ADVERTISEMENT

ആദിച്ചനല്ലൂർ∙ പഞ്ചായത്തിൽ ഒൻപതാം വാർഡിൽ ഉഗ്രൻകുന്ന് കോളനി, ശാസ്താംപൊയ്ക, മാർത്തോമ്മാ പള്ളിക്ക് മുകൾ ഭാഗം വരുന്ന പ്രദേശം, കുമ്മല്ലൂർ ആലുവിള, കട്ടച്ചൽ ഏലാ എന്നിവിടങ്ങളിൽ വേനൽക്കാലത്തെ ശുദ്ധജല ക്ഷാമത്തിനു ശാശ്വത പരിഹാരം കാണണമെന്ന ആവശ്യം ശക്തം. ഉഗ്രൻകുന്ന് കോളനിയിൽ ഏതു കാലത്ത് വെള്ളം എത്തിക്കാൻ സാധിക്കുമെന്ന് അധികൃതർക്ക് ഉറപ്പു പറയാനും ആകുന്നില്ല. വേനൽ കടുത്തതോടെ ഇവിടത്തെ കിണറുകളെല്ലാം വറ്റി.

പഞ്ചായത്ത് അധികൃതർ വാഹനത്തിൽ കൊണ്ടു വരുന്ന കുടിവെള്ളം ഒന്നിനും തികയില്ല. ദിവസേന 500 രൂപ കൊടുത്തു ശുദ്ധജലം വാങ്ങേണ്ട ഗതികേടിലാണു നാട്ടുകാർ. കലക്ടർ, എംഎൽഎ, വാട്ടർ അതോറിറ്റി എന്നിവരോടു പരാതി പറഞ്ഞു മടുത്തു. ജല ജീവൻ പദ്ധതി പ്രകാരം പൈപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. പക്ഷേ പൈപ്പ് തുറന്നാൽ വെള്ളത്തിനു പകരം ശബ്ദം മാത്രമാണ് കേൾക്കുന്നതെന്ന് ഉഗ്രൻകുന്ന് കോളനി നിവാസികൾ പറയുന്നു. നെടുമ്പന-ആദിച്ചനല്ലൂർ പഞ്ചായത്ത് അതിർത്തിയിലുളള ഉഗ്രൻ കുന്ന് കോളനിയിൽ താമസിക്കുന്നത് കൂടുതൽ പേരും സാധാരണക്കാരാണ്. കൂലി വേല ചെയ്താണ് ഇവർ കുടുംബം പുലർത്തുന്നത്.

ഒൻപതാം വാർഡിൽ ലോറിയിൽ വെള്ളം എത്തിക്കുന്നു.
ഒൻപതാം വാർഡിൽ ലോറിയിൽ വെള്ളം എത്തിക്കുന്നു.

ദിവസേന കിട്ടുന്ന കൂലിയുടെ പകുതി പണം വെള്ളത്തിനു നൽകണം. കോവിഡ് രൂക്ഷമായതോടെ തൊഴിലുമില്ല.  കട്ടച്ചൽ ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള ജലസംഭരണിയിൽ നിന്നാണ് വെള്ളം ഒൻപതാം വാർഡിലേക്ക് എത്തിക്കുന്നത്. എന്നാൽ ഇൗ ജലസംഭരണിയിൽ നിന്നും വേണ്ടത്ര വെള്ളം വാർഡിൽ എല്ലായിടത്തും എത്തുന്നില്ല. ശാസ്താംപൊയ്ക ഭാഗത്ത് പത്തിലധികം വീട്ടുകാർ കടുത്ത ശുദ്ധജല ക്ഷാമം നേരിടുകയാണ്.  കെഐപി കനാൽ കാട് മൂടി പാഴ് മരങ്ങൾ വളർന്ന നിലയിലാണ്. വേനൽ കടുത്ത് 2 മാസം ആയിട്ടും കനാൽ വഴി വെള്ളം എത്തിയില്ല.

"കൂലിവേലക്കാരാണു ഞങ്ങൾ. ദിവസേന വെള്ളം വില കൊടുത്തു വാങ്ങാനുള്ള ത്രാണിയില്ല. ജല ജീവൻ പദ്ധതി വരുന്നു എന്നറിഞ്ഞപ്പോൾ വലിയ ആശ്വാസം തോന്നി. പൈപ്പ് കണക്‌ഷൻ വന്ന് ടാപ്പും സ്ഥാപിച്ചിട്ട് വെള്ളം മാത്രം വന്നില്ല. ഇനി എന്ന് വെള്ളം എത്തും എന്നതിനെപ്പറ്റി ചോദിച്ചാൽ അധികൃതർക്ക് വ്യക്തമായ ഉത്തരമില്ല.  ശുദ്ധജലം എത്തിക്കാൻ നടപടി കൈക്കൊള്ളണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് 10 തവണയാണ് പരാതി നൽകിയത്.  ഇങ്ങനെ പോയാൽ ഞങ്ങൾ വെള്ളം കുടിക്കാതെ മരിക്കേണ്ടി വരും." - ലിജി (ചരുവിള വീട്, ഉഗ്രൻകുന്ന്)

