കലോത്സവം: തിരുവനന്തപുരം മാർ ഇവാനിയോസ് മുന്നില്‍

ടികെഎം കോളജിൽ ഒപ്പന അരങ്ങേറുമ്പോൾ സദസ്സിലെ ആവേശം.
SHARE

കൊല്ലം ∙ കേരള സർവകലാശാല യൂണിയൻ കലോത്സവം രണ്ടാം ദിനം പൂർത്തിയാകുമ്പോൾ പോരാട്ടത്തിന് വാശിയും ആവേശവുമേറി. 17 ഇനങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റുമായി തിരുവനന്തപുരം മാർ ഇവാനിയോസ് കോളജ് മുന്നിലെത്തി. തിരുവനന്തപുരം ശ്രീ സ്വാതിതിരുനാൾ സം​ഗീത കോളജ് 26  പോയിന്റുമായി രണ്ടാം സ്ഥാനത്തും 25  പോയിന്റുമായി തിരുവനന്തപുരം ​​ഗവ.വനിതാ കോളജ് മൂന്നാം സ്ഥാനത്തുമുണ്ട്.  കൊല്ലം എസ്എൻ വനിതാ കോളജ് (19 പോയിന്റ്), കൊല്ലം എസ്എൻ  കോളജ് (17 പോയിന്റ്) എന്നിവർ പിന്നാലെയുണ്ട്.

രാത്രി 10  വരെ 17 ഇനങ്ങളുടെ ഫലമാണ് പ്രഖ്യാപിച്ചത്. പെൺകുട്ടികളുടെ വിഭാ​ഗത്തിൽ സ്വാതി തിരുനാൾ സം​ഗീത കോളജിലെ സോന സുനിലാണ് (15 പോയിന്റ്) മുന്നിൽ. കൊല്ലത്തെ ശ്രീനാരായണ​ഗുരു കോളജ് ഓഫ് ലീ​ഗൽ സ്റ്റഡീസിലെ പൂജ രാജേഷ്, എസ്എൻ കോളജിലെ ആർ. അമൃത, തിരുവന്തപുരം മാർ ഇവാനിയോസ് കോളജിലെ മാധവി പുതുമന എന്നിവർ 5 പോയിന്റോടെ രണ്ടാമതുണ്ട്.

ആൺകുട്ടികളുടെ വിഭാ​ഗത്തിൽ ചേർത്തല എസ്എൻ കോളജിലെ എസ്.വിഷ്ണു 10 പോയിന്റോടെ ഒന്നാമത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിലെ എം.​ഗൗതമാണ് രണ്ടാമത്. ആറ് പോയിന്റ്. ട്രാൻസ്ജെൻഡർ വിഭാ​ഗത്തിൽ തിരുവനന്തപുരം സ്വാതി തിരുനാൾ സം​ഗീത കോളജിലെ ജെ.ഐവിൻ മാത്രമാണ് ഇതുവരെ മത്സരിച്ചത്. മോണോ ആക്ട് , ഭരതനാട്യം എന്നിവയിലാണ് ഐവിൻ മത്സരിച്ചത്. ഇന്നലെ മുപ്പതിലേറെ ഇനങ്ങളിൽ മത്സരം നടന്നു.

ഏറ്റവും കൂടുതൽ പേർ കഥയെഴുതാൻ 

ഇതുവരെ നടന്ന മത്സരങ്ങളിൽ ഏറ്റവുമധികം വിദ്യാർഥികൾ പങ്കെടുത്തത് മലയാളം കഥാരചനയിൽ (123). കൂടുതൽ മത്സരാർഥികൾ തിരുവനന്തപുരം മാർ ഇവാനിയോസ് കോളജിൽ നിന്നാണ്. ​ഗ്രൂപ്പ് ഇനങ്ങളിൽ ഉൾപ്പെടെ ഇതുവരെ 155 പേർ റജിസ്റ്റർ ചെയ്തത്.

അന്നു വിലക്കപ്പെട്ട ജീവിതം ഇന്നു വിലപ്പെട്ടത്

കൊല്ലം ∙ ആർക്കും വേണ്ടെന്നു തോന്നിയ ഒരു നിമിഷത്തിൽ ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ച ഒരു കാലമുണ്ടായിരുന്നു ഐവിന്. ഉള്ളിൽച്ചെന്ന വിഷം പ്രവർത്തിച്ചു തുടങ്ങും മുൻപേ ആശുപത്രിയിലെത്തിച്ച് അന്ന് അയൽവാസികൾ രക്ഷിച്ചു. തിരികെ കിട്ടിയ വിലപ്പെട്ട ജീവിതം പിന്നീടു കലയ്ക്കായി സമർപ്പിക്കുകയായിരുന്നു. അതിനു ഫലമുണ്ടായി, കേരള സർവകലാശാല കലോത്സവത്തിൽ ട്രാൻസ്ജെൻഡർ വിഭാഗം മോണോ ആക്ടിൽ ഒന്നാം സ്ഥാനം നേടിയതു സ്വാതി തിരുനാൾ സംഗീത കോളജിലെ രണ്ടാം വർഷ കേരള നടനം വിദ്യാർഥി ആറ്റിങ്ങൽ കോരാണിയിൽ കളഭത്തിൽ ജെ.ഐവിൻ (35) ആണ്.

