ADVERTISEMENT

കൊല്ലം ∙ ബഹ്റൈൻ ഏഷ്യൻ സ്കൂളിൽ പഠിച്ചിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിനിക്കു തുടർപഠനത്തിന് എൻഒസി നൽകാൻ കുട്ടിയുടെ പിതാവിനോടു നിർദേശിച്ചു സംസ്ഥാന ബാലാവകാശ കമ്മിഷൻ ഉത്തരവായി. നിയമപരമായി വിവാഹബന്ധം വേർപിരിഞ്ഞിട്ടില്ലാത്ത അച്ഛൻ, അമ്മയുടെ വീസ റദ്ദാക്കുകയും തന്നെയും അമ്മയെയും നാട്ടിലെത്തിച്ച ശേഷം ഉപേക്ഷിച്ചുവെന്നും ബഹ്റൈനിലെ സ്കൂളിൽ പഠിക്കുന്നതിനുള്ള അവസരം നിഷേധിച്ചുവെന്നും കാണിച്ചുള്ള കുട്ടിയുടെ പരാതി പരിഗണിച്ചു കമ്മിഷൻ അംഗം റെനി ആന്റണിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ഉത്തരവ് കൈപ്പറ്റി ഒരാഴ്ചയ്ക്കുള്ളിൽ കുട്ടിക്ക് എൻഒസി നൽകണം. കുട്ടിയോടൊപ്പം ബഹ്റൈനിൽ പോകുന്നതിനുള്ള വീസ ആവശ്യങ്ങൾക്ക് അമ്മയ്ക്ക് എൻഒസി ഇ–മെയിലായി അയയ്ക്കണമെന്നും നിർദേശിച്ചു. കുട്ടികളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസംഘടന നടത്തിയ പ്രഖ്യാപനം ബഹ്റൈൻ അംഗീകരിച്ചിട്ടുള്ളതാണ്. ഉത്തരവ് അനുസരിക്കാത്ത പക്ഷം കുട്ടിക്ക് അമ്മയോടൊപ്പം ബഹ്റൈനിൽ പോകാനും തുടർപഠനത്തിനുള്ള എൻഒസി ഉൾപ്പെടെ ലഭ്യമാക്കാനും ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ നടപടി സ്വീകരിക്കണമെന്നു കമ്മിഷൻ ശുപാർശ ചെയ്തു.

നടപടി സംബന്ധിച്ച് 30 ദിവസത്തിനകം റിപ്പോർട്ട് നൽകാനും നിർദേശം നൽകി. തിരുവല്ല സ്വദേശിയായ കുട്ടി മാതാപിതാക്കൾക്കൊപ്പം ബഹ്റൈനിൽ താമസിക്കുകയായിരുന്നു. കുടുംബപ്രശ്നങ്ങളെ തുടർന്ന് ഈയിടെ കുട്ടിയെയും അമ്മയെയും കേരളത്തിൽ വിട്ട് അച്ഛൻ ബഹ്റൈനിൽ പോകുകയും അവരറിയാതെ ടിസി വാങ്ങി നാട്ടിലേക്ക് അയയ്ക്കുകയുമായിരുന്നു. കമ്മിഷൻ കൂടിക്കാഴ്ചയിൽ അമ്മയോടൊപ്പം കുട്ടി പങ്കെടുത്തു. അച്ഛൻ ഹാജരായില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com