ADVERTISEMENT

കൊല്ലം ∙  വിവാഹത്തിനു സ്ത്രീധനമായി നൽകിയ സ്വർണം കുറവാണെന്നു പറഞ്ഞാണ്  വിസ്മയയെ ഭർത്താവ് കിരൺ ഉപദ്രവിച്ചു തുടങ്ങിയതെന്നു  മൂന്നാം സാക്ഷിയും വിസ്മയയുടെ മാതാവുമായ സജിത വി. നായർ കോടതിയിൽ മൊഴി നൽകി.  സ്ത്രീധനമായി  നൽകിയ കാറിനെ ചൊല്ലി വസ്ത്രം വാങ്ങി വരുമ്പോൾ വഴക്കുണ്ടായി. കാറിൽ വച്ചു ഉപദ്രവിച്ചതിനെ തുടർന്നു മകൾ ചിറ്റുമലയിലെ വീട്ടിൽ അഭയം തേടിയതായും  ഒന്നാം അഡീഷനൽ സെഷൻസ് കോടതി  ജഡ്ജി  കെ.എൻ. സുജിത്ത് മുൻപാകെ സാക്ഷി മൊഴി നൽകി.

വിസ്മയയുടെ മാതാവിന്റെ ഫോണിൽ റെക്കോർഡ് ആയിരുന്ന സംഭാഷണങ്ങളും കിരണിന്റെയും ബന്ധുക്കളുടെയും ശബ്ദവും സാക്ഷി തിരിച്ചറിഞ്ഞു. സ്ത്രീധനത്തിനു വേണ്ടി തന്നെ പീഡിപ്പിക്കുന്നതായി വിസ്മയ കരഞ്ഞു കൊണ്ടു പറയുന്നതും  കാർ യാത്രയ്ക്കിടെ  കിരൺ ഭാര്യയെ അസഭ്യം പറയുന്നതും വിസ്മയയുടെ പിതാവിനെ ഉപദ്രവിക്കുമെന്നു കിരൺ ഭീഷണിപ്പെടുത്തുന്നതുമായ ശബ്ദങ്ങളാണ് തിരിച്ചറിഞ്ഞത്. ലോക്ഡൗൺ കാരണമാണ് 100 പവൻ സ്വർണം  നൽകാൻ കഴിയാതിരുന്നത്.

മർദിച്ച വിവരം പറഞ്ഞപ്പോൾ, നൽകാമെന്നു പറഞ്ഞതു ലഭിച്ചാൽ പ്രശ്നം തീരുമെന്നു കിരണിന്റെ പിതാവ് പറയുകയുണ്ടായി. വേറെ കാർ വേണമെന്നു പറഞ്ഞു ജനുവരി 2നു അർധരാത്രിയിൽ  വിസ്മയയെ കിരൺ ഉപദ്രവിച്ച ശേഷം കാറിൽ കയറ്റി തങ്ങളുടെ വീട്ടിൽ കൊണ്ടുവരുകയും പ്രശ്നങ്ങൾ ഉണ്ടാക്കുകയും ചെയ്തു. എന്നാൽ വീണ്ടും വിസ്മയ കിരണിന്റെ  വീട്ടിലേക്കു പോയി.  ഫെബ്രുവരിയിൽ  സഹോദരന്റെ വിവാഹം നടക്കുന്നതിനാൽ  വീട്ടിൽ നിൽക്കുന്നത്  നാട്ടുകാരുടെ മുന്നിൽ കുറച്ചിലാണെന്നു പറഞ്ഞാണു വിസ്മയ ഭർതൃഗൃഹത്തിലേക്കു പോയത്.

മകൻ വിജിത്തിന്റെ വിവാഹത്തിനു ക്ഷണിക്കാൻ കിരണിന്റെ വീട്ടിലെത്തിയപ്പോൾ വിസ്മയ വിഷമിച്ചിരിക്കുകയായിരുന്നു. മകളെ വീട്ടിലേക്കു വിളിച്ചു കൊണ്ടുവന്നതായി സാക്ഷി മൊഴി നൽകി. ഭർതൃ വീട്ടിലെ പീഡനത്തെക്കുറിച്ചു വിസ്മയ വിശദമായി പറഞ്ഞു. തുടർന്നു സമുദായ സംഘടനയെ വിവരം അറിയിച്ചു. ഇതു സംബന്ധിച്ചു ചർച്ച ചെയ്യാനിരിക്കെയാണ്, കിരണിന്റെ ജന്മദിനത്തിന് ഭർത്താവിനോടൊപ്പം വിസ്മയ പോയത്. അതിനു ശേഷം കിരണിന്റെ വീട്ടിലായിരുന്നു വിസ്മയ.

കിരണിനോടൊപ്പം വിസ്മയ ഭർതൃഗൃഹത്തിലേക്ക് തിരികെ പോകുന്നത് അറിയാമായിരുന്നോ എന്ന പ്രതിഭാഗത്തിന്റെ ചോദ്യത്തിനു കിരൺ വന്നു വിളിക്കുകയാണെങ്കിൽ പോകുമെന്ന് അറിയാമായിരുന്നെന്ന്  സാക്ഷി മൊഴി നൽകി. ആ വിവരം വിസ്മയയുടെ പിതാവിനോടു പറഞ്ഞോ എന്ന ചോദ്യത്തിന് ‘ഇല്ല, അതാണെനിക്കു പറ്റിയ തെറ്റ്’ എന്നായിരുന്നു മറുപടി.  എതിർ വിസ്താരം തിങ്കളാഴ്ച തുടരും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com