ADVERTISEMENT

പത്തനാപുരം∙ താലൂക്ക് ആശുപത്രിയിൽ രാത്രി ചികിത്സ ഉടൻ ആരംഭിക്കും. 2 ഡോക്ടർമാരെ അടിയന്തരമായി നിയമിക്കുകയും അവധിയിൽപ്പോയ   ഡോക്ടർ തിങ്കളാഴ്ച മടങ്ങിവരികയും ചെയ്യുന്നതോടെ വൈകിട്ട് ആറിന് ശേഷമുള്ള ചികിത്സ ആരംഭിക്കാനാവുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ആനന്ദവല്ലി അറിയിച്ചു. 

എങ്കിലും ആശുപത്രിയുടെ സുഗമമായ പ്രവർത്തനത്തിനു കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്നും അത്യാഹിത വിഭാഗം തുടങ്ങണമെന്നും ആവശ്യപ്പെട്ടു ബ്ലോക്ക് പഞ്ചായത്ത് അധികൃതർ ഇന്ന് ആരോഗ്യ മന്ത്രി വീണ ജോർജിനെയും ഡിഎംഒ ഡോ. ബിന്ദു മോഹനെയും നേരിൽക്കണ്ട് നിവേദനം നൽകും. 

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ  താലൂക്ക് ആശുപത്രിയിൽ ഇന്നലെ ചേർന്ന യോഗത്തിലാണു തീരുമാനം. കഴിഞ്ഞ ദിവസം മന്ത്രിയുടെ നിർദേശ പ്രകാരം രണ്ട് ഡോക്ടർമാരെ ആശുപത്രിയിലേക്ക് നിയമിച്ചിരുന്നു. ഇവരെത്തിയാലും 24 മണിക്കൂർ സേവനം ഉറപ്പാക്കാൻ കൂടുതൽ ഡോക്ടർമാർ ആവശ്യമാണ്.  9 ഡോക്ടർമാരെങ്കിലും വേണം. ‌അത്യാഹിത വിഭാഗം തുടങ്ങാൻ കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. ബ്ലോക്ക് പഞ്ചായത്ത് പണം വിനിയോഗിച്ച് താൽക്കാലിക സൗകര്യമൊരുക്കിയാലും കൂടുതൽ പണം ഉണ്ടെങ്കിലേ സ്ഥിര സംവിധാനം ഒരുക്കാൻ കഴിയൂ. ഇതിനായി പണം അനുവദിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെടും.ഇന്നലെ ഒരു ഡോക്ടറുടെ സേവനമാണ് ആശുപത്രിയിൽ ലഭിച്ചതെന്നു മെഡിക്കൽ ഓഫിസർ യോഗത്തിൽ പറഞ്ഞു. 

ഉച്ചവരെ 350ൽ അധികം രോഗികൾ എത്തുന്നുണ്ട്.  അതേസമയം, വൈകിട്ട് 6 മണിക്കു ശേഷം ചികിത്സ ആരംഭിക്കുന്നതു നീട്ടിക്കൊണ്ടുപോകാൻ ശ്രമം നടക്കുന്നതായും ആരോപണം ഉയർന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയിൽ തിങ്കളാഴ്ച വീണ്ടും ആശുപത്രി ജീവനക്കാരുടെ യോഗം നടക്കും. പുതുതായി നിയമിച്ച ഡോക്ടർമാരും അവധി കഴിഞ്ഞെത്തുന്ന ഡോക്ടറും തിങ്കളാഴ്ച മുതൽ ചുമതല ഏറ്റെടുത്തേക്കും. ഇതോടെ ആറു പേരുടെ സേവനം ഉറപ്പാകും. ഇവരെ ഉപയോഗിച്ച് 24 മണിക്കൂർ സേവനം ഉറപ്പു വരുത്താൻ കഴിയുമോയെന്ന് ആലോചിക്കാനാണു ജീവനക്കാരുടെ യോഗം ചേരുന്നത്. ഡോക്ടർമാരൊഴികെ നഴ്സ്, മറ്റു ജീവനക്കാർ എന്നിവർ ആവശ്യത്തിലേറെയുണ്ട്. ആശുപത്രിയിൽ നടന്ന യോഗത്തിൽ ബ്ലോക്ക് പ‍ഞ്ചായത്ത് പ്രസിഡന്റ് ആനന്ദവല്ലിയെ കൂടാതെ അംഗങ്ങളായ സി.വിജയൻ, ഷീജ ഷാനവാസ്, കെ.ജി.സുലോചന, മെഡിക്കൽ ഓഫിസർ ബാബുലാൽ, ബിഡിഒ ലിവിൻസൺ എന്നിവരും പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com