ട്രാൻസ്ജെൻഡർ വിഭാഗം ഭരതനാട്യത്തിലും  ജേതാവായി.  കുച്ചിപ്പുഡി, കേരളനടനം, ഓട്ടൻതുള്ളൽ, ലളിതസംഗീതം, നാടോടി നൃത്തം ഇനങ്ങളിലാണ് ഇനി മത്സരിക്കാനുള്ളത്. സാമൂഹിക നീതി വകുപ്പാണ് ഐവിന്റെ പഠനവും താമസവും ഉൾപ്പെടെയുള്ള ചെലവുകൾ വഹിക്കുന്നത്. നൃത്തത്തിൽ പിഎച്ച്ഡിയാണ് അടുത്ത ലക്ഷ്യം. അതു പൂർത്തിയായാൽ ഒരു ജോലി. പരിഹസിച്ചവരുടെ മുന്നിൽ ആത്മവിശ്വാസത്തോടെ തല ഉയർത്തി ജീവിക്കണം.

തണലല്ലേ, ഈ സൗഹൃദം

കൃഷ്ണകുമാറിനൊപ്പം ജിജാസ്, അഖിൽ സ്റ്റീഫൻ, നന്ദന നായർ എന്നിവർ.

കൊല്ലം ∙ ആ വീൽച്ചെയർ നീങ്ങിയതു സൗഹൃദത്തിന്റെ തണലിലൂടെയാണ്.  സ്പൈനൽ മസ്കുലർ അട്രോഫി  ബാധിതനായ കൃഷ്ണകുമാറിനെ  ടികെഎം കോളജിലെ പൂർവവിദ്യാർഥികളും വിദ്യാർഥികളും അടങ്ങുന്ന സുഹൃത്തുക്കളാണു യുവജനോത്സവ വേദിയിലെത്തിച്ചത്.  ഒപ്പന കാണാനും മുറ്റത്തെ തണലിൽ ഒത്തുകൂടാനും അവരൊന്നിച്ചുണ്ടായിരുന്നു. മസ്കുലർ ഡിസ്ട്രോഫി, സ്പൈനൽ മസ്കുലർ അട്രോഫി ബാധിതരുടെ കൂട്ടായ്മയായ മൈൻഡിന്റെ വൈസ് ചെയർമാനായ കൃഷ്ണകുമാറിനെ 2018 ൽ കോളജിൽ ഒരു പരിപാടിയിൽ പ്രസംഗിക്കാൻ  എത്തിയപ്പോഴാണു  വിദ്യാർഥികൾ പരിചയപ്പെടുന്നതും സുഹൃത്തുക്കളാകുന്നതും.  ജിജാസ്, അൽ അമീൻ, അഖിൽ സ്റ്റീഫൻ, നന്ദന നായർ, കാളിദാസ്, ശിൽപ എന്നിവരാണ് ഒപ്പമുണ്ടായിരുന്നത്.

കപ്പ് കൊണ്ടുപോകും! കൊണ്ടുപോയിരിക്കും!

എസ്എൻ വിമൻസ് കോളജിലെ മെഹ്ബൂബ കോർണർ.

കൊല്ലം ∙ എസ്എൻ കോളജിലെ ‘മെഹബൂബ’ കോർണറിലെ ബോർഡിൽ ഇന്നലെ വേദികൾ ഉണരും മുൻപു തന്നെ രണ്ട് എഴുത്തുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കപ്പ് നേടിയേ പോകൂ’ എന്നുറപ്പിച്ചു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജും എങ്കിൽ ‘പെൺപട  പോരാട്ടത്തിനുണ്ടെ’ന്നു  വഴുതക്കാട് ഗവ.വനിത കോളജും. എഴുതിയിട്ടതു രണ്ടു കോളജുകൾ മാത്രമാണെങ്കിലും പോരാട്ടത്തിന്റെ മുഴുവൻ വീറും വാശിയും ഏറ്റെടുക്കാൻ എല്ലാവരുമുണ്ടെന്നു കാണിച്ചു തരുന്നതായിരുന്നു ഉച്ചച്ചൂടിനെയും വകവെക്കാതെ വേദികളിൽനിന്നു വേദികളിലേക്കു പടർന്ന യുവജനോത്സവം വൈബ്.

