ADVERTISEMENT

കൊല്ലം ∙ നാലു പതിറ്റാണ്ടായി  ജില്ലാ ആശുപത്രിക്കു മുന്നിലെ തെരുവിൽ കച്ചവടം നടത്തുന്ന വയോധികയുടെ പെട്ടിക്കട ബലം പ്രയോഗിച്ചു മാറ്റുകയും പകരം മറ്റൊരു കട അവിടെ സ്ഥാപിക്കുകയും ചെയ്തതായി പരാതി. വയോധികയെ പുനരധിവസിപ്പിക്കുന്നതു വരെ കട ഒഴിപ്പിക്കരുതെന്ന കോടതി ഉത്തരവ് നിലനിൽക്കെയാണ് ആശുപത്രിക്കു മുന്നിലെ മറ്റൊരു തെരുവുകച്ചവടം നടത്തുന്ന ആളുടെ പിന്തുണയോടെ കട നീക്കം ചെയ്യുകയും അദ്ദേഹത്തിന്റെ ബന്ധുവിന്റെ കട സ്ഥാപിക്കുകയും ചെയ്തത്. 

രോഗികൾക്കുള്ള പായ, തലയണ, പാത്രങ്ങൾ  തുടങ്ങിയവ വിൽക്കുന്ന പുള്ളിക്കട കോളനി പുതുവൽ പുരയിടത്തിൽ ലളിത (70) യുടെ കടയാണ് നീക്കിയത്. അടുത്തിടെ ഭരണകക്ഷിയിൽ പെട്ട ചില യൂണിയൻ നേതാക്കൾ  ലളിതയെ സമീപിക്കുകയും കട നടത്തുന്നതിനു തുക ആവശ്യപ്പെടുകയും ചെയ്തിരുന്നതായി പരാതിയിൽ പറയുന്നു.  മാസപ്പടി നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു. പണം നൽകാൻ തയാറാകാതിരുന്നതിനെ തുടർന്നാണു കട തള്ളിമറിച്ചിടുകയും പകരം മറ്റൊരു കട സ്ഥാപിക്കുകയും ചെയ്തത്. കൊല്ലം കോർപറേഷൻ തയാറാക്കിയ വഴിയോര കച്ചവടക്കാരുടെ പട്ടികയിൽ ലളിത ഉൾപ്പെട്ടിട്ടുണ്ട്. ഈസ്റ്റ് പൊലീസിൽ പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. 

ചില  നേതാക്കൾ വഴിയോര കച്ചവടക്കാരിൽ നിന്നു വൻ തോതിൽ പണം പിരിക്കുന്നതായി പരാതി ഉണ്ട്.  കച്ചവടക്കാരുടെ പട്ടിക തയാറാക്കാൻ കോർപറേഷൻ നടപടി തുടങ്ങിയപ്പോൾ ഇവരുടെ പിന്തുണയോടെ വ്യാപകമായി അനധികൃത ബങ്കുകൾ സ്ഥാപിക്കുകയാണ്. നേതാക്കൾ പണം വാങ്ങിയാണ് അനധികൃതമായി ബങ്ക് സ്ഥാപിക്കുന്നതെന്ന് ആരോപണം ഉയരുന്നു. 

ഡിസിസി ഓഫിസിനു സമീപത്തെ അനധികൃത കട നീക്കം ചെയ്യാൻ കോർപറേഷൻ നിർദേശം നൽകിയെങ്കിലും നടപ്പാക്കാനായില്ല. ഭരണാനുകൂല നേതാക്കളുടെ എതിർപ്പുകാരണമാണ് തീരുമാനം നടപ്പാക്കാൻ കഴിയാത്തത്. കോർപറേഷൻ സ്ഥാപിച്ച നടപ്പാലങ്ങളിലേക്കു യാത്രക്കാർക്ക് പ്രവേശിക്കാൻ കഴിയാത്ത വിധം തെരുവു കച്ചവടക്കാർ റോഡ് കയ്യേറിയെങ്കിലും നടപടി എടുക്കാൻ കഴിയുന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com