ADVERTISEMENT

കൊല്ലം∙ പിറന്നു വീഴുമ്പോഴുള്ള കുഞ്ഞിക്കരച്ചിലിനു കൂട്ടു പോകുന്നതു മുതൽ കണ്ണടയുന്ന നേരത്തെ തലോടൽ വരെയായി ഒപ്പമുള്ള ഭൂമിയിലെ മാലാഖമാരുടെ ദിനം ഇന്ന്. മഹാമാരികൾ വിടാതെ പിന്തുടരുമ്പോൾ ഇടവേളകളില്ലാത്ത ഓട്ടത്തിലായിരുന്നു അവർ. കുടുംബത്തെ കാണാതെ, രോഗം പകരാതിരിക്കാൻ അകന്നിരുന്ന്, പിപിഇ കിറ്റുകളിൽ അവർ നടന്നു തീർത്ത ദൂരത്തിനു കൂടി കടപ്പെട്ടതാണ് നമ്മുടെ ആരോഗ്യം. കോവിഡ് കളമൊഴിയുമ്പോൾ അവധികളില്ലാതിരുന്ന ജോലിഭാരത്തിൽ നിന്ന് അൽപം വിശ്രമം കിട്ടുന്ന ആശ്വാസത്തിലാണ് നഴ്സുമാർ. പക്ഷേ, ആശ്വാസത്തിന് അതുമാത്രം പോരാ. മാലാഖമാർ എന്നാണ് വിളിപ്പേരെങ്കിലും നോവു കൊണ്ട് മഞ്ഞച്ച നിറമാണ് അവരുടെ വെള്ളക്കുപ്പായങ്ങൾക്ക്. ജോലി സ്ഥിരപ്പെടാത്തതും തുച്ഛമായ വേതനവും വരെ നീളും പ്രശ്നങ്ങൾ

കാവൽ മാലാഖമാർ

‘എമർജൻസി കെയർ’ എന്നത് ജോലി മാത്രമല്ല, ജീവിതത്തിന്റെ ചിട്ട തന്നെയാണ് നമ്മുടെ നഴ്സുമാർക്ക്. അവരുടെ ഒരൊറ്റ നിമിഷത്തെ ചടുലമായ തീരുമാനവും പ്രവർത്തനവും മൂലം ജീവിതത്തിലേക്കു തിരികെ നടന്ന എത്രയോ പേർ.

സിപിആർ രക്ഷിച്ചു

കെഎസ്ആർടിസി യാത്രയ്ക്കിടെ ഹൃദയസ്തംഭനമുണ്ടായ യുവാവിനെ സമയോചിതമായ ഇടപെടൽ കൊണ്ട് നഴ്സി ലിജി ജീവിതത്തിലേക്ക് തിരികെ നടത്തിയത് കുറച്ചു മാസം മുൻപാണ്.  തിരുവനന്തപുരത്തു നിന്നു കൊല്ലത്തേക്ക് വരികയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസിലെ യാത്രക്കാരൻ ബസിന്റെ പിൻസീറ്റിൽ കുഴഞ്ഞുവീഴുകയായിരുന്നു. സമയം രാത്രി 8.30 കഴിഞ്ഞു. കൊട്ടിയം ഹോളി ക്രോസ് ആശുപത്രിയിലെ നഴ്സായിരുന്ന ലിജി എം.അലക്സ് ആ സമയം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്നു. വീഴുന്നതു കണ്ട് ഓടിയെത്തി സിപിആർ നൽകിത്തുടങ്ങിയ ലിജിയുടെ നിർദേശപ്രകാരമാണ് എത്രയും വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.  തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിച്ച ഇയാൾ പിന്നീട് സുഖം പ്രാപിച്ചു. സമയത്ത് സിപിആർ നൽകാനായില്ലായിരുന്നുവെങ്കിൽ കഥ മറ്റൊന്നായേനേ.

നന്മയ്ക്ക് മുഖമുണ്ടോ!

