ADVERTISEMENT

അ‍ഞ്ചൽ (കൊല്ലം) ∙തടിക്കാട് കാഞ്ഞിരത്തറയിൽ നിന്നു  ദുരൂഹ സാഹചര്യത്തിൽ കാണാതാകുകയും അടുത്ത ദിവസം നാട്ടുകാർ കണ്ടെത്തുകയും ചെയ്ത രണ്ടു വയസ്സുകാരൻ  മുഹമ്മദ് അഫ്രാന്റെ ആരോഗ്യ നില തൃപ്തികരം. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കുട്ടിയെ ഇന്നലെ ഡിസ്ചാർജ് ചെയ്തു. പൊലീസ് കുഞ്ഞിനെ മജിസ്ട്രേട്ടിനു മുന്നിൽ ഹാജരാക്കിയ ശേഷം രക്ഷിതാക്കൾക്കൊപ്പം വിട്ടു. കൊടിഞ്ഞമല പുത്തൻ വീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും മകനാണു കുട്ടി.

കഴിഞ്ഞ വെള്ളി വൈകിട്ട് ആറോടെയാണു കാണാതായത്. അമ്മയോടൊപ്പം വീടിനു പിന്നിൽ ഉയരത്തിലുള്ള പുരയിടത്തിൽ നിന്ന കുട്ടിയെ പെട്ടെന്നു കാണാതായി എന്നാണു വീട്ടുകാരുടെ മൊഴി. എന്നാൽ അമ്മ മൊബൈൽ ഫോണിൽ സംസാരിച്ചു നിന്ന സമയം കുട്ടി കൈവിട്ടു പോയെന്നാണു പൊലീസ് പറയുന്നത്. പൊലീസും നാട്ടുകാരും രാത്രി മുഴുവൻ അന്വേഷിച്ചെങ്കിലും കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല. പിറ്റേ ദിവസം രാവിലെ ഏഴോടെ വീടിനു മുക്കാൽ കിലോമീറ്ററോളം അകലെയുള്ള റബർ എസ്റ്റേറ്റിൽ കണ്ടെത്തുകയായിരുന്നു. റബർ ടാപ്പിങ് തൊഴിലാളിയാണു കുട്ടിയെ കണ്ടത്.

കാര്യമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെങ്കിലും വിശദമായ പരിശോധനയ്ക്കായി പൊലീസ് കുട്ടിയെ പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതേ സമയം  സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞില്ല. വീടിനു പിന്നിൽ 300 മീറ്റർ ദൂരത്തുള്ള സ്ഥലം വരെ കുട്ടി അമ്മയോടൊപ്പം മുൻപു പോയിട്ടുണ്ട്. അവിടെനിന്നു ചെങ്കുത്തായി കിടക്കുന്ന ഏകദേശം 400 മീറ്റർ ദൂരെയുള്ള സ്ഥലത്താണു  കുട്ടിയെ കണ്ടെത്തിയത്. ഇത്ര ദൂരം കൊച്ചുകുട്ടിക്കു രാത്രി ഒറ്റയ്ക്കു പോകാൻ കഴിയില്ല എന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ കുഴപ്പിക്കുന്നത്.  ഇതേക്കുറിച്ച് അന്വേഷണം തുടരുന്നതായി പൊലീസ് പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com