കൊല്ലം ∙ നാല് പതിറ്റാണ്ടു മുൻപേ മലയാളികളുടെ മനസ്സിൽ ‘തമ്പ’ടിച്ച സിനിമ കാൻ ചലച്ചിത്ര മേളയിലൂടെ ലോക സിനിമാസ്വാദകർക്കു മുന്നിലേക്ക് എത്തുമ്പോൾ കൊല്ലത്തും അഭിമാനത്തിന്റെ കൂടാരം ഉയരുന്നു. അഭ്രപാളികളിൽ ആസ്വാദനത്തിന്റെ പുതിയ മേഖലകൾ തീർത്ത സംവിധായകൻ അരവിന്ദന്റെ പ്രശസ്ത ചലച്ചിത്രം ‘തമ്പ്’ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിനു സാക്ഷിയാകാൻ ജനറൽ പിക്ചേഴ്സിനും സിനിമയിലെ നായിക ജലജയ്ക്കും ക്ഷണം. മേളയിൽ പങ്കെടുക്കാൻ ഇരുവരും ഫ്രാൻസിലേക്കു യാത്ര തിരിച്ചു.
17 നാണു മേള ആരംഭിക്കുന്നത്. സിനിമയുടെ നിർമാതാവ് കെ. രവീന്ദ്രനാഥൻ നായരുടെ മകൻ പ്രകാശ് ആർ. നായരാണു ജലജയ്ക്കൊപ്പം പങ്കെടുക്കുക. കാൻ ക്ലാസിക് വിഭാഗത്തിൽ റെഡ് കാർപെറ്റ് പ്രീമിയറിനായാണു ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്. ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ നവീകരിച്ച പതിപ്പാകും അവതരിപ്പിക്കുക. നാഷനൽ ഫിലിം ആർക്കൈവ്സ് സാങ്കേതിക സഹായത്തോടെ പ്രിന്റുകൾ വീണ്ടെടുക്കുകയായിരുന്നു.
1978 ൽ നിർമിച്ച തമ്പിന്റെ പ്രിന്റുകൾ വീണ്ടെടുത്തതു പ്രശസ്ത ക്യാമറാമാൻ സുദീപ് ചാറ്റർജിയുടെ മേൽനോട്ടത്തിൽ മുംബൈയിലെ പ്രൈം ഫോക്കസ് ടെക്നോളജീസ് ആണ്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനും പ്രസാദ് കോർപറേഷൻ പ്രൈവറ്റ് ലിമിറ്റഡും ഇതിൽ പങ്കാളികളായി. നാലു പതിറ്റാണ്ടുകൾക്കു ശേഷം ‘തമ്പ്’ കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നു കെ. രവീന്ദ്രനാഥൻ നായർ പറയുന്നു.
"സർക്കസുകാരുടെ ജീവിതത്തെ വെള്ളിത്തിരയിൽ പകർത്തിവയ്ക്കാനുള്ള പ്രചോദനം ‘വളർത്തുമൃഗങ്ങൾ ’ എന്ന കഥയിലൂടെയാണ് അച്ഛനു ലഭിച്ചത്. വർഷങ്ങൾക്കു മുൻപു സമാന്തര സിനിമകൾ എടുക്കാൻ കാണിച്ച മനസ്സിനു നാളുകളേറെ കഴിഞ്ഞിട്ടും അംഗീകാരങ്ങൾ ലഭിക്കുന്നതിൽ സന്തോഷമുണ്ട്. കേരളത്തിൽ നിന്നൊരു സിനിമ കാൻ ചലച്ചിത്ര മേളയിൽ എത്തുക എന്നത് ഓരോ മലയാളിക്കും അഭിമാനം പകരുന്ന കാര്യമാണ്." - പ്രകാശ്.ആർ.നായർ (കെ. രവീന്ദ്രനാഥൻ നായരുടെ മകൻ).
"എന്റെ അഭിനയ ജീവിതത്തിന്റെ നാഴികക്കല്ല് ‘തമ്പി’ലാണ് – എന്നെ ഞാനാക്കിയ എന്റെ ആദ്യ സിനിമ! അന്ന് ആ സിനിമയുടെ മൂല്യമൊന്നും തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ കാലമിത്ര കഴിഞ്ഞിട്ടും ലഭിച്ചുകൊണ്ടിരിക്കുന്ന ഓരോ അവസരങ്ങളും വീണ്ടും വീണ്ടും അത് ഓർമിപ്പിക്കുന്നു. കാൻ ചലച്ചിത്ര മേളയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചപ്പോൾ തോന്നിയ സന്തോഷം പറഞ്ഞറിയിക്കാൻ പോലും ആവില്ല. ലോകം മുഴുവൻ ഉറ്റുനോക്കുന്ന സിനിമാ വേദിയിലേക്കു മലയാളത്തെ പ്രതിനിധീകരിച്ച് പോകാൻ സാധിക്കുന്നതിൽ സന്തോഷവും അതിലേറെ അഭിമാനവും ഉണ്ട്." - ജലജ, നടി