ആര്യങ്കാവിൽ നിന്ന് 12 കിലോമീറ്റർ വനപാത, അതിമനോഹരം ദൂരക്കാഴ്ച; അനാസ്ഥ കാണാൻ ഇനി ഏത് ഗോപുരം വേണം?

തകർന്നു വീണ മേൽക്കൂര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ. പരപ്പാർ അണക്കെട്ടിന്റെ വിദൂര ദൃശ്യമാണു പിന്നിൽ
തകർന്നു വീണ മേൽക്കൂര പരിസരത്ത് ഉപേക്ഷിച്ച നിലയിൽ. പരപ്പാർ അണക്കെട്ടിന്റെ വിദൂര ദൃശ്യമാണു പിന്നിൽ
SHARE

റോസ്മല ∙ ശെന്തുരുണി വന്യജീവി സങ്കേതത്തിലെ സഞ്ചാരികളുടെ പറുദീസയായ റോസ്മലയിൽ വനംവകുപ്പിന്റെ വയർലെസ് സ്റ്റേഷനിൽ സ്ഥാപിച്ച വ്യൂയിങ് ടവറിന്റെ (കാഴ്ചഗോപുരം) തകർന്ന മേൽക്കൂരയുടെ നവീകരണം കാറ്റെടുത്ത നിലയിൽ. 2017 ജൂൺ 7ന് മന്ത്രിമാരായിരുന്ന കെ.രാജുവും എം.എം.മണിയും ചേർന്ന് ഉദ്ഘാടനം ചെയ്ത ഗോപുരത്തിന്റെ മേൽക്കൂര തകർന്നതോടെ സഞ്ചാരികൾക്കു പരപ്പാർ അണക്കെട്ട് പ്രദേശത്തെ കാഴ്ചകൾ കാണാൻ വെയിലും മഴയും കൊള്ളണം.

2018ലെ കനത്ത മഴയോടൊപ്പം ആഞ്ഞടിച്ച കാറ്റിലാണ് മേൽക്കൂര തകർന്നു വീണത്.  വർഷം 4 കഴിഞ്ഞിട്ടും തകർന്നു വീണ മേൽക്കൂരയുടെ ഭാഗങ്ങൾ വയർലെസ് സ്റ്റേഷന്റെ സമീപത്തുനിന്ന് നീക്കം ചെയ്തിട്ടു പോലുമില്ല. കോവിഡ് കാലത്തെ നിയന്ത്രണം വഴിമാറിയതോടെ സഞ്ചാരികളുടെ തിരക്കേറിയിട്ടും വെയിലേൽക്കാതെ കാഴ്ചകൾ ആസ്വദിക്കാൻ സഞ്ചാരികൾക്കു യോഗമില്ല. ടിക്കറ്റ് സെന്ററിൽ നിന്ന് നടന്നു കാടുകയറി വേണം ഗോപുരത്തിലെത്താൻ. മഴയായാൽ നനയാതെ കയറി നിൽക്കാൻ പോലും ഇടമില്ല. ഗോപുരത്തിൽനിന്ന് പരപ്പാർ അണക്കെട്ടിന്റെ വിദൂര കാഴ്ചകൾ കാണാനും സമയം ചെലവിടാനും എത്തുന്ന സഞ്ചാരികളിൽ നിന്ന് ഒരാൾക്ക് 40 രൂപയാണു വനംവകുപ്പിന്റെ പ്രവേശന ഫീസ്.

ശെന്തുരുണി വന്യജീവി സങ്കേതത്തിലെ റോസ്മലയിൽ വനംവകുപ്പിന്റെ വയർലെസ് സ്റ്റേഷനിലെ വ്യൂയിങ് ടവറിന്റെ മേൽക്കൂര കാറ്റെടുത്ത നിലയിൽ
ശെന്തുരുണി വന്യജീവി സങ്കേതത്തിലെ റോസ്മലയിൽ വനംവകുപ്പിന്റെ വയർലെസ് സ്റ്റേഷനിലെ വ്യൂയിങ് ടവറിന്റെ മേൽക്കൂര കാറ്റെടുത്ത നിലയിൽ

ഇതിലൂടെ വലിയ തുക പ്രതിവർഷം വനംവകുപ്പിനു ലഭിച്ചിട്ടും മേൽക്കൂര പുനഃസ്ഥാപിക്കുന്ന കാര്യത്തിൽ മെല്ലപ്പോക്കു തന്നെ. 2 ലക്ഷം ചെലവഴിച്ചാൽ തന്നെ നല്ലൊരു മേൽക്കൂര സ്ഥാപിക്കാമെന്നിരിക്കെയാണ് അവഗണന. കാഴ്ച ഗോപുരത്തിന്റെ മേൽക്കൂര പുനഃസ്ഥാപിക്കാനും സഞ്ചാരികൾക്കു കൂടുതൽ സൗകര്യങ്ങൾ ഒരുക്കാനും നേരത്തെ തയാറാക്കിയ പദ്ധതി വൈകാതെ നടപ്പാക്കി പ്രശ്നപരിഹാരം കാണുമെന്നു ശെന്തുരുണി വന്യജീവി സങ്കേതം അധികൃതർ വ്യക്തമാക്കി.

അതിമനോഹരം ദൂരക്കാഴ്ച

ആര്യങ്കാവിൽ നിന്ന് 12 കിലോമീറ്റർ വനപാത താണ്ടിയാണു സഞ്ചാരികൾ റോസ്മലയിലെ ഗോപുരത്തിൽ കയറി കാഴ്ചകൾ കാണാനും വനഭംഗി ആസ്വദിക്കാനുമായി എത്തുന്നത്. ശെന്തുരുണി വന്യജീവി സങ്കേതം സഞ്ചാരികൾക്കായി താമസം ഉൾപ്പെടെയുള്ള പ്രത്യേക ടൂർ പാക്കേജുകൾ ഒരുക്കിയിട്ടുണ്ടെങ്കിലും ഗോപുരത്തിൽനിന്നുള്ള പരപ്പാർ അണക്കെട്ടിന്റെ മനോഹരക്കാഴ്ച തന്നെയാണു പ്രധാന ആകർഷണം.

കുളത്തൂപ്പുഴ പഞ്ചായത്തിലെ അഞ്ചാം വാർഡായ റോസ്മലയിലേക്കുള്ള കവാടത്തിൽ സഞ്ചാരികളെ വരവേൽക്കുന്നത് അപൂർവയിനത്തിൽപ്പെട്ട നിത്യഹരിത വൃക്ഷമായ ചെങ്കുറുഞ്ഞിയാണ് (റെഡ് വുഡ്). ഈ മരത്തിന്റെ പേരിനെ പിന്തുടർന്നാണ് സങ്കേതവും അണക്കെട്ടിന്റെ പോഷകനദിയിൽ ഒന്നായ ആറും ശെന്തുരുണി എന്ന പേരിൽ അറിയപ്പെടുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗംഭീരം; മനസ്സ് കവരുന്ന വീട്! Hometour

MORE VIDEOS