ADVERTISEMENT

പുത്തൂർ ∙ മഞ്ഞുകാലം വിട പറയാൻ ഇനി അധിക ദിവസങ്ങൾ ബാക്കിയില്ലെങ്കിലും രാത്രികാലങ്ങളിൽ തണുപ്പ് കൂടുന്നു. സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ രാത്രി താപനിലയിൽ രണ്ടാം സ്ഥാനത്താണു കൊല്ലം ജില്ലയിലെ പുനലൂർ. ഇന്നലെ 16 ഡിഗ്രി സെൽഷ്യസായിരുന്നു ഇവിടെ രേഖപ്പെടുത്തിയ രാത്രി താപനില. സാധാരണ പ്രതീക്ഷിക്കുന്ന താപനിലയിൽ നിന്ന് 5 ഡിഗ്രിയിലേറെ കുറവാണിത്. കഴിഞ്ഞ കുറെ ദിവസങ്ങളായി ഇതേ അവസ്ഥ തുടരുകയാണ്. സംസ്ഥാനത്ത് ഏതു കാലാവസ്ഥയിലും താപനില കുറഞ്ഞു നിൽക്കുന്ന മൂന്നാറിലാണ് രാത്രി താപനില ഏറ്റവും കുറവ്. 

ഇന്നലെ 4 ഡിഗ്രി സെൽഷ്യസായിരുന്നു മൂന്നാറിലെ കുറഞ്ഞ താപനില. ഉയർന്ന പകൽതാപനില 26 ഡിഗ്രി സെൽഷ്യസും. മൂന്നാറിനെ ഒഴിവാക്കിയാൽ സംസ്ഥാനത്തു തന്നെ ഏറ്റവും കുറഞ്ഞ താപനില പുനലൂരിലാണ്. എന്നാൽ പകൽതാപനില ഉയർന്നു തുടങ്ങിയിട്ടുമുണ്ട്.  ഇന്നലെ പുനലൂരിൽ പകൽ താപനില 34 ഡിഗ്രി സെൽഷ്യസ് വരെയെത്തി. കുറഞ്ഞ താപനിലയും ഉയർന്ന താപനിലയും തമ്മിലുള്ള അന്തരം ഇരട്ടിയിലേറെയായി എന്നതാണ് മറ്റൊരു പ്രത്യേകത. ജില്ലയിൽ കൊട്ടാരക്കരയിലും പടിഞ്ഞാറെ കല്ലടയിലുമുള്ള ഓട്ടമേറ്റഡ് വെതർ സ്റ്റേഷനുകളിൽ രേഖപ്പെടുത്തിയിരിക്കുന്ന രാത്രി താപനിലയും പൊതുവേ കുറവാണ്. 

കൊട്ടാരക്കരയിൽ ഇന്നലെ 21 ഡിഗ്രി സെൽഷ്യസും പടി.കല്ലടയിൽ 21.5 ഡിഗ്രി സെൽഷ്യസുമായിരുന്നു കുറഞ്ഞ താപനില. രാത്രി ഒന്നു മുതൽ പുലർച്ചെ 6 വരെയുള്ള സമയത്താണ് താപനില താഴുന്നത്. ജനുവരി 15 വരെ ഇതേ സ്ഥിതിയിൽ വലിയ മാറ്റമുണ്ടാകില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അധികൃതർ നൽകുന്ന സൂചന. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com