ADVERTISEMENT

കൊട്ടിയം∙ വഴിയിൽ പൊലിയുമായിരുന്ന  ജീവൻ കോരിയെടുത്ത ആ കൈകൾ ഒരു മാസത്തിനു ശേഷം കണ്ടെത്തിയതിന്റെ സന്തോഷത്തിലാണ് വിമുക്തസൈനികനും കുടുംബവും.  കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ഫിലോമിനയാണ് വിമുക്ത സൈനികനു ജീവൻ തിരികെ നൽകിയത്.  കുളത്തൂപ്പുഴ തിങ്കൾക്കരിക്കം വടക്കയിൽ ഹൗസിൽ വിമുക്ത സൈനികനായ വി.വി.ജോണി(56)നെയാണ് ഫിലോമിനയുടെ അവസരോചിതമായ ഇടപെടൽ ജീവിതത്തിലേക്കു തിരികെക്കൊണ്ടു വന്നത്. ഒരു മാസം മുൻപാണ് സംഭവം. ബസിൽ കൊട്ടിയത്ത് ഇറങ്ങി ആശുപത്രിയിലേക്കു നടക്കുകയായിരുന്നു.

ഇതിനിടെ ബോധരഹിതനായി ചെളിവെള്ളത്തിലേക്കു മറിഞ്ഞു വീണു.  ഈ സമയം റോഡിൽ നല്ല തിരക്കുണ്ടായിരുന്നു. ജോൺ ചെളിവെള്ളത്തിൽ വീഴുന്നതു കണ്ടിട്ടും അതു വഴി കടന്നുപോയ വിദ്യാർഥികളോ മറ്റു യാത്രക്കാരോ തിരിഞ്ഞുനോക്കിയില്ല. മദ്യപിച്ച് ആരോ ചെളിവെള്ളത്തിൽ വീണതാകാം എന്ന ധാരണയിലാണ് പലരും തിരിഞ്ഞു നോക്കാതെ പോയതെന്നു ജോണിനെ രക്ഷപ്പെടുത്തിയ ഫിലോമിന പറഞ്ഞു. ഫിലോമിന പരിചയക്കാരനായ യുവാവിന്റെ സഹായത്തോടെ ജോണിനെ ഉടൻ ഒ‍ാട്ടോറിക്ഷയിൽ കയറ്റി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കു കൊണ്ടുപോയി. പിന്നീട് തീവ്രപരിചരണ വിഭാഗത്തിലേക്കും മാറ്റി.

അടുത്ത ദിവസങ്ങളിൽ അന്വേഷിച്ചപ്പോൾ രോഗി അപകട നില തരണം ചെയ്തെന്നറിഞ്ഞു. എന്നാൽ താനാണ് രോഗിയെ കൊണ്ടുവന്നതെന്ന് ആരോടും ഫിലോമിന പറഞ്ഞതുമില്ല. ഒരാഴ്ചത്തെ ആശുപത്രിവാസത്തിനിടെ ജോൺ തന്നെ രക്ഷിച്ചയാൾക്കായി  തിരഞ്ഞു. പക്ഷേ നിരാശയായിരുന്നു ഫലം. 2 ദിവസം മുൻപ് ആശുപത്രിയിൽ പരിശോധന നടത്താനായി എത്തിയ ജോൺ തനിക്കുണ്ടായ അനുഭവവും തന്നെ രക്ഷിച്ച സ്ത്രീയെപ്പറ്റിയും ആശുപത്രി അധികൃതരോടു വീണ്ടും പറഞ്ഞു.  പിന്നീടു നടത്തിയ അന്വേഷണത്തിലാണ് ഫിലോമിനയാണ് ജോണിനെ രക്ഷിച്ചതെന്നു തിരിച്ചറിഞ്ഞത്. ഫിലോമിനയെ ജോണും ഭാര്യയും ഫോണിൽ വിളിച്ച് നന്ദി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com