ADVERTISEMENT

കൊല്ലം∙വിനോദസഞ്ചാര കേന്ദ്രമായ സാമ്പ്രാണിക്കോടി തുരുത്തിൽ പൂർണമായും പ്ലാസ്റ്റിക് നിരോധിച്ച് കലക്ടർ അഫ്‌സാന പർവീൺ. ഇതിനായി ‘നോ പ്ലാസ്റ്റിക് സോൺ’ ബോർഡുകൾ സ്ഥാപിക്കും. അനധികൃതമായി കായലിനു നടുവിൽ ഭക്ഷ്യവസ്തുക്കളുടെ കച്ചവടം നടത്തുന്നവർക്കും നിരോധനമേർപ്പെടുത്തി. അഷ്ടമുടിക്കായലിൽ സ്ഥിതി ചെയ്യുന്ന തുരുത്തിൽ ഡിടിപിസിയുടെ കണക്കുപ്രകാരം അവധി ദിവസങ്ങളിലടക്കം 4000 മുതൽ 5000 ആളുകൾ വരെ എത്തുന്നുണ്ട്. ഇവർക്കു സുരക്ഷ ഏർപ്പെടുത്തുന്നതിനു കൂടിയാണ് തീരുമാനം. സഞ്ചാരികളുമായി എത്തുന്ന ലൈസൻസ് ഇല്ലാത്ത സ്വകാര്യ ബോട്ടുകൾക്കും അനുമതി നിഷേധിച്ചു. 

ഇത്തരം ബോട്ടുകളുടെ വിവരങ്ങൾ ശേഖരിച്ച് ലൈസൻസ് ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ പോർട്ട് വകുപ്പിനു നിർദേശം നൽകി. തുരുത്തിനു ചുറ്റും പരിസ്ഥിതി സൗഹൃദ ജിയോ ബാഗുകളുടെ ആവശ്യകത സംബന്ധിച്ചു പഠനം നടത്താൻ ഉൾനാടൻ ജലഗതാഗത വകുപ്പിനെ ചുമതലപ്പെടുത്തും. തിരക്കുള്ള ദിവസങ്ങളിൽ പൊലീസ് പട്രോളിങ് ശക്തമാക്കും. ലൈഫ് ഗാർഡുകളുടെ സേവനം ലഭ്യമാക്കാനുള്ള നിർദേശം നൽകി. സഞ്ചാരികൾ പുറത്തുനിന്നുള്ള ഭക്ഷ്യവസ്തുക്കൾ തുരുത്തിനുള്ളിൽ കൊണ്ടുവരുന്നത് നിരോധിക്കും. തുരുത്തിലെ കൃത്യമായ പരിധി നിശ്ചയിക്കാൻ സർവേ നടത്താൻ റവന്യു എൽആർ വിഭാഗത്തിനു നിർദേശം നൽകി.

തുരുത്തിൽ എത്തുന്നവർ നിശ്ചിത സമയപരിധിയിൽ തിരികെയെത്തണം. നിർദേശങ്ങളുടെ പുരോഗതി വിലയിരുത്താൻ മേയ് ആദ്യവാരം വീണ്ടും യോഗം ചേരുമെന്നും കലക്ടർ വ്യക്തമാക്കി. സഞ്ചാരികൾക്കു ഡിടിപിസിയുടെ നേതൃത്വത്തിൽ ടിക്കറ്റ് സംവിധാനം ഏർപ്പെടുത്തണമെന്ന ആവശ്യം യോഗത്തിൽ ഉയർന്നു.ഐപിഎസ് ട്രെയിനി നകുൽ രാജേന്ദ്ര ദേശ്മുഖ്, ഡിടിപിസി സെക്രട്ടറി ഡോ. രമ്യ ആർ.കുമാർ, തഹസിൽദാർ ശശിധരൻപിള്ള, അഞ്ചാലുംമൂട് സിഐ ദേവരാജൻ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ വകുപ്പ് മേധാവികൾ, മത്സ്യത്തൊഴിലാളികൾ, ടൂറിസ്റ്റ് ബോട്ട് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com