കനത്ത മഴ: 5 വീടുകൾ ഭാഗികമായി തകർന്നു, പലയിടത്തും കൃഷിനാശം, കല്ലടയാറ്റിൽ ജലനിരപ്പുയർന്നു...

ആദിച്ചനല്ലൂർ പഞ്ചായത്ത് മൈലക്കാട് ശിവൻ നടയ്ക്കു സമീപം ചരുവിള പുത്തൻ വീട്ടിൽ ഷെമി തങ്കപ്പന്റെ വീടിന്റെ മേൽക്കൂര തകർന്ന നിലയിൽ
SHARE

കൊല്ലം ∙ ജില്ലയിൽ ശക്തമായ മഴയിൽ അങ്ങിങ്ങു നാശനഷ്ടം. കൊല്ലം, പുനലൂർ, കൊട്ടാരക്കര, പത്തനാപുരം താലൂക്കുകളിലായി 5 വീടുകൾ ഭാഗികമായി തകർന്നു. കരുനാഗപ്പള്ളിയിൽ കിണർ ഇടിഞ്ഞു താണു. ജില്ലയിൽ പലയിടത്തും കൃഷിനാശം ഉണ്ട്. കനത്ത മഴയിൽ കല്ലടയാറ്റിൽ ജലനിരപ്പുയർന്നത് ആശങ്കയുയർത്തുന്നു. ഇന്നലെ പുലർച്ചെ പെയ്ത മഴയിലും വീശിയടിച്ച ശക്തമായ കാറ്റിലും മൈലക്കാട് വീടിന്റെ മേൽക്കൂര തകർന്നു വീണു. ഉറങ്ങി കിടക്കുകയായിരുന്ന കുട്ടികൾ ഉൾപ്പെടെ 5 പേർക്ക് പരുക്കേറ്റു.

മൈലക്കാട് ശിവൻ നടയ്ക്ക് സമീപം ചരുവിള പുത്തൻവീട്ടിൽ ഷെമി തങ്കപ്പന്റെ ഒ‍ാടിട്ട വീടിന്റെ മേൽക്കൂരയാണു പുലർച്ചെ 2.30ന് തകർന്നു വീണത്. വീടിനുള്ളിലുണ്ടായിരുന്ന ഷെമി തങ്കപ്പൻ, ഭാര്യ സ്മിത , മക്കളായ ആരാധ്യ (6), ആദിത്യൻ (10), സ്മിതയുടെ പിതാവ് ശിവദാസൻ (62) എന്നിവർക്കാണ് പരുക്കേറ്റത്. ആരാധ്യയുടെ തലയിൽ ഒ‍ാടുകളും ഫാനും കഴുക്കോലുകളും വീണു. ഇവയുടെ ഇടയിൽ കുടുങ്ങിയ കുട്ടികൾ ഉൾപ്പെടെയുള്ളവരെ പുറത്തെടുത്ത് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മേൽക്കൂര പൂർണമായും നിലംപതിക്കും മുൻപ് ഇവരെ മാറ്റാൻ കഴിഞ്ഞതിനാൽ വലിയ ദുരന്തം ഒഴിവായി. കരുനാഗപ്പള്ളിയിൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിലായി. തൊടിയൂർ ആറാം വാർഡ് സുബൈദയുടെ ലക്ഷംവീട് തകർന്നു. ശൂരനാട് തെക്ക് പഞ്ചായത്തിൽ 0.04 ഹെക്ടർ സ്ഥലത്തായി‍ അര ലക്ഷം രൂപയുടെ വാഴക്കൃഷി നശിച്ചതായി കണ്ടെത്തി. 50 വീതം കുലച്ച വാഴകളും കുലയ്ക്കാത്ത വാഴകളും നിലംപൊത്തി.

കാലവർഷം: അപകടങ്ങൾ പ്രതിരോധിക്കാൻ തയാറെടുപ്പുകൾ വേണമെന്ന് മന്ത്രി

കൊല്ലം ∙ ജില്ലയിൽ കാലവർഷത്തെ തുടർന്നുള്ള അപകടങ്ങളെ പ്രതിരോധിക്കുന്നതിനു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ മേൽനോട്ടത്തിൽ ജാഗ്രതയോടെയുള്ള തയാറെടുപ്പുകൾ വേണമെന്നു ധനമന്ത്രി മന്ത്രി കെ. എൻ. ബാലഗോപാൽ. ജില്ലാ കലക്ടർ അഫ്സാന പർവീണിന്റെ അധ്യക്ഷതയിൽ ഓൺലൈനായി ചേർന്ന മഴക്കെടുതി അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിലെ സാഹചര്യം നേരിടുന്നതിന് ജില്ല പൂർണ സജ്ജമാണ്.

