ADVERTISEMENT

പുനലൂർ ∙ തോട്ടിൽ കാൽ കഴുകാൻ ഇറങ്ങിയപ്പോൾ മൂർഖൻ പാമ്പിന്റെ കടിയേൽക്കുകയും പാമ്പിനെ വനപാലകർക്ക് കൈമാറുകയും ചെയ്ത യുവാവ് ഒരുമണിക്കൂറിനു ശേഷം മരിച്ചു. തെന്മല പഞ്ചായത്തിലെ ഇടമൺ– 34 ഉദയഗിരി നാലുസെന്റ് കോളനിയിൽ ആശാഭവനിൽ സി.കെ.ബിനു (36) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി എട്ടോടെ കരവാളൂർ പഞ്ചായത്തിലെ മാത്ര കലുങ്ങുംമുക്ക് ഏലായിലെ തോട്ടിലായിരുന്നു സംഭവം.  തൊളിക്കോട്ടെ സഹോദരിയുടെ വീട്ടിൽ പോയി മടങ്ങുംവഴി ബിനു കാൽ കഴുകാൻ തോട്ടിലിറങ്ങിയപ്പോഴാണ് കടിയേറ്റതെന്ന് പരിസരവാസികൾ പറഞ്ഞു. 

ഉടൻ തന്നെ മൊബൈൽ ഫോണിലെ ലൈറ്റ് തെളിച്ച് കടിച്ച പാമ്പിനെ കണ്ടെത്തി പിടികൂടി.  പാമ്പിനെ പിടിക്കുന്നതിനിടയിൽ വീണ്ടും കടിയേറ്റിരിക്കാമെന്നും സംശയമുണ്ട്.അഞ്ചൽ ഫോറസ്റ്റ് റേഞ്ചിലെ റാപ്പിഡ് ആക്‌ഷൻ ഫോഴ്സ് അംഗങ്ങൾ 20 മിനിറ്റിനകം സ്ഥലത്തെത്തി. ഇത്രയും സമയം ബിനു പാമ്പിനെ പിടിച്ചു കൊണ്ട് നിൽക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. വനപാലകർ പാമ്പിനെ ഏറ്റുവാങ്ങി കൊണ്ടുപോവുകയും ചെയ്തു. പാമ്പുകടിയേറ്റ ബിനുവിന് യഥാസമയം പ്രാഥമിക ചികിത്സ നൽകുന്നതിനോ ആശുപത്രിലെത്തിക്കുന്നതിനോ സാധിച്ചില്ല. 

വനപാലകർ പാമ്പിനെ കൊണ്ടുപോയ ശേഷം ബിനുവിന് അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് പുനലൂർ താലൂക്ക് ആശുപത്രിയിലും തുടർന്ന് രാത്രി 10ന് വെഞ്ഞാറമൂട്ടിൽ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും മരിച്ചു. ബിനു എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. അവിവാഹിതനാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം വീട്ടിലെത്തിച്ച മൃതദേഹം സന്ധ്യയോടെ ചിറ്റാലംകോട് ശ്മശാനത്തിൽ സംസ്കരിച്ചു.പരേതരായ കരുണാകരന്റെയും രാധയുടെയും മകനാണ്. സഹോദരങ്ങൾ. ബിജു, ബിന്ദു. ഉദയഗിരിയിലെ വീടുപണി പൂർത്തിയാകാത്തതിനാൽ ഇടയ്ക്ക് മാത്രയിലെ സഹോദരിയുടെ വീട്ടിലായിരുന്നു താമസമെന്ന് ബന്ധുക്കൾ പറഞ്ഞു. പിടികൂടിയ പാമ്പിനെ വനപാലകർ കാട്ടിൽ വിട്ടു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com