അനിഖ സുരേന്ദ്രന്റെ ‘കുത്തുവാക്കേറ്റു': ഫെയ്സ്ബുക്ക് അമ്മാവൻമാർ മുങ്ങി; യുവാക്കൾക്ക് പ്രിയം ഇൻസ്റ്റഗ്രാം

INDIA-US-INTERNET-FACEBOOK
SHARE

ഫെയ്സ്ബുക്കിൽ ആക്ടീവാണെന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നവരൊക്കെ ഒറ്റ ദിവസം കൊണ്ടു ‘കിഴക്കൻ മലയിൽ നിന്നു വന്ന പരിഷ്കാരി’കളായി. ഫെയ്സ്ബുക് ഇപ്പോൾ അമ്മാവൻമാരാണ് കൂടുതൽ ഉപയോഗിക്കുന്നതെന്ന് നടി അനിഖ സുരേന്ദ്രന്റെ ‘കുത്തുവാക്കിലാണ്’ തുടക്കം. യൂത്തിന് ഇൻസ്റ്റഗ്രാമാണ് പ്രിയമെന്നും അനിഖ പറഞ്ഞു. സംഗതി കൊള്ളേണ്ടിടത്തു കൊണ്ടു– സോഷ്യൽ മീഡിയയാകെ കലുഷിതമായി.

തലേന്നു രാത്രി ഫെയ്സ്ബുക്കിനെ കെട്ടിപ്പിടിച്ചുറങ്ങുകയും പിറ്റേന്നു രാവിലെ ‘ഞാനും അനിഖയുമൊക്കേ പണ്ടേ ഇൻസ്റ്റഗ്രാമിലാണ്’ എന്നും പറഞ്ഞ കാലുവാരികൾ മുതൽ ഫെയ്സ്ബുക്കിനെ തൊട്ടുകളിച്ചാൽ ‘തള്ളി മലർത്തുമെന്ന്’ ഭീഷണിപ്പെടുത്തുന്ന കീലേരി അച്ചുമാർ വരെ രംഗത്തെത്തി.  ‘ഞങ്ങളൊക്കെ അങ്ങ് ഓർക്കുട്ടിന്റെ കാലത്തേ ഈ പരിപാടി തുടങ്ങിയതാ’ എന്നു പറഞ്ഞു നടന്നവരെയൊന്നും ഇപ്പോൾ ഇതുവഴി കാണുന്നില്ല; പിള്ളേരു കയറി മുതുമുത്തശ്ശാ എന്നു വിളിക്കുമോ എന്നൊരു ഭയം തട്ടിയിട്ടുണ്ട്. ഇതിനിടെ, വാ‌ട്സാപ് ഏതു തലമുറയുടേതാണ് എന്ന് ക്ലബ് ഹൗസിൽ പോലും ആരും ചർച്ച ചെയ്യുന്നില്ല. വാട്സാപ് നമ്മൾ പണ്ടേ കേശവൻ മാമന്മാരുടെ ആശയപ്രചാരണത്തിനു വിട്ടുകൊടുത്തതാണല്ലോ. 

കൗമാരക്കാർ ഇൻസ്റ്റഗ്രാമിൽ  

25 വയസ്സിന് താഴെയുള്ളവരും കൗമാരക്കാരും കൂടുതൽ ഉപയോഗിക്കുന്നത് ഇൻസ്റ്റഗ്രാം ആണെന്ന് പല സർവേകളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒക്ടോബറിൽ പുറത്തുവന്ന പൈപ്പർ സ്‌ലാൻഡർ സർവേ പ്രകാരം 80 ശതമാനം ചെറുപ്പക്കാർ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നു എന്നാണ്.  ചെറുപ്പക്കാരായ പല  ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്കും ഫെയ്സ്ബുക് അക്കൗണ്ടുകൾ പോലും ഇല്ലെന്നും കണക്കുകൾ പറയുന്നു.

പ്യൂ റിസർച് സെന്ററിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 72 ശതമാനമാണ് യുവാക്കളായ ഇൻസ്റ്റഗ്രാം ഉപയോക്താക്കൾ.  ഫെയ്സ്ബുക്കിൽ യുവാക്കളുടെ സാന്നിധ്യം കേവലം 51 ശതമാനവുമാണ്. അതേ സമയം മലയാളികളിൽ ഭൂരിഭാഗവും പ്രായഭേദമന്യേ ഇപ്പോഴും ഫെയ്സ്ബുക് ഉപയോഗിക്കുന്നുണ്ട്. രാഷ്ട്രീയ ചർച്ചകൾക്കും പോരാട്ടങ്ങൾക്കും മറ്റും നല്ല വളക്കൂറാണ് ഫെയ്സ്ബുക്കിൽ. മുതിർന്ന നേതാക്കൾ ഉൾപ്പെടെ നിലപാടുകൾ ഫെയ്സ്‌ബുക്കിലൂടെ വിശദീകരിക്കുന്നുണ്ട്. അണികളായ വെട്ടുക്കിളിക്കൂട്ടത്തിന് പറന്നിറങ്ങാനും പോരടിക്കാനും ഇപ്പോഴും എളുപ്പമുള്ള സ്ഥലം ഫെയ്സ്ബുക് തന്നെയാണ്.

