കാവാരിക്കുളം കണ്ഠൻ കുമാരന്റെ ജന്മദിനാഘോഷം നാളെ

കണ്ഠൻ കുമാരൻ
കണ്ഠൻ കുമാരൻ
SHARE

കൊല്ലം∙സാമൂഹിക പരിഷ്കർത്താവും പ്രജാസഭാ അംഗവും സാംബവ സമുദായ സംഘടനയുടെ സ്ഥാപക നേതാവുമായ കാവാരിക്കുളം കണ്ഠൻ കുമാരന്റെ 158–ാം ജന്മദിനാഘോഷം നാളെ.  അഞ്ചൽ ബ്ലോക്ക് ഹൗസിങ് സഹകരണ സംഘം ഹാളിൽ 10നു സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ഇളമാട് ഗോപി അധ്യക്ഷത വഹിക്കും. ശ്രീമൂലം പ്രജാസഭാ അംഗമായിരുന്ന കണ്ഠൻ കുമാരൻ തിരുവിതാംകൂറിൽ 52 ഏകാധ്യാപക വിദ്യാലയങ്ങൾ സ്ഥാപിച്ചു.

ഈ വിദ്യാലയങ്ങൾ പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ഗവ. വെൽഫെയർ സ്കൂളുകളായി മാറുകയും ചെയ്തു. 1915 മുതൽ 1932 വരെ ആണ് പ്രജാസഭാ അംഗമായി പ്രവർത്തിച്ചത്. ദിവസങ്ങളോളം കാൽനടയായി സഞ്ചരിച്ചാണു തിരുവനന്തപുരത്ത് പ്രജാസഭാ യോഗത്തിനെത്തിയിരുന്നത്. പാവപ്പെട്ട വിദ്യാർഥികൾക്ക്  ഉച്ചഭക്ഷണം, ലപ്സം ഗ്രാന്റ് എന്നിവ അനുവദിക്കണമെന്ന് പ്രജാസഭയിൽ ആദ്യമായി ആവശ്യപ്പെട്ടതു കണ്ഠൻ കുമാരൻ ആണ്. വിദ്യാർഥികൾക്ക് സ്കോളർഷിപ്,സർക്കാർ സർവീസിൽ ജോലി ലഭിക്കുന്നതിനുള്ള തടസ്സം, ഈറ്റത്തൊഴിലാളികളുടെ പ്രശ്നങ്ങൾ തുടങ്ങിയവ അദ്ദേഹം പ്രജാസഭയുടെ ശ്രദ്ധയിൽ കൊണ്ടുവന്നു.

ഭൂപ്രശ്നം ഉന്നയിച്ചു വിവിധ സ്ഥലങ്ങളിൽ ഭൂമി പതിച്ചു വാങ്ങി. സാംബവ സമുദായം നേരിട്ടിരുന്ന വെല്ലുവിളികൾ അതിജീവിക്കുന്നതിന് 1911ൽ ബ്രഹ്മ പ്രത്യക്ഷ സാധുജന പറയർ സഭയ്ക്കു രൂപം നൽകി. പരിഷ്കൃത ജീവിതത്തെക്കുറിച്ചുള്ള ബോധവൽക്കരണം, വിദ്യാഭ്യാസം, തൊഴിൽ,  വ്യവസായം,  ഭൂമിക്കും അതിൽ കൃഷി ചെയ്യുന്നതിനുമുള്ള അവകാശം, വസ്ത്ര– ശരീര– പരിസര ശുദ്ധി എന്നിവയിൽ ഊന്നിയായിരുന്നു സംഘടനയുടെ പ്രവർത്തനം.

1863 ഒക്ടോബർ 25നു മല്ലപ്പള്ളി പെരുമ്പട്ടി ഗ്രാമത്തിൽ കണ്ഠന്റെയും മാണിയുടെയും മകനായി ജനിച്ച കുമാരൻ, 1934 ഒക്ടോബർ 16 നാണു വിടപറഞ്ഞത്. കണ്ഠൻ കുമാരൻ സ്ഥാപിച്ച സ്കൂളുകൾക്ക് അദ്ദേഹത്തിന്റെ പേരു നൽകണമെന്നും  സാംസ്കാരിക വകുപ്പ് തിരുവനന്തപുരത്ത് പൂർണകായ പ്രതിമ സ്ഥാപിക്കണമെന്നും സാംബവ മഹാസഭ ആവശ്യം ഉന്നയിക്കുന്നുണ്ടെന്നു ജില്ലാ സെക്രട്ടറി സജി ചെറുവക്കൽ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

സ്നേഹിക്കാനല്ല മനുഷ്യന്‍ ഭൂമിയില്‍ പിറക്കുന്നത് | Shine Tom Chacko Latest Interview

MORE VIDEOS
FROM ONMANORAMA