ADVERTISEMENT

അഞ്ചാലുംമൂട് ∙ ലോട്ടറി തിരുത്തി തട്ടിപ്പുനടത്തുന്നയാളെ അഞ്ചാലുംമൂട് പൊലീസ് കസ്റ്റഡിയിൽ വാങ്ങി. കരിക്കോട് ബ്ലാത്തൂർ ഹൗസിൽ വാടകയ്ക്ക് താമസിക്കുന്ന പുനലൂർ സ്വദേശി ഷാജ് (42)നെ കഴിഞ്ഞ ദിവസം ഏനാത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷന് സമീപത്തു ലോട്ടറി കച്ചവടം നടത്തി വന്ന അഷ്ടമുടി സ്വദേശി സോമനെ 2000 രൂപയുടെ നമ്പർ തിരുത്തിയ ലോട്ടറി നൽകി പറ്റിക്കുകയായിരുന്നു. 6 മാസം മുൻപായിരുന്നു കേസിനാസ്പദമായ സംഭവം.

കാറിൽ വന്ന ഷാജ് 2000 രൂപ സമ്മാനം അടിച്ച ടിക്കറ്റ് ആണെന്നു പറഞ്ഞ് നമ്പർ തിരുത്തിയ ലോട്ടറിയാണ് കച്ചവടക്കാരന് നൽകിയത്. സംഭവം പുറത്തറിഞ്ഞതോടെ അടുത്ത ദിവസം ഇയാൾ  അഞ്ചാലുംമൂട്ടിലെത്തി തട്ടിപ്പിന് ഇരയായ സോമനെ കണ്ടെത്തി 2000 രൂപ തിരികെ നൽകുകയും മാപ്പ് പറയുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം അടൂരിൽ സമാനമായ രീതിയിൽ 9,000 രൂപ തട്ടിയ കേസിലാണ് ഷാജിനെ ഏനാത്ത് പൊലീസ് പിടികൂടുന്നത്. കൊല്ലം, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലടക്കം ലോട്ടറി തിരുത്തി തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് 14 കേസുകൾ ഇയാൾക്കെതിരെ നിലവിലുണ്ട്. 

∙ പൂജ്യവും ആറും എട്ടാക്കും

∙ 0, 6 എന്ന അക്കങ്ങളെ തിരുത്തി 8 ആക്കിയാണ് തട്ടിപ്പ് നടത്തുന്നത്. 100 മുതൽ 5000 രൂപ വരെയുള്ള സമ്മാനാർഹമായ ടിക്കറ്റുകളിൽ പൂജ്യം, 6 എന്നീ അക്കങ്ങളുണ്ടെങ്കിൽ അത് ബ്ലേഡ് ഉപയോഗിച്ച് തിരുത്തി പേന കൊണ്ട് തിരുത്തി 8 ആക്കും. ലോട്ടറി ടിക്കറ്റിന് യാതൊരു കേടുപാടും സംഭവിക്കാത്ത വിധത്തിൽ സൂക്ഷ്മമായാണ് നമ്പർ തിരുത്തുന്നത്. തുടർന്ന് ആ ടിക്കറ്റുകൾ വഴിയോരങ്ങളിൽ ഇരുന്ന് ലോട്ടറി കച്ചവടം നടത്തുന്നവർക്ക് നൽകി പകരം പണവും ലോട്ടറി ടിക്കറ്റും വാങ്ങുന്നതാണ് തട്ടിപ്പിന്റെ രീതി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com