∙2 മണിക്കൂർ വൈകിയാണു മത്സരം തുടങ്ങിയതെങ്കിലും ഫാൻസിഡ്രസ്, മോണോ ആക്ട് വേദികൾ നേരത്തേ നിറഞ്ഞിരുന്നു. യുദ്ധം പ്രമേയമാക്കി വന്ന പ്രച്ഛന്നവേഷക്കാർക്കു നിറഞ്ഞ കയ്യടി കിട്ടി. ഒപ്പനയും തിരുവാതിരയും വട്ടപ്പാട്ടും കൂടി തട്ടിൽക്കയറിയതോടെ  മൊത്തം ഉഷാർ.രാത്രി വൈകി മത്സരങ്ങൾ തുടർന്നപ്പോഴും വേദികളിൽ കട്ട സപ്പോർട്ടുമായി   വിദ്യാർഥികൾ ഉണർന്നിരുന്നു. കൂടുതൽ വ്യക്തിഗത ഇനങ്ങളുടെ റിസൽട്ടുകൾ ഇന്നു വ്യക്തമാകുന്നതോടെ കപ്പ് എവിടേക്കു ചായുമെന്ന് ഒരൂഹം കിട്ടാതിരിക്കില്ല.

മികവിന് ഇതിൽ കൂടുതൽ എന്ത് ‘ഉദാഹരണം’

ആൺകുട്ടികളുടെ വിഭാഗം മോണോആക്ടിൽ ഒന്നാംസ്ഥാനം നേടിയ തിരുവനന്തപുരം സ്വാതി തിരുനാൾ സംഗീത കോളജിലെ ബി.എം. സ്വരാജിന്റെ വിവിധ ഭാവങ്ങൾ. ഒടുവിൽ ബന്ധുവിന്റെ സ്നേഹമുത്തം.

കൊല്ലം ∙ ഉദാഹരണം സുജാതയെന്ന സിനിമയിൽ തന്റെ സഹപാഠിയായി അഭിനയിച്ച സ്വരാജിനാണു യൂണിവേഴ്സിറ്റി യുവജനോത്സവം മോണോആക്ടിൽ ഒന്നാം സ്ഥാനമെന്നു മനോരമയിൽനിന്ന് അറിഞ്ഞയുടൻ നടി മഞ്ജു വാരിയരുടെ ശബ്ദസന്ദേശമെത്തി. ‘അന്നേ മിടുക്കനായിരുന്നു. ഇപ്പോഴും അങ്ങനെത്തന്നെയാണെന്നു കാണുന്നതിൽ വലിയ സന്തോഷമുണ്ട്’.

മമ്മൂട്ടിക്കൊപ്പം പുത്തൻപണത്തിലും മഞ്ജു വാരിയർക്കൊപ്പം ഉദാഹരണം സുജാതയിലും സമീപകാലത്തു വിഷ്ണു ഉണ്ണിക്കൃഷ്ണനൊപ്പം രണ്ട് എന്ന സിനിമയിലും പ്രധാനവേഷങ്ങൾ ചെയ്ത സ്വരാജ് ഗ്രാമിക ‘അഡിക്​ഷൻ’ എന്ന വിഷയം അവതരിപ്പിച്ചാണ് മോണോ ആക്ടിൽ ഒന്നാമനായത്. യുവാവായപ്പോൾ പഴയ ബാലതാരത്തിന്റെ മുഖഛായ അൽപം മാറിയതിനാൽ അപൂർവം പേർ മാത്രമാണു വേദിയിൽ  സ്വരാജിനെ തിരിച്ചറിഞ്ഞത്. എങ്കിലും മൊബൈൽ ഫോൺ, ലഹരി, സദാചാരം, അധികാരം തുടങ്ങി മലയാളിയുടെ പലതരം അഡിക്​ഷനുകൾ വേദിയിൽ അവതരിപ്പിച്ചപ്പോൾ  നിറഞ്ഞ കയ്യടി.

സിനിമാ താരമെന്നു തിരിച്ചറിഞ്ഞല്ല, മറിച്ച് നല്ലൊരു നടനെ കണ്ടറിഞ്ഞതിനാലാണ് ആ കയ്യടി മുഴങ്ങിയത്. മലയാളം അധ്യാപകരായ നാവായിക്കുളം വെട്ടിയാറ വൈഖരിയിൽ എൻ.ബൈജുവിന്റെയും വി.മായയുടെയും മകൻ സ്വരാജ് ഗ്രാമിക നാടകസംഘത്തിലൂടെയാണു സിനിമയിലെത്തുന്നത്. പത്താം ക്ലാസിൽ ഫുൾ എ പ്ലസും പ്ലസ് ടു ഹ്യുമാനിറ്റിസിൽ മുഴുവൻ മാർക്കും വാങ്ങി വിജയിച്ച സ്വരാജ് ഇപ്പോൾ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് ഒന്നാം വർഷ പൊളിറ്റിക്സ് ബിരുദ വിദ്യാർഥിയാണ്. കോൽക്കളി മത്സരത്തിലും പങ്കെടുക്കുന്നുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS