ADVERTISEMENT

ചാത്തന്നൂർ∙ സിൽവർ ലൈൻ പദ്ധതി അറബിക്കടലിൽ എറിയുമെന്നു രമേശ് ചെന്നിത്തല. നാടിനെയും ജനങ്ങളെയും കബളിപ്പിച്ചു ജനങ്ങളുടെ ജീവിതം ദുസ്സഹമാക്കുന്ന, അഴിമതിക്കു വേണ്ടിയുള്ള സിൽവർ ലൈൻ പദ്ധതി അവസാനിപ്പിക്കണം. പദ്ധതിക്കെതിരെ യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു.കേന്ദ്രത്തിന്റെയും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി ഇല്ലാതെ നടപ്പാക്കുന്ന പദ്ധതി കൊള്ളയടിക്കാനാണ്. അതിന്റെ ആദ്യ ഘട്ടമാണ് 5% ഫീസ് നിശ്ചയിച്ചു കൺസൽറ്റൻസി നൽകിയത്.

ഇത് എത്ര ആയിരം കോടി

രൂപ വരുമെന്ന് കണക്കാക്കണം. കൺസൽറ്റൻസിയെ നിശ്ചയിക്കേണ്ടത് രാജ്യാന്തര ടെൻഡർ വിളിച്ചാണ്. ഇവിടെ സിസ്ട്രയെ തീരുമാനിച്ചത് ആരാണ്? ഇതിൽ‌ തന്നെ അഴിമതി തുടങ്ങി. സിൽവർ ലൈനിനു ചരടുള്ള വിദേശ വായ്പയാണ് വാങ്ങാൻ പോകുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട എല്ലാ പർച്ചേസുകളും ജപ്പാൻ കമ്പനികളിൽ നിന്നു മാത്രമേ വാങ്ങാൻ കഴിയൂ. ഇതാണ് ചരടുള്ള വായ്പ എന്നു പറയുന്നത്. സിപിഎം പാർട്ടി കോൺഗ്രസ് തീരുമാനം അനുസരിച്ചാണെങ്കിൽ ചരടുള്ള വിദേശ വായ്പ വാങ്ങാൻ പാടില്ല.‍ ഇതു സംബന്ധിച്ചു സിപിഎം മറുപടി പറയണം. ഉമ്മൻ ചാണ്ടി സർക്കാർ കൊണ്ടു വന്ന സബേർബൻ പദ്ധതിയാണ് ഏറ്റവും അനുയോജ്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു.

പിടിവാശി ഉപേക്ഷിക്കണം: ഉമ്മൻ ചാണ്ടി

സിൽവർ ലൈൻ പദ്ധതിയിൽ പിണറായി വിജയൻ പിടിവാശി ഉപേക്ഷിക്കണമെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. എന്തു വില കൊടുത്തും പദ്ധതി നടപ്പാക്കുമെന്ന പിണറായി വിജയന്റെ നിലപാടാണ് പ്രശ്നം സൃഷ്ടിക്കുന്നത്. സിൽവർ ലൈൻ,പ്രധാന ടൗണുകളെ വൻമതിൽ കെട്ടിയടയ്ക്കുന്ന വോൾ എലിവേറ്റഡ് പാത എന്നിവയ്ക്കെതിരെ യുഡിഎഫ് ചാത്തന്നൂർ നിയോജക മണ്ഡലം കമ്മിറ്റി എൻ.കെ.പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

സിൽവർ ലൈനിനു പകരം സബേർബൻ പദ്ധതി നടപ്പാക്കണമെന്ന് ഉമ്മൻ ചാണ്ടി ആവശ്യപ്പെട്ടു. യുഡിഎഫ് നിയോജക മണ്ഡലം ചെയർമാൻ നെടുങ്ങോലം രഘു അധ്യക്ഷത വഹിച്ചു. പി.സി.വിഷ്ണുനാഥ് എംഎൽഎ, എ.എ.അസീസ്, ജി.പ്രതാപവർമ തമ്പാൻ, ജി.ദേവരാജൻ, കെ.സി.രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.

എൻ.കെ.പ്രേമചന്ദ്രന് എതിരെ മോഷണക്കുറ്റം ചുമത്തിയ പൊലീസ് നടപടി ജനാധിപത്യവിരുദ്ധമാണ്. ജനകീയ അടിത്തറ ഉള്ള എൻ. കെ. പ്രേമചന്ദ്രനെതിരെ മോഷണക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്ത് കള്ളക്കേസെടുത്ത പൊലീസ് നടപടി ജനാധിപത്യ കേരളത്തിന് അപമാനമാണ്. ജനകീയ പ്രശ്നങ്ങളിൽ പ്രേമചന്ദ്രൻ സ്വീകരിക്കുന്ന നിലപാടുകൾ സിപിഎമ്മിനെയും പിണറായി വിജയനെയും അലോസരപ്പെടുത്തുന്നു എന്നതിന്റെ തെളിവാണിത്.
ഉമ്മൻചാണ്ടി

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com