ADVERTISEMENT

കൊല്ലം∙ ജില്ലയിൽ കോവിഡ് കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ സ്വകാര്യ ആശുപത്രികളിലെ നഴ്സിങ് വിദ്യാർഥികളുടെയും ഹൗസ് സർജൻസിന്റെയും സേവനം ആരോഗ്യവകുപ്പ് ഉപയോഗിക്കും. സ്വകാര്യ നഴ്സിങ് കോളജുകളിലെ മൂന്നാം വർഷ വിദ്യാർഥികളുടെ 50 ശതമാനം പേരെ കോവിഡ് ഡ്യൂട്ടിക്കായി ആവശ്യപ്പെടും. നിലവിൽ സർക്കാർ നഴ്സിങ് കോളജുകളിലെ മൂന്നാം വർഷ വിദ്യാർഥികൾ ഡ്യൂട്ടി ചെയ്യുന്നുണ്ട്.

സ്വകാര്യ ആശുപത്രികളിൽ 25 ശതമാനം കിടക്കകൾ കോവിഡ് ചികിത്സയ്ക്കായി നീക്കിവയ്ക്കാൻ ശക്തമായ നിർദേശം നൽകിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ നിരക്കുകൾക്ക് അനുസൃതമായാണ് ഇപ്പോൾ കോവിഡ് നിയന്ത്രണങ്ങൾ നിശ്ചയിക്കുന്നത്. കിടക്കകൾ നീക്കിവയ്ക്കുന്നതിൽ കൃത്യതയില്ലെങ്കിൽ നിരക്ക് കണക്കാക്കുമ്പോൾ തെറ്റുണ്ടാകാനും കൂടുതൽ നിയന്ത്രണങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാട്ടുന്നു.

ആന്റിജൻ പരിശോധന വർധിപ്പിക്കും

കൊല്ലം∙ കോവിഡ് വ്യാപനത്തോത് ഉയരുന്ന സാഹചര്യത്തിൽ ആന്റിജൻ പരിശോധനകളുടെ എണ്ണം വർധിപ്പിക്കുമെന്ന് മന്ത്രി കെ.എൻ ബാലഗോപാൽ . ഓൺലൈനായി ചേർന്ന തദ്ദേശ സ്ഥാപന പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സമ്പർക്ക രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ആന്റിജൻ പരിശോധനകൾ വേണമെന്ന പഞ്ചായത്ത് പ്രതിനിധികളുടെ ആവശ്യപ്രകാരമാണ് തീരുമാനം. മൊബൈൽ പരിശോധനാ യൂണിറ്റുകളുടെ സേവനവും പ്രയോജനപ്പെടുത്തും. പഞ്ചായത്ത് തല പ്രതിരോധ പ്രവർത്തനങ്ങൾക്ക് എൻഎച്ച്എം വഴി ആരോഗ്യപ്രവർത്തകരെ നിയോഗിക്കും.

ജില്ലയിലെ സ്ഥിതി നിയന്ത്രണവിധേയം ആണെങ്കിലും ജാഗ്രത കൈവിടാതെ വാർഡ് തല പ്രവർത്തനങ്ങൾക്ക് പ്രാമുഖ്യം നൽകണം.കോവിഡ് ഇതര രോഗികൾക്ക് ചികിത്സ ഉറപ്പാക്കുന്നതിന് പ്രാദേശികതലത്തിൽ സംവിധാനമൊരുക്കണം. ജനത്തിരക്ക് നിയന്ത്രിക്കുന്നതിനും കോവിഡ് മാനദണ്ഡ പാലനം ഉറപ്പാക്കുന്നതിനും തദ്ദേശ സ്ഥാപന പ്രതിനിധികൾ മുൻകൈ എടുക്കണമെന്നും കൃത്യമായ ഇടവേളകളിൽ യോഗം വിളിച്ചു ചേർക്കണമെന്നും മന്ത്രി പറഞ്ഞു. ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയൽ, ജില്ലാ കലക്ടർ അഫ്സാനാ പർവീൺ, മേയർ പ്രസന്ന ഏണസ്റ്റ്, ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളുടെ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

താലൂക്ക് സ്ക്വാഡ് ശക്തിപ്പെടുത്തി 

കൊല്ലം∙ കോവിഡ് പ്രതിരോധം ലക്ഷ്യമാക്കി ജില്ലയിൽ താലൂക്ക് സ്ക്വാഡുകൾ പ്രവർത്തനം കൂടുതൽ ശക്തിപ്പെടുത്തി. പ്രോട്ടോക്കോൾ ലംഘിച്ച് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് നോട്ടിസ് നൽകി. മാസ്ക് ധരിക്കാത്തവർക്ക് താക്കീതും നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com