഭക്ഷണം കൊടുത്തിരുന്നില്ല.  ഭക്ഷണം നൽകാതെ പാമ്പിനെ കുപ്പിയിൽ സൂക്ഷിച്ചതായി ചോദ്യം ചെയ്യലിൽ സൂരജ് പറഞ്ഞിരുന്നു.  

വധിക്കാനായത്  മൂന്നാം ശ്രമത്തിൽ

തന്റെ വീട്ടിൽ സ്റ്റെയർകേസിൽ അണലിയെ ഇട്ടു കടിപ്പിച്ച് കൊലപ്പെടുത്താനായിരുന്നു സൂരജിന്റെ ആദ്യ ശ്രമം. അതു നടക്കാതെ വന്നപ്പോൾ  കിടപ്പു മുറിയിൽ  പാമ്പിനെയിട്ട് കടിയേൽപ്പിക്കാൻ പദ്ധതിയിട്ടു . ഇതു വിജയിച്ചെങ്കിലും ഉത്ര മരിച്ചില്ല. 

പിന്നീടാണ്  ഉത്രയുടെ വീട്ടിലെത്തി മൂർഖനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുന്നത് . ''സ്വന്തം ഭാര്യയെ ഉഗ്രവിഷമുള്ള പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുക. ഭാര്യ മരിക്കുന്നത് മണിക്കൂറുകളോളം നോക്കിയിരുന്ന് ആസ്വദിക്കുക'' .അസാധാരണ കുറ്റവാളിയാണെന്നാണ് സൂരജ് എന്നാണ് കേസ് ഡയറിയിൽ ഉള്ളത്. 

അലർജി ഗുളികകളും പാരസെറ്റമോളും കൂടുതൽ അളവിൽ പൊടിച്ച് പഴച്ചാറിൽ കലർത്തി ഉത്രയെ കുടിപ്പിച്ച് ബോധരഹിതയായ ശേഷമാണ് ഇടതു കൈത്തണ്ടയിൽ രണ്ടു തവണ മൂർഖനെക്കൊണ്ട് കടിപ്പിച്ച് മരണം ഉറപ്പാക്കിയത്. വിഷപ്പാമ്പുമായി സൂരജും സഹായി ചാവരുകാവ് സുരേഷും സഞ്ചരിച്ച വാഹനങ്ങളും പൊലീസ് പിടിച്ചെടുത്തു. ഇതും തെളിവായി.

പ്രതികരിക്കാതെ സൂരജിന്റെ കുടുംബം 

അടൂർ∙ ഉത്ര വധക്കേസിൽ ഭർത്താവ് സൂരജ് കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയപ്പോൾ പ്രതികരിക്കാതെ സൂരജിന്റെ കുടുംബം. സൂരജിന്റെ പറക്കോട്ടെ ശ്രീസൂര്യയിൽ വീട് ഇന്നലെ അടഞ്ഞു കിടക്കുകയായിരുന്നു. സൂരജിന്റെ പിതാവ് സുരേന്ദ്രൻ, അമ്മ രേണുക, സഹോദരി സൂര്യ എന്നിവർ സ്ഥലത്തുണ്ടെന്ന് പറയുന്നുണ്ടെങ്കിലും ആരും പുറത്തേക്കിറങ്ങിയില്ല. പ്രതികരണത്തിനു ശ്രമിച്ചെങ്കിലും അതിനും തയാറായില്ല. 

ഈ കേസിൽ സൂരജിനെ അറസ്റ്റ് ചെയ്ത സമയത്ത് മകൻ കുറ്റക്കാരനല്ലെന്നും നിരപരാധിയാണെന്നും അവനെക്കൊണ്ട് കുറ്റം സമ്മതിപ്പിച്ചതാണെന്നുമാണ് അച്ഛനും അമ്മയും പറഞ്ഞിരുന്നത്. ഉത്രയുടെ മരണത്തിനു ശേഷം ബാങ്ക് ലോക്കറിൽ നിന്ന് ഉത്രയുടെ സ്വർണാഭരണങ്ങൾ സൂരജ് എടുത്തതായി പൊലീസിന്റെ പരിശോധനയിലൂടെ തെളിഞ്ഞിരുന്നു. ഈ സ്വർണാഭരണങ്ങൾ പിന്നീട് സൂരജിന്റെ വീടിനോട് ചേർന്നുള്ള സ്ഥലത്ത് കുഴിച്ചിട്ടതായി കണ്ടെത്തുകയും ചെയ്തിരുന്നു.

ഒന്നുമറിയാതെ ആർജവ്

അഞ്ചൽ ∙ അമ്മയുടെ േവർപാടിന്റെ വേദന അറിയാതെ, അച്ഛൻ ചെയ്ത കൊടും ക്രൂരതയുടെ ആഴമോ അതിനു നിയമം നൽകാൻ പോകുന്ന ശിക്ഷകളെക്കുറിച്ചോ അറിയാതെ ഏറം വെള്ളശേരിലെ അമ്മ വീട്ടിൽ ഓടിക്കളിക്കുകയായിരുന്നു. ഉത്രയുടെ മകൻ  രണ്ടര വയസ്സുകാരൻ ആർജവ് . ഉത്രയുടെ മരണത്തിനു ശേഷം സൂരജിന്റെ സംരക്ഷണയിൽ ആയിരുന്ന കുഞ്ഞിനെ നിയമസഹായത്തോടെയാണ് ഉത്രയുടെ  കുടംബത്തിനു ലഭിച്ചത്.  

കേസിന്റെ വിധിദിനം അടുത്തതോടെ വീട്ടിൽ ഒട്ടേറെ ആളുകൾ എത്തിയതിനാൽ  കുടുംബാംഗങ്ങൾ കുഞ്ഞിനെ ആൾക്കൂട്ടത്തിൽ നിന്നു  സുരക്ഷിതനാക്കി.  മകൾ നഷ്ടപ്പെട്ടതിന്റെ വേദന കുറച്ചെങ്കിലും മറക്കുന്നത് ആർജവിന്റെ കളികളും ചിരിയും കാണുമ്പോഴാണെന്നു ഉത്രയുടെ അച്ഛൻ വിജയസേനനും അമ്മ മണിമേഖലയും പറയുന്നു. മകൾക്ക് നല്ലൊരു ജീവിതം സ്വപ്നം കണ്ടു, പക്ഷേ ലഭിച്ചതു തീരാവേദന. ഇനി ഈ  കുഞ്ഞിനെ വളർത്തണം, അവനു ശോഭനമായ ഭാവി ഒരുക്കണം അതാണു ലക്ഷ്യം - വിജയസേനൻ പറയുന്നു . ഉത്രയുടെ സഹോദരൻ  വിഷുവുമായും ആർജവ് നല്ല ചങ്ങാത്തത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

അടച്ചുപൂട്ടുമോ ഒമിക്രോൺ? ആശങ്ക– എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA