ADVERTISEMENT

അഞ്ചൽ ∙ തടിക്കാട് കാഞ്ഞിരത്തറ ഭാഗത്തുനിന്നു രണ്ടു വയസ്സുകാരനെ വൈകിട്ടു കാണാതാകുകയും പിറ്റേന്നു രാവിലെ പ്രദേശത്തെ റബർ എസ്റ്റേറ്റിൽ കണ്ടെത്തുകയും ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം വഴിമുട്ടി. കൃത്യമായ വിവരങ്ങളുടെ അഭാവം കാരണം സംഭവത്തിലെ ദുരൂഹതയുടെ ചുരുൾ അഴിയുന്നില്ലെന്നു പൊലീസ്. ഇതിനിടെ കുട്ടിയുടെ ആരോഗ്യ നില വഷളായതിനെ തുടർന്നു പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചിലരുടെ ഫോൺ കോളുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ വിശദമായി അന്വേഷിക്കാനുള്ള നീക്കത്തിലാണു പൊലീസ്. പ്രദേശവാസികളെ ഒന്നാകെ ഞെട്ടിച്ച സംഭവത്തിലെ ദുരൂഹത തീരാത്തതു ജനങ്ങളെ വല്ലതെ ആശങ്കയിലാക്കി. കൊടിഞ്ഞമൂല പുത്തൻ വീട്ടിൽ അൻസാരിയുടെയും ഫാത്തിമയുടെയും മകൻ മുഹമ്മദ് അഫ്രാനെ വെള്ളി വൈകിട്ട് ആറുമണിയോടെയാണു കാണാതായത്. വീടിനു പിന്നിലെ പുരയിടത്തിൽ മാതാവിനൊപ്പം നിൽക്കുമ്പോൾ പെട്ടെന്നു കാണാതായെന്നാണു വീട്ടുകാർ പൊലീസിനു മൊഴി നൽകിയത്.

നൂറുകണക്കിനു നാട്ടുകാരും പൊലീസും ഒരു രാത്രി മുഴുവൻ തിരഞ്ഞിട്ടും കുട്ടിയെ കണ്ടെത്തിയിരുന്നില്ല. എന്നാൽ 13 മണിക്കൂറിനു ശേഷം റബർ ടാപ്പിങ് തൊഴിലാളി ജോലിക്കിടെ കുട്ടിയെ കണ്ടതോടെയാണു അനിശ്ചിതത്വം അവസാനിച്ചത്. പകൽ പോലും ആളുകൾ ഒറ്റയ്ക്കു പോകാൻ മടിക്കുന്ന വിജനമായ റബർ തോട്ടത്തിൽ ഒരു രാത്രി മുഴുവൻ കുട്ടി ഒറ്റയ്ക്കു കഴിഞ്ഞു എന്നു വിശ്വസിക്കാൻ കഴിയാത്ത അവസ്ഥയിലാണു നാട്ടുകാർ. കണ്ടെത്തുമ്പോൾ പ്രത്യേകിച്ച് ആരോഗ്യ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അന്നു 24 മണിക്കൂർ പുനലൂർ താലൂക്ക് ആശുപത്രിയിൽ നിരീക്ഷണത്തിനു ശേഷമാണു വീട്ടിലേക്ക് അയച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com