ADVERTISEMENT

ന്യൂജെൻ ബൈക്കിൽ പൊതുനിരത്തുകളിൽ യുവാക്കൾ നടത്തുന്ന അഭ്യാസ പ്രകടനങ്ങൾക്കു നിരപരാധികളായ യാത്രക്കാരാണ് പലപ്പോഴും ഇരയാകുന്നത്. റോഡിൽ മത്സര ഓട്ടവും അഭ്യാസ പ്രകടനങ്ങളും നടത്തി മൊബൈലിൽ ചിത്രീകരിച്ച ശേഷം നവമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുന്നത് പതിവാണ്. ഇതിനായി ഇത്തരക്കാർക്കു പ്രത്യേകം വാട്സാപ് ഗ്രൂപ്പുകളുമുണ്ട്. മത്സരയോട്ടം നടത്തുന്ന ന്യൂജെൻ ബൈക്കുകളുടെ വേഗം പലപ്പോഴും നൂറ് കിലോമീറ്ററിനു മുകളിലാണ്. നിലവാരത്തിൽ ടാറിങ് നടത്തിയ നിരത്തുകളാണ് ഇതിനായി ഇവർ തിരഞ്ഞെടുക്കുന്നത്. പൊലീസ്, മോട്ടർ വാഹന വകുപ്പ് എന്നിവരുടെ പരിശോധന കർശനമായതിനാൽ മത്സര ഓട്ടങ്ങൾക്കു അപൂർവമായി മാത്രമേ എംസി റോഡ് തിരഞ്ഞെടുക്കാറുള്ളൂ.

സ്കൂൾ, കോളജ് എന്നിവയോടു ചേർന്നുള്ള ഭാഗങ്ങളാണ് ഇതിനായി ഇക്കൂട്ടർ പ്രധാനമായും തിരഞ്ഞെടുക്കുന്നത്. ന്യൂജെൻ ബൈക്കുകളുടെ മുൻവശത്തെ നമ്പർ പ്ലേറ്റ് തീരെ ചെറുതായിരിക്കും പരിശോധനയ്ക്കു ഉദ്യോഗസ്ഥർ എത്തിയാൽ പിന്നിലിരുന്ന യാത്രികൻ ബൈക്കിന്റെ പിൻവശത്തെ നമ്പർ പ്ലേറ്റ് മുകളിലേക്കു മടക്കി വെയ്ക്കും. ഇതോടെ ഉദ്യോഗസ്ഥർക്കു വാഹനം തിരിച്ചറിയാൻ സാധിക്കില്ല. ഇത്തരത്തിൽ അഭ്യാസം നടത്തുന്ന ന്യൂജെൻ ബൈക്കുകളുടെ വീഡിയോകൾ നൽകിയാൽ ഇവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

പൊലിക്കോട് നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യം.
പൊലിക്കോട് നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യം.

ബൈക്ക് ഓടിക്കുന്നതിനിടെ സെൽഫി;  രണ്ടു പേർക്ക് പരുക്ക്...

ആയൂർ ∙ എംസി റോഡിൽ അമിത വേഗത്തിലെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു ബൈക്കിൽ ഇടിച്ചു രണ്ടു പേർക്ക് പരുക്ക്. ബൈക്ക് ഓടിക്കുന്നതിനിടെ 19 വയസ്സുകാരൻ സെൽഫിയെടുത്തതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. എതിരെ വന്ന ബൈക്ക് ഓടിച്ചിരുന്ന എംബിഎ വിദ്യാർഥി വാളകം ശ്രീനിലയത്തിൽ അശ്വിൻ കൃഷ്ണന്റെ (24) കാലിനു സാരമായി പരുക്കേറ്റു. അപകടം വരുത്തിയ ബൈക്ക് ഓടിച്ചിരുന്ന പത്തനംതിട്ട സ്വദേശി ആരോമലിനും (19) പരുക്കുണ്ട്. ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എംസി റോഡിൽ പൊലിക്കോട് ഭാഗത്ത് ഇന്നലെ രാവിലെ ഒൻപതിനായിരുന്നു അപകടം. നാല് ബൈക്കുകളിലായി യുവാക്കൾ കൊട്ടാരക്കര ഭാഗത്തേക്കു പോകുന്നതിനിടെയാണ് ഇതിൽ ഒരു ബൈക്ക് നിയന്ത്രണംവിട്ട്, എതിർദിശയിൽ വന്ന മറ്റൊരു ബൈക്കിൽ ഇടിച്ചത്. ഒപ്പമുള്ള മറ്റു ബൈക്കുകളിലെത്തിയവർ നിർത്താതെ പോയി. അശ്വിന്റെ ബൈക്ക് നിയന്ത്രണംവിട്ട് ഒരു കാറിലും ഇടിച്ചു.ആരോമലിന്റെ ബൈക്ക് റോഡിന്റെ വശത്തിരുന്ന മറ്റൊരു ബൈക്കിലും കടയ്ക്കു മുന്നിലിരുന്ന ഉന്തുവണ്ടിയിലും ഇടിച്ചു പൂർണമായി തകർന്നു. യുവാക്കളുടെ സംഘം യാത്ര ചെയ്ത ബൈക്കുകൾക്ക് നമ്പർ പ്ലേറ്റുകൾ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

അപകടം നടന്ന സ്ഥലത്തിനടുത്തുള്ള കടയ്ക്കു സമീപം കണ്ട ബൈക്കുകളിലൊന്നു പിന്നീട് നാട്ടുകാർ പൊലീസിൽ ഏൽപിച്ചു. നാലംഗസംഘത്തിൽ ഒരാളുടേതാണെന്നു പൊലീസ് സംശയിക്കുന്നു. ബൈക്കുകളുടെ അമിത വേഗം കണ്ടു ഇവരെ ആയൂർ ഭാഗത്തു വച്ചു ഹൈവേ പൊലീസ് കൈ കാണിച്ചെങ്കിലും കടന്നു കളയുകയായിരുന്നു. ഇതിനു ശേഷം മുന്നോട്ടു പോകുന്നതിനിടെയാണു അപകടം . അപകടത്തിൽപ്പെട്ട ചെയ്സ് നമ്പർ നോക്കിയാണ് മോട്ടർ വാഹനവകുപ്പ് ഉടമയെ കണ്ടെത്തിയത്. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com