കടയ്ക്കൽ∙ മിതമായ നിരക്കിൽ പച്ചക്കറി വിൽക്കാനായി പ്രവർത്തനം തുടങ്ങിയ ഹോർട്ടി കോർപ് സ്റ്റാളിൽ ഉള്ളത് ദിവസങ്ങൾക്കു മുൻപ് എത്തിയ തണ്ണി മത്തനും വെള്ളരിയും മാത്രം. പച്ചക്കറി എത്തിയിട്ട് രണ്ടാഴ്ചയായി. പൂട്ടലിന്റെ വക്കിലാണ് സ്റ്റാൾ. കടയ്ക്കൽ ബസ് സ്റ്റാൻഡിൽ ടാക്സി സ്റ്റാൻഡിന്റെ ഒരു ഭാഗത്ത് പഞ്ചായത്ത് നൽകിയ കട മുറിയിലാണ് ഹോർട്ടി കോർപ് പച്ചക്കറി സ്റ്റാൾ തുടങ്ങിയത്.
കർഷകരിൽ നിന്ന് സംഭരിക്കുന്ന നാടൻ പച്ചക്കറി വിൽപന നടത്തുകയായിരുന്നു ലക്ഷ്യം. ഇപ്പോൾ നാടൻ പച്ചക്കറിയും ഇല്ല, തമിഴ്നാട്ടിൽ നിന്നുള്ളവയും ഇല്ല. മന്ത്രി ജെ.ചിഞ്ചു റാണിയോടും പ്രദേശത്തെ സിപിഐ നേതാക്കളോടും ജീവനക്കാർ വിവരം അറിയിച്ചിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പരാതിയുണ്ട്.