ADVERTISEMENT

കൊല്ലം∙ സ്കൂൾ തുറക്കുന്നതിന്റെ പശ്ചാത്തലത്തിൽ 12 വയസ്സിനു മുകളിൽ പ്രായമുള്ള കുട്ടികൾക്കായി നടത്തിവരുന്ന കോവിഡ് വാക്സിനേഷൻ യജ്ഞത്തിൽ ഇന്നലെ ജില്ലയിൽ മൂവായിരത്തോളം കുട്ടികൾ വാക്സീൻ സ്വീകരിച്ചു. ബുധനാഴ്ച മുതൽ സ്പെഷൽ ഡ്രൈവ് നടത്താനായിരുന്നു പദ്ധതിയെങ്കിലും അന്നേ ദിവസം പിഞ്ചുകുഞ്ഞുങ്ങൾക്ക് പൊതുവായുള്ള വാക്സീനുകൾ നൽകുന്ന ദിനമായതിനാൽ വിരലിലെണ്ണാവുന്ന കേന്ദ്രങ്ങളിൽ മാത്രമാണ് കോവിഡ് വാക്സീൻ യജ്ഞം യാഥാർഥ്യമായത്. അതിനാൽ വാക്സീൻ യജ്ഞം നാളെ വരെ തുടരാൻ തീരുമാനിച്ചിട്ടുണ്ട്.

ജില്ലയിൽ 44 കേന്ദ്രങ്ങളിലാണ് ഇന്നലെ വാക്സിനേഷൻ യജ്ഞം നടന്നത്. 12–14 വരെ പ്രായപരിധിയിലുള്ള കുട്ടികളുടെ വാക്സിനേഷനാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്നലെ ഈ വിഭാഗത്തിൽ നിന്ന് 2177 കുട്ടികൾ വാക്സീൻ സ്വീകരിച്ചു. 15–17 വിഭാഗത്തിൽ 752 കുട്ടികളും വാക്സീൻ സ്വീകരിച്ചു.12– 14 പ്രായപരിധിയിലെ കുട്ടികളിൽ പരമാവധി പേർക്ക് സ്കൂളിലേക്കു പോകുന്നതിനു മുൻപ് തന്നെ  നൽകുകയാണ് യജ്ഞത്തിന്റെ ലക്ഷ്യം. ഈ വിഭാഗത്തിൽ എഴുപതിനായിരത്തോളം കുട്ടികളാണ് ജില്ലയിൽ. ഇതിൽ അൻപത് ശതമാനത്തോളം പേർ നേരത്തേ തന്നെ വാക്സീൻ എടുത്തിരുന്നു. ബാക്കിയുള്ളവരുടെ വാക്സിനേഷൻ ജൂൺ 15ന് അകം പൂർത്തിയാക്കുകയാണ് ലക്ഷ്യം.

സ്കൂൾ തുറന്ന ശേഷം സ്കൂളുകളും സമീപത്തുള്ള പൊതുജനാരോഗ്യ കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ക്യാംപുകൾ നടത്തി ഈ ലക്ഷ്യം ജൂൺ ആദ്യ വാരം തന്നെ കൈവരിക്കാനാകുമെന്നാണ് ആരോഗ്യവകുപ്പ് അധികൃതരുടെ പ്രതീക്ഷ. 12–14 പ്രായപരിധിയിലെ കുട്ടികൾക്കു വാക്സിനേഷൻ നൽകുന്നതിൽ സംസ്ഥാന ശരാശരിയെക്കാൾ ഉയരെയാണ് ജില്ല.

അതേസമയം 14–17 പ്രായപരിധിയിലെ കുട്ടികളിൽ 92 ശതമാനം പേർക്ക് ആദ്യ ഡോസും 63 ശതമാനം പേർക്ക് രണ്ടാം ഡോസും ഇതുവരെ നൽകാനായിട്ടുണ്ട്. ഈ വിഭാഗത്തിലെ കുട്ടികളിൽ ആദ്യത്തേതോ രണ്ടാമത്തേതോ ഡോസ് വാക്സീൻ ഇനിയും സ്വീകരിക്കാനുള്ളവർക്കും ഇപ്പോഴത്തെ വാക്സീൻ യജ്ഞത്തിന്റെ ഭാഗമായി വാക്സീനെടുക്കാം.

ഇന്നും നാളെയും കൂടുതൽ കേന്ദ്രങ്ങളിൽ വാക്സീൻ യജ്ഞം നടത്താനാകുമെന്നും പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം ഇന്നലത്തേതിലും ഉയരുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com