30– 35 വയസ്സ് കഴി‍ഞ്ഞവരാണ് ഇപ്പോൾ ഫെയ്സ്ബുക് കൂടുതലായി ഉപയോഗിക്കുന്നത്. എങ്കിലും ഇതിന് പ്രത്യേകിച്ച് ഒരു ഏജ് ഗ്രൂപ്പ് ഉള്ളതായി തോന്നുന്നില്ല. ചെറുപ്പമാണെങ്കിലും  ഇപ്പോഴും പ്രൊഫൈലിൽ സ്വന്തം ചിത്രം ഇടാൻ പോലും മടിക്കുന്ന വിദ്യാർഥികളുണ്ട്. സ്വന്തമായി അഭിപ്രായങ്ങൾ എഴുതാൻ പോലും മടിയുള്ളവർ അതേസമയം. മുതിർന്നവർ പഴയ സ്കൂൾ– കോളജ് കാലം ആസ്വദിക്കുന്ന പോലെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. സ്മിത ഗിരീഷ് (അഭിഭാഷകയും എഴുത്തുകാരിയും)

സമൂഹമാധ്യമങ്ങൾ എല്ലാ പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാം, ഇൻസ്റ്റാഗ്രാമിലും ഫെയ്സ്ബുക്കിലും മില്യൻ ഫോളോവേഴ്സ് ഉള്ളവരിൽ പ്രായം കൂടിയ ആളുകളും പ്രായം കുറഞ്ഞ ആളുകളുമുണ്ട്. ഒരു സമൂഹമാധ്യമം പ്രത്യേക പ്രായക്കാർക്ക് വേണ്ടി എന്നു പറയുന്നത് അപക്വ നിലപാടാണ്.  വി.കെ.ആദർശ് (ബാങ്ക് ഉദ്യോഗസ്ഥൻ, സാമൂഹിക നിരീക്ഷകൻ)

എനിക്ക് ഫെയ്സ്ബുക്കിൽ അക്കൗണ്ട് ഇല്ല. ഇൻസ്റ്റഗ്രാമാണ് ഉപയോഗിക്കുന്നത്. അതിലും വളരെ ആക്റ്റീവ് അല്ല. അനിഖ ഇങ്ങനെ ഒരു അഭിപ്രായം പറഞ്ഞെന്ന് ഇപ്പോഴാണ് അറിയുന്നത്. നസ്‌ലിൻ കെ. ഗഫൂർ (നടൻ)

ആ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു. പ്രായമായവരാണ് കൂടുതലും ഫെയ്സ്ബുക് ഉപയോഗിക്കുന്നത്. യുവാക്കൾക്ക് പ്രിയം ഇൻസ്റ്റഗ്രാം തന്നെ. കരിയറിസ്റ്റ് ആയിട്ടുള്ള ആളുകൾ കൂടുതൽ ലിങ്കിഡ്ഇന്നിലാണ് എന്ന് പറയുന്നത് പോലെയാണിതും. രാംമോഹൻ പാലിയത്ത്, കവി.

താരതമ്യത്തിന്റെ ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. രണ്ടും രണ്ടു പ്ലാറ്റ്ഫോമാണ്. മസാലദോശയും ചിക്കൻ ബിരിയാണിയും താരതമ്യം ചെയ്യുന്നത് പോലെയാണിത്. ഇൻസ്റ്റ കുറച്ചുകൂടി ടെക്നിക്കലി അഡ്വാൻസ്ഡ് ആണ്. ഫോട്ടോകൾ ഇട്ടാൽ പെട്ടെന്ന് തന്നെ അതിന്റെ റിയാക്‌ഷൻ അറിയാൻ സാധിക്കും. 19 വയസ്സ് തൊട്ടുള്ള കുട്ടികൾ എന്റെ എഴുത്ത് ഫെയ്സ്ബുക്കിൽ വായിക്കാറുണ്ട്. അഭിപ്രായം പറയാറുണ്ട്. ഫെയ്സ്ബുക് പ്രായമായ ആളുകളുടെ മാത്രമാണെന്ന് വിശ്വസിക്കുന്നില്ല. അജോയ് കുമാർ, (എഴുത്തുകാരൻ, ‘എന്റെ ഫെയ്സ്ബുക്കാന്വേഷണ പരീക്ഷണങ്ങൾ’ എന്ന പുസ്തകത്തിന്റെ രചയിതാവ്)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ബാറോസിൽ കാണാൻ പോകുന്നത് മോഹൻലാൽ മാജിക്..! | Santhosh Sivan | Jack and Jill | Manorama Online

MORE VIDEOS
FROM ONMANORAMA