"വീട്ടിലെ കിണറിലെ വെള്ളം അരിച്ചാണ് ഉപയോഗിക്കുന്നത്. ഇത് പാചകത്തിനായി എടുക്കാൻ സാധിക്കില്ല. ഉയർന്ന പ്രദേശമായതിനാൽ കനാൽ തുറന്നാലും കിണറുകളിൽ വെള്ളം എത്താൻ പ്രയാസമാണ്. വയോധികരും കുട്ടികളും അടങ്ങിയ ഞങ്ങളുടെ കുടുംബങ്ങൾ വെള്ളം ഇല്ലാതെ ഏറെ ബുദ്ധിമുട്ടുകയാണ്. ചിലദിവസം വെള്ളം എത്തുന്നതും നോക്കി ഉറക്കമൊഴിച്ചിരിക്കേണ്ടത് വലിയ കഷ്ടമാണ്." - സുനിത (ഉഗ്രൻകുന്ന്) 

ശാസ്താം പൊയ്ക ഭാഗത്തെ കെഐപി കനാൽ കാടുമൂടിയ നിലയിൽ
ശാസ്താം പൊയ്ക ഭാഗത്തെ കെഐപി കനാൽ കാടുമൂടിയ നിലയിൽ

"ശാസ്താംപൊയ്കയിൽ 16 കുടുംബങ്ങളാണ് ശുദ്ധജലം ലഭിക്കാതെ വലയുന്നത്. പ്രധാന റോഡ് വഴി പൈപ്പ് ലൈനുകൾ പോകുന്നുണ്ട്. ഇതിൽ നിന്നും കണക്‌ഷൻ നൽകിയാൽ ഇവടുത്തെ കുടുംബങ്ങൾക്ക് വലിയ ആശ്വാസമാകും. കെഐപി കനാൽ തുറന്നാൽ വലിയ ആശ്വാസമാകു എന്നാൽ അതിന് മുൻപേ കനാൽ ശുചീകരിക്കണം. കനാലിൽ മാലിന്യം വലിച്ചെറിയുന്നതിന് അറുതി വരുത്തണം." - ബി.സണ്ണി (ശാസ്താം പൊയ്ക പുത്തൻവീട്)

"കട്ടച്ചൽ ജംക്‌ഷനു സമീപത്ത് ആദിച്ചനല്ലൂർ പഞ്ചായത്തിന്റെ അതിർത്തി പ്രദേശമായ ഇവിടെ 17 കുടുംബങ്ങൾക്കാണ് ശുദ്ധജലം ലഭിക്കാത്തത്. കെഐപി കനാൽ കൊണ്ട് ഞങ്ങൾക്ക് ഒരു പ്രയോജനവും ഇല്ല. ജല ജീവൻ പദ്ധതി വഴി വെള്ളം എത്തിക്കാൻ സാധിച്ചാൽ വലിയ ആശ്വാസമാകും." - കെ.പ്രകാശ് (കിഴക്കേ പുത്തൻവീട്, കട്ടച്ചൽ)

" ആദിച്ചനല്ലൂർ പഞ്ചായത്തിൽ ശുദ്ധജല ക്ഷാമം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്ന സ്ഥലമാണ് ശാസ്താംപൊയ്ക, കട്ടച്ചൽ, ഉഗ്രൻകുന്ന് കോളനി, മാർത്തോമ്മാ പളളിക്ക് സമീപം, ആലുവിള, കുമ്മല്ലൂർ എന്നിവിടങ്ങൾ. ജല ജീവൻ പദ്ധതി പ്രകാരം ചില പ്രദേശത്ത് ശുദ്ധജലം എത്തിക്കാൻ ശ്രമം നടത്തി. എന്നാൽ സ്ഥാപിച്ച പൈപ്പിലൂടെ വെള്ളം തുറന്നു വിടാൻ അധികൃതർ തയാറാകാത്തതു വലിയ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്.

പഞ്ചായത്തിൽ നിന്നും ഇൗ ഭാഗങ്ങളിലേക്ക് കഴിയുന്ന തരത്തിൽ വെള്ളം എത്തിക്കാൻ ശ്രമിക്കുന്നു. എന്നാൽ അതൊന്നു പരിഹാരമാകില്ല. കട്ടച്ചലിൽ സ്ഥാപിച്ചിട്ടുള്ള ജല സംഭരണിയാകട്ടെ വേണ്ടത്ര ഉയരത്തിലല്ല സ്ഥാപിച്ചിട്ടുള്ളത്. മാത്രമല്ല ചില ഭാഗങ്ങളിൽ പഴയ ആസ്ബസ്റ്റോസ് പൈപ്പുകളാണ് ഇപ്പോഴും ഉള്ളത്. അതിനാൽ വേഗത്തിൽ പമ്പിങ് നടത്തിയാൽ ഇവ പൊട്ടുന്ന അവസ്ഥയുണ്ട്. ഇവ മാറ്റി സ്ഥാപിക്കാൻ അധികൃതർ തയാറാകണം. കെഐപി കനാലിന്റെ ശുചീകരണവും അടിയന്തരമായി പരിഗണിക്കേണ്ടതുണ്ട്. എല്ലാ ജനങ്ങൾക്കും ശുദ്ധജലം എത്തിക്കാൻ അധികൃതർ തയാറാകണം." - ഷാജി ലൂക്കോസ് (പഞ്ചായത്തംഗം)

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com