വീട്ടമ്മ കിടപ്പുമുറിയിൽ മരിച്ച നിലയിൽ, ഭർത്താവ് അവശനിലയിൽ; ‘മരുന്ന്’ കൊടുത്ത് കുട്ടികളേയും ഉറക്കി

 ജാസ്മിൻ
ജാസ്മിൻ
SHARE

കൊട്ടിയം ∙ വീട്ടമ്മയെ കിടപ്പുമുറിയിൽ മരിച്ചനിലയിലും ഭർത്താവിനെ അവശനിലയിലും കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തിയശേഷം ഇയാൾ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. വെളിച്ചിക്കാല ജംക്‌ഷനു സമീപം സാലു ഹൗസിൽ ജാസ്മിൻ (40) ആണു മരിച്ചത്. അമിതമായി ഗുളികകൾ കഴിച്ചനിലയിൽ ഭർത്താവ് ഷൈജുഖാനെ(45) മീയണ്ണൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജാസ്മിന്റെ മൂക്കിൽനിന്നും വായിൽനിന്നും രക്തം വാർന്ന നിലയിലായിരുന്നു. കഴുത്തിൽ കയറിട്ടു മുറുക്കിയതിന്റെയും കൈയിൽ മുറിവേറ്റതിന്റെയും പാടുമുണ്ട്.

പൊലീസ് പറയുന്നത്: ഷൈജു വെളിച്ചിക്കാലയിൽ വാടകവീടിനോടു ചേർന്നു സ്റ്റേഷനറി കടയും വസ്ത്ര വ്യാപാര സ്ഥാപനവും നടത്തുന്നുണ്ട്. സാമ്പത്തിക പ്രശ്നത്തെച്ചൊല്ലി വീട്ടിൽ വഴക്കു പതിവായിരുന്നു. ഷൈജു ഖാൻ ഭാര്യയെ മർദിക്കുകയും മക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നെന്നു പറയുന്നു. ബുധൻ വൈകിട്ടും പതിവു പോലെ ഇയാൾ വീട്ടിൽ ബഹളം ഉണ്ടാക്കി. എതിർത്ത മകൻ ഷിയാസിനെ ഭീഷണിപ്പെടുത്തി ബന്ധുവീട്ടിലേക്ക് അയച്ചു. രാത്രി 9ന് കട അടച്ച ശേഷം വീട്ടിലെത്തിയ ഇയാൾ ഭക്ഷണം കഴിച്ചശേഷം, മറ്റു മക്കളായ ഷഹനാസിനും ഷിനാസിനും ചുമയ്ക്കെന്നു പറഞ്ഞു ഗുളികകൾ നൽകിയതായി പറയുന്നു. മരുന്നു കഴിച്ച് ഉറങ്ങിപ്പോയ കുട്ടികൾ ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയാണ് എഴുന്നേറ്റത്. മാതാപിതാക്കളെ തിരക്കിച്ചെന്നപ്പോഴാണു ജാസ്മിനെ മരിച്ച നിലയിലും ഷൈജുവിനെ അവശനിലയിലും കണ്ടത്.

ചാത്തന്നൂർ എസിപി ഗോപകുമാർ, കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി.വിപിൻ കുമാർ എന്നിവരെത്തി പരിശോധന നടത്തി. ജാസ്മിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഷൈജുഖാൻ പൊലീസ് നിരീക്ഷണത്തിലാണ്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN kollam
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

"ആരെങ്കിലും പറഞ്ഞോട്ടെ അച്ഛൻ എന്തിനാ പറയുന്നെ?" ഹൃദയം തുറന്നു വിനീത് | Vineeth Sreenivasan Interview

MORE VIDEOS
FROM ONMANORAMA