വഴിയിൽ ആരും ശ്രദ്ധിക്കാതെ പൊലിയുമായിരുന്ന ഒരു ജീവനാണ് ഫിലോമിന തിരികെപ്പിടിച്ചത്. പക്ഷേ, അതാരെങ്കിലും അറിയണം എന്നു പോലും ഫിലോമിനയ്ക്കുണ്ടായിരുന്നില്ല. കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് ഫിലോമിന ജോലിക്കു നടന്നു വരുമ്പോഴാണ് വഴിയരികിൽ ഒരാൾ ചെളിയിലേക്കു വീണുകിടക്കുന്നതു കണ്ടത്. മദ്യപിച്ച് കിടക്കുകയാണെന്നു കരുതി ആരും സഹായിച്ചിരുന്നില്ല. ബോധരഹിതനായി കിടന്ന ഇയാളെ മറ്റൊരാളുടെ സഹായത്തോടെ ഫിലോമിന ആശുപത്രിയിലെത്തിച്ചു. സമയത്തെത്തിയതു കൊണ്ടു മാത്രം അപകടനില തരണം ചെയ്യാനായി. രോഗി സുഖം പ്രാപിച്ചെന്ന് അന്വേഷിച്ച് ഉറപ്പു വരുത്തിയെങ്കിലും താനാണ് ആശുപത്രിയിലെത്തിച്ചതെന്ന് ഫിലോമിന പറഞ്ഞിരുന്നില്ല. സഹായം ലഭിച്ച വിമുക്ത ഭടന്റെ ഒരു മാസത്തിനു ശേഷമാണ് ജീവിതം തിരികെത്തന്ന മാലാഖയെ കണ്ടെത്തിയത്.

എന്നു കിട്ടും ജോലി?

സ്റ്റാഫ് നഴ്സ് (ഗ്രേഡ് 2) ജില്ലാ തല റാങ്ക് ലിസ്റ്റിൽ നിന്നുള്ള നിയമനങ്ങൾ ഇഴഞ്ഞു നീങ്ങുന്നതോടെ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട നൂറുകണക്കിന് ഉദ്യോഗാർഥികൾ ആശങ്കയിലാണ്. റാങ്ക് ലിസ്റ്റ് 6 മാസം പിന്നിടുമ്പോൾ ജില്ലയിൽ നിന്ന് ഇതുവരെ 7 നിയമനം മാത്രമാണ് നടന്നത്. അതേ സമയം ആരോഗ്യവകുപ്പിനു കീഴിലുള്ള ആശുപത്രികളിൽ താൽക്കാലിക നഴ്സുമാരെ നിയമിക്കാനായി വിവിധ പദ്ധതികളാണ് തദ്ദേശസ്ഥാപനങ്ങൾ ഉൾപ്പെടെ നിലവിൽ നടപ്പിലാക്കുന്നത്.

മാലാഖക്കൂട്ടം ഉൾപ്പെടെയുള്ള പദ്ധതികൾ വഴി ഇങ്ങനെ വൻതോതിൽ താൽക്കാലിക നിയമനങ്ങൾ നടക്കുന്നതിനാൽ ആശുപത്രികളിൽ നിലവിലുള്ള ഒഴിവുകൾ ശ്രദ്ധിക്കപ്പെടുന്നില്ലെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. വർഷങ്ങളുടെ അധ്വാനഫലമായി റാങ്ക് ലിസ്റ്റിൽ ഇടം പിടിച്ചവരുടെ അവസരങ്ങളാണ് ഇതുമൂലം ഇല്ലാതാകുന്നത്. താൽക്കാലിക നിയമനങ്ങൾക്ക് ആനുപാതികമായി പിഎസ്‌സി ഒഴിവുകളും നികത്തിപ്പോകാൻ നടപടി വേണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.

സൂസൻ അഥവാ ഫ്ലോറൻസ് നൈറ്റിങ്ഗേൽ

കോവിഡ് കാലത്തെ ഇടവേളയില്ലാത്ത പ്രവർത്തനത്തിനാണ് സൂസൻ ചാക്കോയെ തേടി കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഫ്ലോറൻസ് നൈറ്റിങ്ഗേൽ പുരസ്കാരമെത്തിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ നഴ്സിങ് ഓഫിസറാണ് സൂസൻ ചാക്കോ. കോവിഡ് കാലത്ത് ഹോസ്പിറ്റൽ ഇൻഫെക്‌ഷൻ കൺട്രോൾ നഴ്സിങ് ഓഫിസറായിരുന്നു സൂസൻ. കോവിഡ് ആരോഗ്യപ്രവർത്തകർക്കിടയിൽ അതിവേഗം പടർന്നു പിടിക്കുന്ന സമയത്തും സൂസന്റെ പ്രവർത്തനങ്ങൾ ഫലം കണ്ടു.

800 പേരിൽ പലപ്പോഴായി കോവിഡ് വന്നത് 200 പേർക്ക് മാത്രം. ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുന്ന തരത്തിൽ ഒരു സമയത്തും രോഗം പടർന്നു പിടിച്ചില്ല. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ആരോഗ്യപ്രവർത്തകർക്ക് ബോധവൽക്കരണം നൽകാനും സൂസൻ മുന്നിലുണ്ടായിരുന്നു. സൂസനെപ്പോലെ ഒരുപാടുപേരുടെ ഇടവേളയില്ലാത്ത പ്രവർത്തനങ്ങളാണ് ജില്ലയിൽ കോവിഡിന് ബ്രേക്ക് നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com