കാലാവസ്ഥാ മുന്നറിയിപ്പുകൾ കൃത്യമായി പാലിച്ചു വകുപ്പുതല മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ട്. പൊലീസ്, ആരോഗ്യം, വൈദ്യുതി, അഗ്നിരക്ഷാ സേന, റവന്യു, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളുടെ കൃത്യമായ ഏകോപനത്തിലൂടെ പ്രവർത്തനങ്ങൾ സമയബന്ധിതമായി ആസൂത്രണം ചെയ്തു നടപ്പാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിൽ നിലവിൽ മഞ്ഞ അലർട്ട് ആണ് ഉള്ളത്. പള്ളിക്കൽ, ഇത്തിക്കര, കല്ലട ആറുകളിലെ ശുചീകരണ പ്രവർത്തനങ്ങൾ അവസാനഘട്ടത്തിലാണ്.

∙ 149 ക്യാംപുകൾ സജ്ജം.
∙ ക്വാറികളുടെ പ്രവർത്തനം, മണലെടുപ്പ് എന്നിവ നിർത്തി.
∙തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ക്ലീനിങ് ഡ്രൈവ് സംഘടിപ്പിക്കാൻ കലക്ടർ നിർദേശം നൽകി. പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് വകുപ്പുതലത്തിൽ പ്രത്യേക നോഡൽ ഓഫിസർമാർ.
∙പൊലീസിന്റെ നേതൃത്വത്തിൽ സ്‌പെഷൽ ബ്രാഞ്ച് ഓഫിസ് കേന്ദ്രീകരിച്ച് ജില്ലാതല കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക് ആവശ്യമായ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്.

∙തീരദേശ പൊലീസ് പട്രോളിങ്, കടലോര ജാഗ്രതാ സമിതി പ്രവർത്തനങ്ങൾ എന്നിവ ശക്തമാക്കി. കടലാക്രമണ സാധ്യതയുള്ള അഴീക്കൽ, പരവൂർ, താന്നി, പൊഴിക്കര, തെക്കുംഭാഗം മേഖലകളിൽ പ്രത്യേക ശ്രദ്ധ.
∙ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ എല്ലാ സ്റ്റേഷനുകളിലും കൺട്രോൾ റൂം തുടങ്ങി. അപകട സാധ്യതയുള്ളതായി കണ്ടെത്തിയ മരങ്ങൾ അഗ്നിരക്ഷാ സേന , വനം വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ മുറിച്ചു മാറ്റി.
∙ മഴക്കാലരോഗങ്ങൾ, കൊതുകുജന്യ രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കുന്നതിന് ആവശ്യമായ സംവിധാനം ഒരുക്കിയതായി ആരോഗ്യവകുപ്പ്. മരുന്നുകൾ, ബ്ലീച്ചിങ് പൗഡർ, ഒആർഎസ് എന്നിവയുടെ ലഭ്യത ഉറപ്പു വരുത്തി. വെള്ളക്കെട്ടുള്ള മേഖലകളിൽ ജോലി ചെയ്യുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം.

∙ സ്കൂൾ കെട്ടിടങ്ങളുടെ സുരക്ഷ പരിശോധിച്ച് മുൻകരുതലുകൾ സ്വീകരിക്കും. സ്കൂൾ വാഹനങ്ങളുടെ ഡ്രൈവർമാർക്ക് പ്രത്യേക പരിശീലനം .
∙ എല്ലാ ഗ്രാമ പഞ്ചായത്തുകളിലും ജാഗ്രതാസമിതികൾ രൂപീകരിച്ചു.
∙ വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലെ മൃഗങ്ങളെ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റുന്നതിന് നിർദേശം നൽകുകയും മരുന്നുകൾ ലഭ്യമാക്കുകയും ചെയ്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA