ADVERTISEMENT

ചടയമംഗലം∙ വികസനത്തിൽ വാഗ്ദാനങ്ങളുടെ പെരുമഴയാണ് എന്നും ചടയമംഗലത്ത്. 15 വർഷമായി കേൾക്കുന്ന ഉറപ്പുകൾ പലതും പ്രാവർത്തികമായില്ല. സർക്കാർ ബജറ്റിൽ വകയിരുത്തിയ പദ്ധതികൾ നടക്കാതെ പോകുന്നു. കഴിഞ്ഞ 3 സർക്കാർ ബജറ്റിലും പരിഗണിക്കപ്പെട്ട മിനി സിവിൽ സ്റ്റേഷൻ പദ്ധതിയാവട്ടെ എങ്ങുമെത്തിയില്ല. ഓരോ വർഷവും പ്രഖ്യാപിച്ച പദ്ധതികൾ വരും എന്ന് കരുതി കാത്തിരിക്കുകയാണ് നാട്ടുകാർ.

മിനി സിവിൽ സ്റ്റേഷൻ ഫയലിൽ

ചടയമംഗലം ഗവ. എംജി ഹയർ സെക്കൻ‍ഡറി സ്കൂളിനു മുൻവശത്ത് മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനു പഞ്ചായത്ത് സ്ഥലം വാങ്ങി. മിനി സിവിൽ സ്റ്റേഷൻ നിർമാണത്തിനു സർക്കാർ ബജറ്റിൽ പണം അനുവദിച്ചു. പഞ്ചായത്ത് വാങ്ങി നൽകിയ സ്ഥലം വയൽ നികത്തിയത് ആയതിനാൽ കൈമാറ്റത്തിനു ചില കടമ്പകൾ കടക്കേണ്ടി വന്നു. സ്ഥലം റവന്യു വകുപ്പിന് കൈമാറി. സിവിൽ സ്റ്റേഷനു കെട്ടിടം നിർമിക്കുന്നതിനുള്ള പ്രാഥമിക നടപടി പൂർത്തിയായെങ്കിലും നിർമാണം തുടങ്ങിയില്ല. മിനി സിവിൽ സ്്റ്റേഷൻ വന്നാൽ പ്രവർത്തിക്കേണ്ട ഓഫിസുകളുടെ ലിസ്റ്റും റവന്യു വകുപ്പ് തയാറാക്കി. വൻ തുക വരുന്ന വസ്തുവാണ് സിവിൽ സ്റ്റേഷൻ നിർമിക്കാൻ പഞ്ചായത്ത് സൗജന്യമായി നൽകിയത്. സ്ഥലം കാട് കയറി.

സ്റ്റേഡിയം നിർമാണത്തിന് ഉറപ്പ് മാത്രം

വർഷങ്ങൾക്ക് മുൻപ് പ‍ഞ്ചായത്ത് സ്റ്റേഡിയം സ്ഥാപിച്ചു. വയൽ നികത്തിയായിരുന്നു സ്റ്റേഡിയം നിർമാണം. ഇതിനിടയിൽ 10 ലക്ഷം രൂപ ചെലവഴിച്ചു പഞ്ചായത്ത് ഗാലറി പണിതു. ഗാലറിയും കാട് കയറി. സ്റ്റേഡിയം വികസനത്തിനു പണം അനുവദിച്ചതായി കഴിഞ്ഞ ബജറ്റിൽ സർക്കാർ പ്രഖ്യാപനം വന്നു. സ്പോർട്സ് കൗൺസിലിന്റെ സഹായത്തോടെ പദ്ധതി നടപ്പാക്കുമെന്നായിരുന്നു പ്രഖ്യാപനം. സ്റ്റേഡിയം വികസനം നടന്നില്ല. ഫുട്ബോൾ താരം അജയന്റെ നാടാണ് ചടയമംഗലം. ഫുട്ബോൾ കളിക്കാരായി ഏറെ പേർ ഉണ്ട് ഇവിടെ. ഫുട്ബോൾ ക്ലബ് പ്രവർത്തിക്കുന്നുണ്ട്. കായിക താരങ്ങൾക്കും പരിശീലനത്തിനു സൗകര്യമായ സ്റ്റേഡിയം വേണമെന്ന ആവശ്യത്തിനു ഇതു വരെ പരിഹാരം ഇല്ല.

