ADVERTISEMENT

കൂട്ടിക്കട  ∙ ഒഴുക്കുള്ള തോട്ടിൽ വീണു മുങ്ങിപ്പോയ പ്ലസ് വൺ വിദ്യാർഥിനിയെ രക്ഷപ്പെടുത്തി വീട്ടമ്മയും മകളും. മയ്യനാട് കൂട്ടിക്കട കരിവാംകുഴിത്തോട്ടിൽ ഇന്നലെ രാവിലെ 8.45നായിരുന്നു സംഭവം. കൂട്ടിക്കട ആയിരംതെങ്ങ് ചേരി വൈക്കത്തോട്ടത്ത് വീട്ടിൽ ഒ‍ാമനക്കുട്ടന്റെയും ജലജയുടെയും മകളും മയ്യനാട് വെള്ളമണൽ ഗവഎച്ച്എസ്എസിലെ പ്ലസ് വൺ വിദ്യാർഥിനിയുമായ നന്ദന(17) ആണ് ഒഴുക്കുള്ള തോട്ടിൽ വീണത്. ഇതിനു സമീപത്തെ ഖദീജ മൻസിലിൽ ആരിഫത്ത് ബീവിയും മകൾ ഷെഹ്ന ഷാനവാസുമാണു രക്ഷകരായത്. 

പ്ലസ് വൺ അവസാന പരീക്ഷ എഴുതാനായാണു നന്ദന സ്കൂളിലേക്കു പോയത്.  വഴിയിൽ ചെളിയും വെള്ളവും കിടന്നതിനാൽ   തോടിന്റെ കൈവരിക്കു മുകളിലൂടെ നടന്നുവരുമ്പോഴാണു കാൽ വഴുതി തോട്ടിലേക്കു വീണത്. 10 അടി വീതിയും 5 മീറ്റർ ആഴവുമുള്ള തോടാണിത്. തോട്ടിൽ വീണ നന്ദന 2 തവണ മുങ്ങിത്താഴുകയും 5 മീറ്റർ ദൂരം ഒഴുകിപ്പോകുകയും ചെയ്തു. നിലവിളി ആദ്യം  കേട്ടതു ഷെഹ്നയുടെ മകൾ 9 വയസ്സുകാരി ഹാജിറയാണ്. കുട്ടി വിവരമറിയിച്ചതോടെയാണു ഷെഹ്ന ആരിഫത്ത് ബീവിയെയും കൂട്ടി ഓടിയെത്തിയത്.   

നന്ദനയെ പിടിച്ചുകയറ്റാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഒടുവിൽ ഇരുവരും തോട്ടിലേക്കു ചാടിയിറങ്ങി  രക്ഷപ്പെടുത്തുകയായിരുന്നു. വെള്ളം കുടിച്ച് അവശയായ നന്ദനയ്ക്കു പ്രാഥമിക ശുശ്രൂഷ നൽകിയശേഷം വീട്ടുകാരെ വിവരമറിയിച്ചു.   അസ്വസ്ഥത മാറിയതോടെ പിന്നീടു വീട്ടുകാർക്കൊപ്പം സ്കൂളിലേക്കു പരീക്ഷയെഴുതാനായി  പോവുകയും ചെയ്തു.   ആരിഫത്ത് ബീവിക്കും മകൾക്കും ഹൃദയംനിറഞ്ഞ നന്ദി അറിയിച്ചാണു മടങ്ങിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com