ADVERTISEMENT

കുണ്ടറ ∙ നിർധന കുടുംബത്തിന്റെ അടിത്തറ മാന്തി മണ്ണു മാഫിയ. ഭിത്തി വരെ മണ്ണെടുത്തതിനെ തുടർന്ന് വീട് അപകടാവസ്ഥയിലായ കുടുംബം പെരുവഴിയിലായി. കുണ്ടറ മുളവന പുലിപ്ര പ്ലാച്ചിമുക്ക് മന്ദിരശ്ശേരിൽ സുമ ജോൺസന്റെ വീടാണ് മണ്ണു മാഫിയയുടെ അതിക്രമം മൂലം അപകട അവസ്ഥയിലായത്. തറനിരപ്പിൽ നിന്ന് 40 അടി ഉയരെ വരെയുള്ള കുന്നാണു മാന്തി എടുത്തത്. മണ്ണെടുത്തതിനെ തുടർന്ന് വീടിന്റെ ഭിത്തികളിൽ വിള്ളൽ വീണ് ഏത് നിമിഷവും തകർന്ന് വീഴുന്ന നിലയിലാണ്. ദിവസങ്ങളായി പെയ്യുന്ന മഴയെ തുടർന്ന് വീടിന്റെ അടിത്തറയിൽ നിന്നു മണ്ണ് ഇളകി വീണുകൊണ്ടിരിക്കുകയാണ്.

കരിപുറത്തു വാടകയ്ക്ക് താമസിച്ച് കൊണ്ടിരുന്ന സുമയ്ക്കു 2020 ൽ കുണ്ടറ പഞ്ചായത്ത് 3 സെന്റ് വസ്തു അനുവദിച്ചത്. പഞ്ചായത്ത് നൽകിയ വസ്തുവിനൊപ്പം 5 സെന്റ് കൂടി വാങ്ങിയാണ് വീട് വച്ചത്. ഒരുവർഷം മുൻപാണു സുമയും കുടുംബവും വീട് വച്ച് താമസം ആരംഭിച്ചത്. സുമ, ഭർത്താവ് ജോൺസൺ ജോർജ്, മക്കളായ നിക്സൺ ഡേവിഡ് ജോൺസൺ, അൻസിന ജോൺസൺ എന്നിവരാണ് വീട്ടിൽ താമസം. തൊഴിലുറപ്പ് തൊഴിലാളിയായ സുമയുടെയും പെയിന്റിങ് തൊഴിലാളിയായ ജോൺസന്റെയും അധ്വാനമാണ് മണ്ണുകടത്തു സംഘത്തിന്റെ ക്രൂരതയിൽ ഇല്ലാതാകുന്നത്.

സമീപത്തെ 3 സ്വകാര്യ ഭൂമിയിൽ നിന്നാണ് മണ്ണ് നീക്കം ചെയ്തിരിക്കുന്നത്. നിയമാനുസൃതമായ പാസ് ഉണ്ടെന്ന് കാട്ടിയാണ് മണ്ണ് നീക്കം ചെയ്യാൻ ആരംഭിച്ചത്. യാതൊരു മാനദണ്ഡവും പാലിക്കാതെ 3 മാസക്കാലമാണ് ഇവിടെ നിന്നു മണ്ണ് എടുത്തതെന്നാണ് ആരോപണം. അപകടകരമായ വിധം മണ്ണ് എടുപ്പ് തുടർന്നപ്പോൾ സുമ മാർച്ച് 21 ന് കുണ്ടറ പൊലീസിൽ പരാതി നൽകി. പാസ് ഉള്ളതിനാൽ പൊലീസിന് നടപടി എടുക്കാൻ കഴിഞ്ഞില്ല. തുടർന്ന് മാർച്ച് 24ന് കുണ്ടറ പഞ്ചായത്ത്, ജിയോളജി വകുപ്പ്, 31ന് കലക്ടർ എന്നിവർക്ക് പരാതി നൽകിയെങ്കിലും ഉദ്യോഗസ്ഥർ ആരും തിരിഞ്ഞു നോക്കിയില്ല.

സംഭവം വിവാദമായതിനെ തുടർന്ന് ഇന്നലെ റവന്യു വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ദുരന്ത നിവാരണ വകുപ്പ് ഡപ്യൂട്ടി തഹസിൽദാർ എസ്. സജീവ്, ഹെഡ് ക്വാർട്ടേഴ്സ് ഡപ്യൂട്ടി തഹസിൽദാർ റാം ബിനോയ് എന്നിവരാണ് സ്ഥലം സന്ദർശിച്ചത്. വീട് നിൽക്കുന്ന പ്രദേശം അപകട നിലയിൽ ആയതിനാൽ കുടുംബത്തെ പുലിപ്ര ഹോമിയോ ഡിസ്പെൻസറിയിലേക്കു മാറ്റി താമസിപ്പിച്ചു. നിലവിലെ സ്ഥിതി വിലയിരുത്തി കലക്ടർക്ക് അടിയന്തര റിപ്പോർട്ട് ഇന്നലെ തന്നെ നൽകുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ജിയോളജി വകുപ്പ് നൽകിയ പാസ് പരിശോധനയ്ക്കു വിധേയമാക്കും. നിയമാനുസൃതമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com