ADVERTISEMENT

കൊല്ലം ∙ ട്രോളിങ് നിരോധനവും മഴക്കാലവും മുൻനിർത്തി ജില്ലയിൽ വിവിധ രോഗങ്ങളുടെ വ്യാപനത്തിനെതിരെ  ജാഗ്രത വർധിപ്പിക്കുമെന്നു ജില്ലാ കലക്ടർ അഫ്‌സാന പർവീൺ. ജൂൺ 9 മുതലാണു ട്രോളിങ് നിരോധനം. ചേംബറിൽ ചേർന്ന പ്രത്യേക യോഗത്തിൽ പകർച്ചരോഗ വ്യാപനനിലയും മുൻകരുതലുകളും വിലയിരുത്തി. ട്രോളിങ് നിരോധന വേളയിൽ ജലജന്യരോഗങ്ങൾ പകരാതിരിക്കുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്കാണു മുൻഗണന.  നടപടികൾ ജൂൺ 15ന് അകം പൂർത്തീകരിക്കണം. ബോട്ടുകളിലും ബോട്ട്‌ ജെട്ടിയിലും ബോട്ടുകൾക്കു ചുറ്റുമുള്ള ടയറുകളിലും യാഡുകളിലും വെള്ളം കെട്ടിനിർത്തരുത്. 

ടയറുകളിൽ വെള്ളം കെട്ടാതിരിക്കാൻ ചുറ്റും ദ്വാരങ്ങൾ ഇടണം. നിരന്തര ശുചീകരണം അനിവാര്യം.ഡെങ്കിപ്പനി പരത്തുന്ന കൊതുകുകളുടെ ഉറവിടങ്ങൾ പൂർണമായി ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 31 വരെ ശുചീകരണ ക്യാംപെയ്ൻ നടക്കും.  24നു പൊതുസ്ഥല ശുചീകരണം, 26നു സ്ഥാപന ശുചീകരണം, 28നു  വീടുകൾ കേന്ദ്രീകരിച്ചുള്ള ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടക്കും. ശുചിത്വ മിഷൻ പ്രവർത്തകർക്കും ഹരിതകർമസേനയ്ക്കും പ്രത്യേക പരിശീലന പരിപാടി നടത്തും. എല്ലാ വാർഡുകളിലും ജനപ്രതിനിധികളുടെ നേതൃത്വത്തിലാണു ക്യാംപെയ്ൻ. 

ജില്ലയിൽ 27 പേർക്ക്  ഡെങ്കിപ്പനി 

ജില്ലയിൽ 27 പേർക്ക്  ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 80 പേർ നിരീക്ഷണത്തിലുണ്ട്. ‌‍ജില്ലയിലെ ഹോട്‌സ്‌പോട്ടുകൾ (ബ്രാക്കറ്റിൽ വാർഡ് നം.): താമരക്കുളം, ഉളിയക്കോവിൽ, തങ്കശ്ശേരി, തിരുമുല്ലവാരം,  കടപ്പാക്കട, ഉദയ മാർത്താണ്ഡം പി. എച്ച്. സി പ്രദേശം, തേവലക്കരയിലെ (4, 10), കുലശേഖരപുരം (17), ചവറ (5,10,13), ഇളമ്പള്ളൂർ (8), ഇട്ടിവ (3), തൃക്കരുവ (10),കെ. എസ്. പുരം (12,22), ആര്യങ്കാവ് (5,9), പാലത്തറ (32), അഞ്ചൽ (5,6,18), കുരീപ്പുഴ, കച്ചേരി, ചീവോട്, കമുകുംചേരി, കടശ്ശേരി, ചെക്കം. നാല് എലിപ്പനി മരണങ്ങളും ജില്ലയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എലിപ്പനി നിവാരണത്തിന്റെ ഭാഗമായി മേയ് 23ന്  ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ‘ഡോക്സി വാഗൺ’ ക്യാംപെയ്ൻ ആരംഭിക്കും. വെള്ളം തങ്ങിനിൽക്കുന്ന പ്രദേശങ്ങൾ, നിർ‌മാണ സ്ഥലങ്ങൾ, തൊഴിലുറപ്പ് അംഗങ്ങളുടെ പ്രവർത്തന സ്ഥലങ്ങൾ  തുടങ്ങിയ ഇടങ്ങളിൽ മരുന്നുവിതരണവും ബോധവൽക്കരണ പരിപാടികളും ഉണ്ടാകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com