ആര്യങ്കാവ്∙ വാനരന്മാരെ പേടിച്ച് തേങ്ങക്കുലയിൽ വലകെട്ടി കർഷകർ. കിഴക്കൻമേഖലയിലെ തെങ്ങുകളിൽ ഇപ്പോൾ തേങ്ങ സംരക്ഷണത്തിന് വലകളെയാണ് കർഷകർ ആശ്രയിക്കുന്നത്. വിളവെത്തിയതും എത്താത്തതുമായ തേങ്ങകൾ കുരങ്ങുകൾ നശിപ്പിച്ചതോടെയാണ് ഈ മാർഗത്തിലേക്ക് തിരിഞ്ഞത്. നല്ല വിളവ് ലഭിച്ചിരുന്ന തെങ്ങുകളിൽ നിന്നും വാനരൻമാരായിരുന്നു വിളവെടുത്തിരുന്നത്.
കർഷകർക്ക് പലപ്പോഴും തൊണ്ട് മാത്രമാണ് തെങ്ങിന്റെ ചുവട്ടിൽ നിന്നും ലഭിക്കുക. ശല്യം ഏറിയതോടെ പല മാർഗങ്ങളും കർഷകർ നോക്കിയെങ്കിലും വിജയത്തിലേക്ക് എത്തിയിരുന്നില്ല. ഇപ്പോൾ വലകെട്ടി തേങ്ങ സംരക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് കർഷകർ. വലയ്ക്കൊപ്പം തേങ്ങാക്കുലകൾ പ്ലാസ്റ്റിക് ചാക്കുകൊണ്ട് മൂടിയും പ്രതിരോധിക്കുന്നുണ്ട്. കുരങ്ങിനൊപ്പം മലയണ്ണാനും തെങ്ങ ഇടാൻ എത്താറുണ്ട്.