ADVERTISEMENT

ചവറ∙ ശങ്കരമംഗലത്തെ കോവിഡ് രണ്ടാംനിര ചികിത്സാകേന്ദ്രത്തിനു ചവറ കെഎംഎംഎൽ കോടികൾ ചെലവിട്ടു വാങ്ങി നൽകിയ കിടക്കകൾ, ഫ്രിജുകൾ, കൂളറുകൾ, വാഷിങ് മെഷീനുകൾ, ടിവികൾ, കസേരകൾ ഉൾപ്പെടെ ഇടത് അനുകൂല സംഘടനകൾക്കു നൽകിയതിനെച്ചൊല്ലി വിവാദം കൊഴുക്കുന്നു. മാനദണ്ഡങ്ങളൊന്നും പാലിക്കാതെ ദേശീയ ആരോഗ്യദൗത്യം (എൻഎച്ച്എം) ജില്ലാ അധികൃതർ ഫർണിച്ചറും ഉപകരണങ്ങളും ഉൾപ്പെടെ വിതരണം ചെയ്തതാണു വിവാദമായത്. സർക്കാർ ആശുപത്രികൾക്കു മാത്രം നൽകാനാണു തീരുമാനമെങ്കിലും ഏറെയും കിട്ടിയത് ഇടത് അനുകൂല സംഘടനകൾക്ക് ! 

കോവിഡ് വ്യാപനം അതിരൂക്ഷമായ വേളയിൽ 5 കോടി രൂപ ചെലവിട്ടാണ്  ഓക്സിജൻ സൗകര്യത്തോടെ 854 കിടക്കകൾ ശങ്കരമംഗലം ഗവ.ഹയർസെക്കൻഡറി സ്കൂളിലും സ്കൂൾ ഗ്രൗണ്ടിലുമായി കെഎംഎംഎൽ ഒരുക്കിയത്. ചെലവാക്കിയ തുക കെഎംഎംഎല്ലിനു തിരിച്ചു കൊടുക്കുമെന്നു നേരത്തേ സർക്കാർ വ്യക്തമാക്കിയിരുന്നു. ഫലത്തിൽ കിടക്കകൾ ഉൾപ്പെടെ വാങ്ങിയത് പൊതുഫണ്ട് ഉപയോഗിച്ചാണെന്നു വ്യക്തം. സ്കൂളിലെ 250 കിടക്കകളാണ് ആശുപത്രി സേവനത്തിനു വേണ്ടിവന്നത്. ഗ്രൗണ്ടിൽ ഒരുക്കിയ 604 കിടക്കകൾ ഉപയോഗിക്കേണ്ടി വന്നില്ല. നിലവിൽ, ഗ്രൗണ്ടിലെ താൽക്കാലിക ഷെഡിൽ 354 കിടക്കകൾ നിലനിർത്തി ബാക്കി നീക്കം ചെയ്യുന്ന ജോലികൾ നടന്നുവരികയാണ്. 

  ദേശീയ ആരോഗ്യ ദൗത്യം ഓഫിസ് ആർവൈഎഫ് പ്രവർത്തകർ  ഉപരോധിക്കുന്നു
ദേശീയ ആരോഗ്യ ദൗത്യം ഓഫിസ് ആർവൈഎഫ് പ്രവർത്തകർ ഉപരോധിക്കുന്നു

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ആശുപത്രി മാറ്റാനും ഫർണിച്ചറും ഉപകരണങ്ങളും നീക്കാനും അടുത്തിടെ കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചിരുന്നു. ഈ മാസം 20നു മുൻപ് സ്കൂൾ ഒഴിയാനും കിടക്കകൾ ഉൾപ്പെടെയുള്ളവ ജില്ലാ ആശുപത്രിക്ക് ആവശ്യമെങ്കിൽ നൽകാനായിരുന്നു തീരുമാനം.  ഇതിനായി എൻഎച്ച്എം ജില്ലാ പ്രോജക്ട് മാനേജറെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിന്റെ മറവിലാണു ഉപകരണങ്ങൾ വാരിക്കോരി വിതരണം ചെയ്തത്. സാംസ്കാരിക സംഘടനകൾ, അഭയകേന്ദ്രങ്ങൾ തുടങ്ങിയവയ്ക്ക്  ഫർണിച്ചറും ഉപകരണങ്ങളും എൻഎച്ച്എം കൈമാറിയതു രാഷ്ട്രീയ താൽപര്യത്തിനാണെന്നാണ് ആരോപണം. അപേക്ഷ ക്ഷണിച്ച ശേഷമാണു വിതരണം ചെയ്തതെന്നു പറയുന്നുണ്ടെങ്കിലും ഇതിനു സ്ഥിരീകരണമില്ല. 

