ADVERTISEMENT

കൊല്ലം ∙ ഏഴു ദിക്കുകളിൽ എത്രയോ കോടി പുണ്യവുമായാണ് ഇനി വിനോദിന്റെ ഓർമകൾ തുടിക്കുക! ഏറ്റവും പ്രിയപ്പെട്ടയാളില്ലാത്ത, കണ്ണീർ തോരാത്ത വീട്ടിൽ, അദ്ദേഹത്തിന്റെ കുടുംബത്തിന് ആ ആശ്വാസം മാത്രമേ ഇനി ബലമായുള്ളൂ. അപകടത്തിൽ പരുക്കേറ്റു മസ്തിഷ്കമരണം സ്ഥിരീകരിച്ച കൊല്ലം അയത്തിൽ സ്വദേശി എസ്.വിനോദിന്റെ (54) 8 അവയവങ്ങളാണ് 7 പേർക്കായി ദാനം ചെയ്തത്. ഡിസംബർ 30നു ബൈക്കിൽ പോകവേ കൊല്ലത്ത് കല്ലുംതാഴത്തിനു സമീപം സ്വകാര്യബസിടിച്ചാണു വിനോദിനു ഗുരുതരമായി പരുക്കേൽക്കുന്നത്. തുടർന്നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വ രാത്രിയോടെ മസ്തിഷ്കമരണം സ്ഥിരീകരിച്ചു.

നേരത്തേ ഗൾഫിലായിരുന്ന വിനോദ് 2 മാസമായി നാട്ടിൽ കൂലിപ്പണി ചെയ്യുകയായിരുന്നു. കിളികൊല്ലൂർ ചെമ്പ്രാപ്പിള്ള തൊടിയിൽ വീട്ടിൽ വാടകയ്ക്കാണു താമസം. അർബുദത്തിനു ചികിത്സയിലുള്ള മകൾ ഗീതു സ്ഥിതി മെച്ചപ്പെട്ടു തിരിച്ചുവരുന്നതിനിടെയാണു വിനോദിന്റെ വേർപാടെന്നതു കുടുംബത്തിനു താങ്ങാവുന്നതിലുമേറെയാണ്. എങ്കിലും ഏഴു ജീവനുകൾക്കു വെളിച്ചമാകുമെന്നതിനാൽ, ഹൃദയം നുറുങ്ങുന്ന വേദനയിലും സുജാതയും മക്കളും അവയവദാനത്തിനു സമ്മതം നൽകുകയായിരുന്നു. വിനോദിന്റെ ഹൃദയം ചെന്നൈ എംജിഎം ആശുപത്രിയിലേക്കു കൊണ്ടുപോകും.

കൈകൾ, കരൾ, വൃക്കകൾ, കണ്ണുകൾ എന്നിവ തിരുവനന്തപുരം, എറണാകുളം, എന്നിവിടങ്ങളിൽ ചികിത്സയിലുള്ള രോഗികൾക്കു മൃതസഞ്ജീവനി പദ്ധതി പ്രകാരം മാറ്റിവയ്ക്കും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ആദ്യമായാണ് ഇത്തരം ശസ്ത്രക്രിയ നടത്തിയത്. വിനോദിന്റെ കുടുംബത്തെ ആശ്വസിപ്പിക്കാനും തീരാനോവിലും അവയവദാനത്തിനു കാണിച്ച സന്മനസ്സിനു നന്ദി പറയാനും മന്ത്രി ആന്റണി രാജു ആശുപത്രിയിലെത്തി. വിനോദിന്റെ മറ്റൊരു മകൾ: നീതു, മരുമകൻ: ഷബിൻ. സംസ്കാരം ഇന്ന് 12 നു പോളയത്തോട് ശ്മശാനത്തിൽ. മന്ത്രി വീണാ ജോർജ്, ഡോ.എ.റംലാബീവി, ഡോ. തോമസ് മാത്യു, ഡോ.സാറ വർഗീസ്, ഡോ എ.നിസാറുദീൻ എന്നിവർ അവയവദാനപ്രക്രിയ സുഗമമാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com