സബ് റജിസ്ട്രാർ ഓഫിസ് വാടക കെട്ടിടത്തിൽ

നിയോജക മണ്ഡലത്തിലെ കടയ്ക്കൽ, ചടയമംഗലം, നിലമേൽ, ഇട്ടിവ, വെളിനല്ലൂർ, ഇളമാട്, ഇട്ടിവ, ചിതറ, കുമ്മിൾ പഞ്ചായത്തുകളിലെ വസ്തു സംബന്ധമായ പഴയ രേഖകൾ എല്ലാം ഉള്ളത് ചടയമംഗലം സബ് റജിസ്ട്രാർ ഓഫിസിലാണ്. കാലപ്പഴക്കം കൊണ്ടു സബ് റജിസ്ട്രാർ ഓഫിസ് കെട്ടിടം പൊളിച്ചു പുതിയത് നിർമിക്കാൻ ഓഫിസ് വാടക കെട്ടിടത്തിൽ മാറ്റി. നിന്നു തിരിയാൻ ഇടമില്ലാത്ത സ്ഥലത്താണ് സബ് റജിസ്ട്രാർ ഓഫിസ് പ്രവർത്തിക്കുന്നത്. പഴയ കെട്ടിടം പൊളിച്ചു നീക്കിയില്ല. പുതിയ കെട്ടിടം നിർമിച്ചതും ഇല്ല. ഒരു വർഷമായി സൗകര്യമില്ലാത്ത കെട്ടിടത്തിൽ ഞെരുങ്ങുകയാണ് റജിസ്ട്രാർ ഓഫിസ്.

കെഎസ്ആർടിസി ഡിപ്പോയ്ക്ക് അവഗണന

പഞ്ചായത്ത് നാലേക്കൽ സ്ഥലം സൗജന്യമായി നൽകിയതിനെ തുടർന്നാണ് ചടയമംഗലത്ത് കെഎസ്ആർടിസി ഡിപ്പോ തുടങ്ങിയത്. 60 ബസുകളിൽ തുടങ്ങിയ ഡിപ്പോയിൽ 40 ബസുകൾ മാത്രമായി ചുരുങ്ങി. ഗ്രാമീണ മേഖകളിലേയ്ക്കുള്ള ബസുകൾ നിർത്തി. സൂപ്പർ ഫാസ്റ്റ് ബസ് മറ്റ് ഡിപ്പോയിലേക്ക് മാറ്റി. ഡിപ്പോയുടെ സ്ഥലം പെട്രോൾ പമ്പിനായി വീതം വച്ചു. ഡിപ്പോയുടെ വഴി അടച്ചായിരുന്നു പമ്പ് തുടങ്ങിയത്. പകരം വഴി നൽകുമെന്നത് പ്രഖ്യാപനം മാത്രമായി. കെഎസ്ആർടിസി സ്ഥലം നൽകിയതു വഴി പണം ചെലവഴിച്ച പഞ്ചായത്തിന്റെ വികസന പദ്ധതികൾ പലതും മുടങ്ങി. നിർത്തിയ ബസുകൾ തുടങ്ങുമെന്ന മന്ത്രിയുടെ ഉറപ്പും പാലിച്ചില്ല. ഡിപ്പോയുടെ പരിധിയിലുള്ള കടയ്ക്കൽ സ്റ്റേഷൻ മാസ്റ്റർ ഓഫിസ് തുറന്നതുമില്ല. ആയൂരിലെ ഓപ്പറേറ്റിങ് സെന്ററും നിർത്തി.

സർക്കാർ ഓഫിസുകൾ എല്ലാം ഒരു കുടക്കീഴിൽ എത്തിക്കാൻ മിനി സിവിൽ സ്റ്റേഷൻ സഹായകമാകും. സ്ഥലം വാങ്ങി പഞ്ചായത്ത് നൽകിയിട്ടും മിനി സിവിൽ സ്റ്റേഷൻ നിർമിക്കുന്നതിൽ സർക്കാർ കാലതാമസം തുടരുകയാണ്. എംഎൽഎ മന്ത്രിയായിട്ടും സിവിൽ സ്റ്റേഷൻ നിർമാണം നടക്കുന്നില്ല. തിരഞ്ഞെടുപ്പ് സമയത്തുള്ള വാഗ്ദാനം മാത്രമാണ് ഉള്ളത്.
എ.ആർ.റിയാസ് (പൊതുപ്രവർത്തകൻ)

കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് നിർത്തിയ ബസുകൾ പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശത്തിനു പരിഹാരം കാണണം. കൂടുതൽ ബസുകൾ അനുവദിക്കണം. ദീർഘദൂര സർവീസുകൾ ചടയമംഗലത്ത് നിന്നു തുടങ്ങണം.
മഞ്ചേഷ് കുമാർ (എൻഎസ്എസ്, കരയോഗം ഭാരവാഹി)

ഏറെ കായിക താരങ്ങളുള്ള ചടയമംഗലത്ത് സ്റ്റേഡിയം വികസനം വാഗ്ദാനം മാത്രമാണ്.കായിക താരങ്ങൾ സ്കൂൾ ഗ്രൗണ്ടിലും വയലുകളിലുമാണ് പരിശീലനം നടത്തുന്നത്. ആധുനിക സൗകര്യങ്ങളോടെ സ്റ്റേഡിയം വികസിപ്പിക്കുകയാണ് വേണ്ടത്.
ഷീജ വിജയൻ,കുരിയോട്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com