ADVERTISEMENT

ശൂരനാട് ∙ പ്രസവം, ശിശുരോഗം, അസ്ഥിരോഗം ഉൾപ്പെടെ വിദഗ്ധ ചികിത്സയ്ക്ക് ആയിരക്കണക്കിനു ജനങ്ങൾ ആശ്രയിച്ചിരുന്ന ശൂരനാട് ആശുപത്രി പരിമിതികളുടെ നടുവിൽ. സാമൂഹികാരോഗ്യ കേന്ദ്രമായി ഉയർത്തി ബോർഡ് സ്ഥാപിച്ചെങ്കിലും ആനുപാതികമായി ഉദ്യോഗസ്ഥ ഘടനയും ഭൗതിക സൗകര്യങ്ങളും ഉറപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പോസ്റ്റ്മോർട്ടം, മോർച്ചറി അടക്കമുള്ള സൗകര്യങ്ങൾക്കും വലിയൊരു പ്രദേശത്തെ ജനങ്ങൾ ആശ്രയിച്ചിരുന്ന ആശുപത്രിയാണിത്.

  മരുന്നു വിതരണ കൗണ്ടർ.
മരുന്നു വിതരണ കൗണ്ടർ.

വിവിധ പദ്ധതികളിലൂടെ മറ്റ് സർക്കാർ ആശുപത്രികൾ മികവിന്റെ കേന്ദ്രങ്ങളായി മാറുന്നത് കണ്ട് ശൂരനാട്ടുകാർ നെടുവീർപ്പിടാറുണ്ട്. എന്നാൽ മറ്റ് ജില്ലകളിൽ നിന്നു വരെ രോഗികൾ എത്തിയിരുന്ന ആശുപത്രിയിൽ ഇന്ന് പ്രാഥമിക ചികിത്സ പോലും ഉറപ്പാക്കാൻ നടപടികളില്ല. ജീവിതശൈലി രോഗ ക്ലിനിക്കിൽ മരുന്നുകൾ കിട്ടാത്തത് ഇന്നലെ വലിയ പ്രതിഷേധത്തിനു കാരണമായി.

   ശൂരനാട് ആശുപത്രിയിൽ, കാലഹരണപ്പെട്ട കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബ്.
ശൂരനാട് ആശുപത്രിയിൽ, കാലഹരണപ്പെട്ട കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാബ്.

വിശാലമായ സ്ഥലത്ത് അങ്ങിങ്ങായി കോഴിക്കൂടുകൾ പോലെ നിർമിച്ച കെട്ടിടങ്ങൾ പൊളിച്ചുനീക്കി ആശുപത്രി കോംപ്ലക്സ് നിർമിക്കണമെന്ന ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ലബോറട്ടറി ഉൾപ്പെടെ പ്രവർത്തിക്കുന്ന കാലഹരണപ്പെട്ട കെട്ടിടങ്ങളും ചോർന്നൊലിക്കുന്ന അവസ്ഥയിലാണ്. പഴയ ബ്ലോക്കിന്റെ മേൽക്കൂര നവീകരണത്തിനിടയിൽ മഴവെള്ളം വീണു വൈദ്യുതി സർക്യൂട്ട് പൂർണമായും നശിച്ചു. ബസ് സർവീസുകൾ പരിമിതമായ മേഖലയിൽ എന്ത് അത്യാഹിതം ഉണ്ടായാലും 10 കിലോമീറ്റർ സഞ്ചരിച്ച് താലൂക്ക് ആസ്ഥാനമായ ശാസ്താംകോട്ടയിൽ എത്തേണ്ട ഗതികേടിലാണ് ജനങ്ങൾ.

കൊടിക്കുന്നിൽ സുരേഷ് എംപി കഴിഞ്ഞ ദിവസം, ആധുനിക സൗകര്യങ്ങളോടെയുള്ള ആംബുലൻസ് അനുവദിച്ചിരുന്നു. സംസ്ഥാന സർക്കാരിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തി ഫണ്ട് അനുവദിച്ചതായി മുൻപ് പ്രഖ്യാപനം വന്നെങ്കിലും ഔദ്യോഗികമായി ഒരു നടപടിയും ഉണ്ടായില്ല. പണ്ടത്തെ പോലെ ഏത് സമയത്തും ആശ്രയിക്കാൻ കഴിയുന്ന പൊതുജനാരോഗ്യ കേന്ദ്രമായി ആശുപത്രി മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ആശുപത്രിയുടെ ബോർഡിൽ എന്നും നാലഞ്ച് ഡോക്ടർമാരുടെ പേര് കാണും. എന്നാൽ അകത്തു കയറിയാൽ ഒന്നോ രണ്ട് പേരെ മാത്രമേ കാണൂ. ബാക്കിയുള്ളവർ ഓരോ കാര്യം പറഞ്ഞ് ഓരോ വഴിക്ക് പോകും. ജനങ്ങൾക്ക് നല്ല ചികിത്സ കൊടുക്കണമെന്ന് പോലും ആർക്കും ഒരു താൽപര്യവുമില്ല. നന്നായി പ്രവർ ത്തിച്ചിരുന്ന ആശുപത്രിയാണ്.
ഗുരുകുലം പ്രഭാകരൻ ജി.ജോൺസൻ

സാമൂഹികാരോഗ്യ കേന്ദ്രത്തിൽ മെച്ചപ്പെട്ട ചികിത്സയും അനുബന്ധ സൗകര്യങ്ങളും ഉറപ്പാക്കാൻ സർക്കാർതലത്തിൽ നടപടികൾ വേണം. ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് കാര്യക്ഷമമായി ഇടപെടണം. പുതിയ കെട്ടിടസമുച്ചയം നിർമിച്ച് എല്ലാ വിഭാഗത്തിലും മുഴുവൻ സമയ ചികിത്സ നൽകാൻ കഴിയണം.
ഹരികൃഷ്ണൻ ഹരി സപര്യ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com