ADVERTISEMENT

കൊല്ലം∙ എടിഎമ്മിലെ സുരക്ഷാ വീഴ്ച മുതലെടുത്തുള്ള പണം തട്ടിപ്പ് തടയാൻ സംവിധാനമൊരുങ്ങി. കേരളത്തിൽ ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഇത്തരം തട്ടിപ്പു നടത്തുന്ന സംഘം കഴിഞ്ഞ ദിവസം കൊല്ലത്തു പിടിയിലായിരുന്നു. ഇവരുടെ തട്ടിപ്പു രീതി തടയാനുള്ള സംവിധാനം ഏതാനും ദിവസങ്ങൾക്കു മുൻപേ പ്രാവർത്തികമായെന്ന് വിവിധ ബാങ്കുകൾക്കു വേണ്ടി കേരളത്തിലുടനീളം നാലായിരത്തോളം എടിഎമ്മുകൾ സ്ഥാപിച്ചിട്ടുള്ള കമ്പനിയുടെ പ്രതിനിധി പറഞ്ഞു.

 ദേവേന്ദ്ര സിങ്, വികാസ് സിങ് എന്നിവർ എടിഎം കൗണ്ടറിൽ.
ദേവേന്ദ്ര സിങ്, വികാസ് സിങ് എന്നിവർ എടിഎം കൗണ്ടറിൽ.

എടിഎമ്മിലെ മെക്കാനിക്കൽ തകരാർ മനസ്സിലാക്കിയാണ് സംഘം തട്ടിപ്പു നടത്തുന്നത്. പണം പിൻവലിക്കുന്ന സമയത്ത് മെഷീനിലെ കാഷ് ഡിസ്പെൻസറിന്റെ ഷട്ടർ കുറച്ചുനേരം തള്ളിപ്പിടിക്കുന്നതാണ് ഇവരുടെ തട്ടിപ്പു രീതി. തുടർന്ന് പണം കയ്യിൽക്കിട്ടുമെങ്കിലും അക്കാര്യം മെഷീനിൽ രേഖപ്പെടുത്തില്ല. പിന്നീട് പണം കിട്ടിയില്ലെന്ന് ബാങ്കിനെ ധരിപ്പിച്ച് വീണ്ടും അക്കൗണ്ടിൽ പണമെത്തിക്കുകയാണ് തട്ടിപ്പുരീതി.

 കാർഡ് സ്വൈപ് ചെയ്യുന്നു.
കാർഡ് സ്വൈപ് ചെയ്യുന്നു.

എന്നാൽ കാഷ് ഡിസ്പെൻസർ ഷട്ടർ കൃത്യമായി പ്രവർത്തിച്ചില്ലെങ്കിൽ തട്ടിപ്പു സംശയിക്കേണ്ടതാണെന്ന സന്ദേശം ബാങ്കിൽ എത്തുന്ന പുതിയ സംവിധാനം ഏർപ്പെടുത്തിയെന്നാണ് കമ്പനി അധികൃതർ പറയുന്നത്.ഏതാനും നാളുകൾക്കു മുൻപു തന്നെ വിവിധ ബാങ്കുകൾക്ക് ഇത്തരം തട്ടിപ്പുകൾ സംബന്ധിച്ച് ഒരു സർക്കുലർ കമ്പനി നൽകിയിരുന്നു. ഷട്ടർ പ്രശ്നങ്ങളുണ്ടാകുമ്പോൾ ബാങ്കിലെ സെർവറിലേക്ക് നേരത്തേ എറർ മെസേജ് മാത്രമായിരുന്നു പോയിരുന്നത്. ഇത് ബാങ്കുകൾ അത്ര കാര്യമായി എടുത്തിരുന്നുമില്ല.

 പണം വരുന്ന ഷട്ടറിൽ വിരൽ കൊണ്ട്  അമർത്തി സെൻസർ മറയ്ക്കുന്നു.
പണം വരുന്ന ഷട്ടറിൽ വിരൽ കൊണ്ട് അമർത്തി സെൻസർ മറയ്ക്കുന്നു.

എന്നാൽ ഇപ്പോൾ എറർ മെസേജ് പോലെത്തന്നെ ‘ഫ്രോഡ് ഡിറ്റക്ടഡ്’ എന്ന സന്ദേശവും ലഭിക്കുന്ന സംവിധാനം കമ്പനി ഏർപ്പെടുത്തി. ഈ സന്ദേശം ലഭിച്ചിട്ടുള്ള പണമിടപാടുമായി ബന്ധപ്പെട്ട്, എടിഎമ്മിൽ നിന്ന് പണം ലഭിച്ചില്ലെന്ന തരത്തിൽ ബാങ്കിന് അപേക്ഷ നൽകിയാൽ കൃത്യമായ പരിശോധനകൾ ഉണ്ടാകും. എടിഎമ്മിലുള്ള ആകെ പണത്തിന്റെ കണക്കുൾപ്പെടെ വിശദമായി പരിശോധിച്ചും ഉപഭോക്താവിൽ നിന്ന് നേരിട്ട് പരാതി സ്വീകരിച്ചും മാത്രമേ പണം റീഫണ്ട് ചെയ്യുകയുള്ളൂ. ഈ സംവിധാനം കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്ന് എസ്ബിഐയിൽ നിന്ന് കമ്പനിയെ അറിയിച്ചിട്ടുമുണ്ട്.

    പുറത്തേക്ക് വന്ന പണം എടുക്കുന്നു.
പുറത്തേക്ക് വന്ന പണം എടുക്കുന്നു.

കഴിഞ്ഞ ദിവസം പണം തട്ടിപ്പിനു ശ്രമിച്ച സംഘം പിടിയിലായിരുന്നില്ലെങ്കിൽ പോലും അവരുടെ പദ്ധതി വിജയിക്കില്ലായിരുന്നെന്ന് എടിഎം കമ്പനി പ്രതിനിധി പറയുന്നു. മെഷീനിൽ കേടുപാടുണ്ടാക്കാനും അക്കൗണ്ടിലുള്ള പണമെടുക്കാനും സാധിച്ചേക്കും. എന്നാൽ, പണം വീണ്ടും അക്കൗണ്ടിലേക്ക് തിരിച്ചെത്തുന്നതിന്, പുതിയ മാറ്റത്തിനു ശേഷം സാധ്യതയില്ലെന്നാണ് കമ്പനിയുടെ വാദം.

  പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ  എടിഎം കൗണ്ടറിനു മുന്നിൽ എത്തിയവർ
പ്രതികളെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ എടിഎം കൗണ്ടറിനു മുന്നിൽ എത്തിയവർ

ഉത്തർപ്രദേശ് കാൺപൂർ, ഗദംപൂർ, പുരൽഹർ പോസ്റ്റ് ഓഫിസ് പരിധിയിൽ ദേവേന്ദ്ര സിങ് (24), കാൺപൂർ നഗർ കല്യാൺപൂർ പങ്കി റോഡ് 49 സിയിൽ വികാസ് സിംങ് (21) എന്നിവരാണ് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ഇവരെ കൊല്ലം സിറ്റി, തിരുവനന്തപുരം സിറ്റി സ്പെഷൽ സ്ക്വാഡുകൾ ചേർന്ന് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവർ പണം തട്ടിപ്പിനു ശ്രമിച്ച കൊല്ലം കടപ്പാക്കട, ശങ്കേഴ്സ് എന്നിവിടങ്ങളിലെ എടിഎമ്മുകളിൽ ഇവരെയെത്തിച്ചു തെളിവെടുപ്പ് നടത്തി. തുടർന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com