ജില്ലാ– ബ്ലോക്ക്– ഗ്രാമപ്പഞ്ചായത്ത് അധികൃതർ അറിയാതെയായിരുന്നുവത്രേ ഇത്.  600 ഇരുമ്പു– തടി കട്ടിലുകൾ, 600  കസേരകൾ, കസേരകൾ, ഫ്രിജുകൾ, കൂളറുകൾ, ഫാനുകൾ, വാഷിങ് മെഷീനുകൾ തുടങ്ങിയവയാണു കൈമാറിയത്.   ലഭിച്ച ഉപകരണങ്ങൾ ക്ലബ്ബുകൾ ഉൾപ്പെടെയുള്ള സംഘടനകൾ ചില പ്രദേശങ്ങളിൽ നൽകുന്നതിന്റെ വിവരങ്ങളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കു വച്ചതോടെയാണ് ഇവ കോവിഡ് ആശുപത്രിയിലേക്കു വാങ്ങിയവയാണെന്ന വിവരം വെളിച്ചത്തായത്. ജില്ലാ ഭരണകൂടത്തിന്റെ നിർദേശ പ്രകാരം മാനദണ്ഡങ്ങളും പാലിച്ചാണ് ഉപകരണങ്ങൾ കൈമാറിയതെന്നാണ് എൻഎച്ച്എം അധികൃതരുടെ വിശദീകരണം. സംഭവത്തിൽ പ്രതിഷേധവുമായി യുഡിഎഫ് രംഗത്തെത്തിയിട്ടുണ്ട്. 

ആർവൈഎഫ് ഉപരോധിച്ചു

ചവറ ശങ്കരമംഗലം സ്കൂളിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന കോവിഡ് സെന്ററിലെ കസേരകൾ, കട്ടിലുകൾ കിടക്കകൾ, ടിവി, ഫ്രിജ്, വാഷിങ് മെഷീൻ തുടങ്ങിയവ ഇഷ്ടക്കാർക്കും സ്വന്തക്കാർക്കും ദേശീയ ആരോഗ്യദൗത്യം അധികൃതർ വിതരണം ചെയ്തെന്ന് ആരോപിച്ച് ആർവൈഎഫ് എൻഎച്ച്എം ഓഫിസ് ഉപരോധിച്ചു. ജില്ലാ സെക്രട്ടറി സുഭാഷ് എസ്. കല്ലട ഉദ്ഘാടനം ചെയ്തു. വിഷ്ണു മോഹൻ അധ്യക്ഷത വഹിച്ചു. നേതാക്കളായ ഫെബി സ്റ്റാലിൻ, ഉല്ലാസ് ശക്തികുളങ്ങര, ത്രിദീപ് ആശ്രമം,സുധീഷ് കുണ്ടറ,ആനന്ദ് ഷൈൻ തുടങ്ങിയവർ നേതൃത്വം നൽകി. നേരിയ സംഘർഷത്തിനൊടുവിൽ സമരക്കാരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കി.

‘അറിഞ്ഞതേയില്ല’

കിടക്കകൾ ഉൾപ്പെടെ വിതരണം ചെയ്തതിനെക്കുറിച്ചു കോവിഡ് ആശുപത്രിയുടെ മേൽനോട്ടച്ചുമതലയുള്ള ജില്ലാ പഞ്ചായത്തിനെപ്പോലും അറിയിച്ചില്ലെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ. ജില്ലാ ദുരന്ത നിവാരണ സമിതിയുടെ കോ– ചെയർമാൻ കൂടിയായ തന്നെപ്പോലും അറിയിക്കാതെയാണു വിതരണം ചെയ്തത്. സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി ശങ്കരമംഗലം ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ കോവിഡ് ആശുപത്രിയിൽ നിന്നു ബാക്കിയുള്ള കിടക്കകൾ ഉൾപ്പെടെ ജില്ലാ ആശുപത്രിക്ക് ആവശ്യമെങ്കിൽ കൈമാറാനായിരുന്നു തീരുമാനം.

അനുയോജ്യമല്ലാത്തതിനാൽ ആവശ്യമില്ലെന്നു ജില്ലാ ആശുപത്രി അധികൃതർ അറിയിച്ചു. പിന്നീട് ഒരു ആലോചനയും ഉണ്ടായില്ല. ജില്ലാ ആശുപത്രിക്കു വേണ്ടി വൃദ്ധ സദനങ്ങൾ, അഭയ കേന്ദ്രങ്ങൾ തുടങ്ങിയവയ്ക്കു നൽകാമായിരുന്നു. ആർക്കൊക്കെ കൊടുത്തു, എങ്ങോട്ടു കൊണ്ടുപോയി എന്നതിനെക്കുറിച്ചൊന്നും അറിയില്ലെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com