ADVERTISEMENT

കൊല്ലം∙ സിനിമാ തിയറ്ററിൽ അക്രമം അഴിച്ചു വിടുകയും ജീവനക്കാരെ മർദിക്കുകയും ചെയ്ത സംഭവത്തിൽ 4 പേർ അറസ്റ്റിൽ. സഹോദരന്മാരായ മരുത്തടി ഒഴുക്കുതോടിനു സമീപം ജയന്തി കോളനി ലത ഭവനിൽ വിഷ്ണു (27), വിനേഷ് (25), കന്നിമേൽച്ചേരി ഗോപിക്കട അഴികത്തുവീട്ടിൽ വിഷ്ണുലാൽ(25), ഒഴുക്കുതോട് പുതുപ്പടന്നയിൽ നിഖിൽ (25) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒന്നിന് രാത്രി ഒൻപതരയോടെ കൊല്ലം രമ്യ തിയറ്ററിൽ (ധന്യ–രമ്യ) ആണ് അക്രമമുണ്ടായത്. 

സിനിമ  തുടങ്ങുന്നതിനിടെ കുറച്ചുപേർ ചേർന്നു സംഘർഷമുണ്ടാക്കി എന്നാണ് പരാതി. നേരത്തേതന്നെ മറ്റു ചിലർ ഓൺലൈനായി റിസർവ് ചെയ്തിട്ടുള്ള സീറ്റുകളിൽ പ്രതികൾ ഉൾപ്പെടെ കുറച്ചു യുവാക്കൾ ഇരുന്നതാണ് പ്രശ്നത്തിനു തുടക്കം. ഇവിടെ നിന്നു മാറാനും ഇവർക്കു നൽകിയിട്ടുള്ള സീറ്റുകളിൽ ഇരിക്കാനും ആവശ്യപ്പെട്ടപ്പോൾ ആക്രമിക്കുകയായിരുന്നെന്നു തിയറ്റർ ജീവനക്കാർ പറയുന്നു. ജീവനക്കാരനായ ശക്തിവേലിന്റെ താടിയെല്ലിനു പൊട്ടലുണ്ട്. 

തിയറ്ററിൽ പാർട് ടൈം ജോലി ചെയ്യുന്ന കോളജ് വിദ്യാർഥിയുടെ കഴുത്തിൽ  നീളത്തിൽ മുറിവേൽക്കുകയും ചെയ്തു. ഒരു സീറ്റ് ചവിട്ടിയൊടിക്കുകയും ചെയ്തതായി മാനേജർ യു.സന്തോഷ് പറഞ്ഞു. തുടർന്ന് ജീവനക്കാർ തിയറ്റർ വാതിലുകൾ പുറത്തുനിന്ന് പൂട്ടുകയും ഈസ്റ്റ് പൊലീസ് എത്തി പ്രതികളെ പിടികൂടുകയുമായിരുന്നു. എന്നാൽ പത്തിലധികം അക്രമികളിൽ നാലു പേരെ മാത്രമാണ് അറസ്റ്റ് ചെയ്തതെന്നും പ്രതികൾക്കെതിരെ ദുർബലമായ വകുപ്പുകൾ ചുമത്തിയതിനാലാണ്  ജാമ്യം ലഭിച്ചതെന്നും തിയറ്റർ ജീവനക്കാർ ആരോപിച്ചു. 

എന്നാൽ ആയുധമില്ലാതെ ആക്രമിച്ച സംഭവമായതിനാലാണ് പ്രതികൾക്ക് ജാമ്യം ലഭിച്ചതെന്ന് ഈസ്റ്റ് പൊലീസ് അധികൃതർ അറിയിച്ചു. സീറ്റുകളിൽ ഭൂരിഭാഗവും ഓൺലൈനായി റിസർവ് ചെയ്യപ്പെടുന്നതിനാൽ കൗണ്ടറിൽ നിന്നുള്ള ടിക്കറ്റുകൾ കുറയുന്നതുമായി ബന്ധപ്പെട്ടുള്ള വാക്കേറ്റങ്ങളും സംഘർഷങ്ങളും നഗരത്തിലെ പല തിയറ്ററുകളിലും പതിവായിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com