ADVERTISEMENT

ബാസ്കറ്റ് ബോൾ താരമായ പ്രിയ കൂട്ടുകാരന്റെ പേര് എഴുതിയ ജഴ്സി അണിഞ്ഞ ടീമംഗങ്ങൾ വിജയം നേടി

കൊല്ലം∙ ഒൻപതു പേരുണ്ടെങ്കിലും അവർക്ക് ഒറ്റപ്പേരും ഒരു മനസ്സുമായിരുന്നു– ജോഷ്വ. ‌ കുറച്ചുനാൾ മുൻപ് അവിചാരിതമായി മരണം തട്ടിയെടുത്ത സുഹൃത്തിന്റെ ഓർമയ്ക്കു വേണ്ടി മത്സരിക്കാൻ ഇറങ്ങുമ്പോൾ ടീം അംഗങ്ങൾക്കെല്ലാം ഒറ്റപ്പേരു മതിയെന്നത് അവരുടെ തീരുമാനമായിരുന്നു. എല്ലാവരുടെയും ജഴ്സിയിൽ ഉണ്ടായിരുന്നത് പ്രിയ കൂട്ടുകാരൻ ജോഷ്വയുടെ പേരു മാത്രം. കഴിഞ്ഞദിവസം നടന്ന, ജില്ലാ ഒളിംപിക്സ് അസോസിയേഷന്റെ ബാസ്കറ്റ്ബോൾ ഫൈനലിൽ അവർ തന്നെ ജേതാക്കളായി. ട്രോഫിയും വാങ്ങി രാത്രി അവർ പോയത് ജോഷ്വയുടെ വീട്ടിലേക്ക്. ട്രോഫി അമ്മയ്ക്കും സഹോദരനുമായി കൈമാറി. പിന്നെ അവർ ഒരുമിച്ച് അവനു വേണ്ടി പ്രാർഥിച്ചു. മനസ്സുകൊണ്ട് അവർ പ്രിയ കൂട്ടുകാരനോടായി പറഞ്ഞു‘ നീ കൂടെയില്ലെങ്കിലും നിനക്കു വേണ്ടി ഞങ്ങളിതു നേടി’.

  ജോഷ്വ  ഏബ്രഹാം.
ജോഷ്വ ഏബ്രഹാം.

തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് വിദ്യാർഥിയും അഞ്ചൽ ഭാരതീപുരം തുമ്പോട് വാറൂർ മേലൂട്ട് വീട്ടിൽ ‍ജി.ഏബ്രഹാമിന്റെ മകനുമായ ജോഷ്വ ഏബ്രഹാം മികച്ച ബാസ്കറ്റ് ബോൾ താരമായിരുന്നു. കഴി‍ഞ്ഞ ഒക്ടോബർ 13ന് ബാസ്കറ്റ്ബോൾ പരിശീലനത്തിനു ശേഷം കോളജ് ഹോസ്റ്റൽ മുറിയിൽ തിരിച്ചെത്തിയ ജോഷ്വ, കുടിക്കാൻ വെള്ളമെടുക്കാൻ പോയി തിരികെ വരുമ്പോൾ ബോധരഹിതനായി സ്റ്റെപ്പിൽ നിന്നു തലയിടിച്ചു വീണു മരിക്കുകയായിരുന്നു. കോവിഡ് ബാധിതനാണെന്ന വിവരം അറിയാതെയാണ് അന്ന് ജോഷ്വ പരിശീലനത്തിന് ഇറങ്ങിയത്. മരിക്കുമ്പോഴും ശരീരത്തിൽ ജഴ്സിയുണ്ടായിരുന്നു. കേരളമാകെ കായിക ദിനം ആചരിക്കുമ്പോഴായിരുന്നു വിയോഗം.

പല സ്ഥലങ്ങളിൽ ജോഷ്വയ്ക്കൊപ്പം ബാസ്കറ്റ്ബോൾ കളിച്ചിട്ടുള്ള കൂട്ടുകാരാണ് കരവാളൂർ ഓക്സ്ഫഡ് സ്കൂൾ കേന്ദ്രീകരിച്ചുള്ള ഓക്സ്ഫഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഒരുമിച്ചത്. ജോഷ്വയ്ക്കു നേരത്തേ പരിശീലനം നൽകിയിട്ടുള്ള ടിൻസൺ ജോൺ തന്നെയായിരുന്നു ടീമിന്റെയും പരിശീലകൻ. ഫൈനൽ മത്സരത്തിൽ ‘24 സെക്കൻഡ് വയലേഷനിലൂടെ’ ടീം അംഗങ്ങൾ ജോഷ്വയ്ക്ക് ആദരമർപ്പിച്ചു.പ്ലസ് ടു വരെ മാന്നാനം സെന്റ് എഫ്രേംസ് സ്കൂളിൽ വിദ്യാർഥിയായിരുന്ന ജോഷ്വ അണ്ടർ 19 സ്കൂൾസ് നാഷനൽ, മിനി നാഷനൽ, യൂത്ത് നാഷനൽ താരമാണ്. സ്പോർട്സ് കൗൺസിൽ സ്റ്റുഡന്റ് ആയിരുന്ന ജോഷ്വ സ്കൂളിലെ മികച്ച താരമായിരുന്നെന്ന് മാന്നാനം സെന്റ് എഫ്രേംസ് സ്പോർട്സ് അക്കാദമി ഡയറക്ടർ ഫാ. ആന്റണി കാഞ്ഞിരത്തിങ്കൽ പറഞ്ഞു.

കൊല്ലത്ത് കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ ആദർശ് മാത്യു (ക്യാപ്റ്റൻ), മുഹമ്മദ് സുബിൻ, ജോജി സജി, അമൽ രാജ്, അലൻ രാജു, അജിൻ പി.റെജി, അബ്സൺ ആബേൽ ഏബ്രഹാം, കസ്തൂർബ്, മിഥുൻ എന്നിവരടങ്ങുന്ന ടീമാണ് ജോഷ്വയ്ക്ക് ആദരമായി മത്സരിക്കാനിറങ്ങിയത്. സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുമ്പോഴും എല്ലാവരും ജോഷ്വയുടെ പേരിലുള്ള ജഴ്സി അണിയുമെന്നും ജോഷ്വയുടെ പേരിൽ നാട്ടിൽ ബാസ്കറ്റ്ബോൾ ടൂർണമെന്റ് ഉടൻ സംഘടിപ്പിക്കുമെന്നും ടീം അംഗങ്ങൾ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com