ADVERTISEMENT

ചവറ∙ പരീക്ഷ വിജയത്തിന്റെ ആഹ്ലാദം പങ്കിടാൻ കൂട്ടുകാരുമൊത്ത് കടൽ കാണാൻ എത്തിയ രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായത് നാടിനു നൊമ്പരമായി. ശാന്തമെങ്കിലും അപകടം പതിയിരിക്കുന്ന തീരമാണ് കോവിൽത്തോട്ടം 132. കടൽ ഭിത്തിയും കടന്ന് വെള്ളം കയറി നിൽക്കുന്ന ഇവിടെ വെള്ളത്തിലിറങ്ങി നിന്ന് ഫോട്ടോയെടുക്കാനും മറ്റും അടുത്തിടയായി ഒട്ടേറെപ്പേർ എത്തുന്നുണ്ട്. വിദ്യാർഥികളും യുവാക്കളുമാണ് ഏറെയും എത്തുക. ഒട്ടേറെ അപകടങ്ങൾ ഇവിടെ ഉണ്ടായിട്ടുണ്ട്. 

ഇന്നലെ ഹയർസെക്കൻഡറി ഫലം വന്നപ്പോൾ ജയകൃഷ്ണൻ വിജയിച്ചിരുന്നു. കഴിഞ്ഞാഴ്ച വിനീഷ് എസ്എസ്എൽസി വിജയിയായി. ഇരുവരുടെയും വിജയാഹ്ലാദം കൂട്ടുകാരുമായി പങ്കിടുന്നതിനിടെയാണ് കടലോരത്ത് കളിക്കാനെത്തിയതും തിരയിൽപെട്ടതും. രക്ഷപ്പെട്ട മൂന്നുപേരും തിരയിൽപെട്ട കൂട്ടുകാരെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും സാധിച്ചില്ല. കൂടെ ഉണ്ടായിരുന്നവരെ കൺമുന്നിൽ കടലെടുക്കുന്നത് കണ്ട് വിറങ്ങലിച്ച മാനസികാവസ്ഥയിലാണ് മൂവരും. വൈകിട്ട് അഞ്ചരയോടെ എത്തിയ ഇവർ ആറരയോടെയാണ് അപകടത്തിൽപെട്ടത്. കാണാതായ വിനീഷിന്റെ അച്ഛൻ ആനപാപ്പാനായിരുന്ന ബിജു 3 വർഷം മുൻപ് ആനയുടെ ചവിട്ടേറ്റ് മരിച്ചു. 

അമ്മയും ഏക സഹോദരനുമാണ് ഉള്ളത്.  ഇവർ വാടകയ്ക്ക് താമസിക്കുന്ന ചെറുശേരിഭാഗവും സ്വന്തം നാടയ വടക്കുംതല പനയന്നാർകാവും വിനീഷ് പഠിച്ച എസ്‌വിപിഎം ഹൈസ്കൂളും അപകട വിവരം ഉൾക്കൊള്ളാനാകാത്ത നിലയിലാണ്. പന്മന മനയിൽ എസ്ബിവിഎസ്ജിഎച്ച്എസ്എസ് വിദ്യാർഥിയായിരുന്നു ജയകൃഷ്ണൻ. 

സഹപാഠികളും നാട്ടുകാരും സംഭവം അറിഞ്ഞ് വീട്ടിലേക്ക് എത്തിയെങ്കിലും വീട്ടുകാരെ ആശ്വസിപ്പിക്കാനാകാതെ ധർമ സങ്കടത്തിലായി. സുജിത്ത് വിജയൻപിള്ള എംഎൽഎ, തഹസിൽദാർ പി.ഷിബു, ചവറ പഞ്ചായത്ത് പ്രസിഡന്റ് കെ.ബാബു, കരുനാഗപ്പള്ളി എസിപി വി.എസ്.പ്രദീപ് കുമാർ, ഇൻസ്പെക്ടർ എ.നിസാമുദ്ദീൻ, പഞ്ചായത്തംഗങ്ങളായ ആൻസിജോർജ്, വിജി എന്നിവരുടെ നേതൃത്വത്തിലായിരുന്നു രക്ഷാപ്രവർത്തനം. അഗ്നിരക്ഷാസേന, കോസ്റ്റൽ പൊലീസ്  , ചവറ പൊലീസ് എന്നിവർ അപകടസ്ഥലത്ത്  നിലയുറപ്പിച്ചിട്ടുണ്ട്.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com