രാഹുലിന്റെ ഓഫിസിനു നേരെ എസ്എഫ്ഐ അക്രമം; വ്യാപക പ്രതിഷേധം, പ്രകടനം, റോഡ് ഉപരോധം

രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിക്കുന്നതിനിടെ യാത്രക്കാരുമായി തർക്കത്തിൽ ഏർപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു.
രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തതിൽ പ്രതിഷേധിച്ച് കൊല്ലം ചിന്നക്കടയിൽ റോഡ് ഉപരോധിക്കുന്നതിനിടെ യാത്രക്കാരുമായി തർക്കത്തിൽ ഏർപ്പെട്ട കോൺഗ്രസ് പ്രവർത്തകരെ പൊലീസ് തടയുന്നു.
SHARE

കൊല്ലം∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫിസ് എസ്എഫ്ഐ പ്രവർത്തകർ തകർത്തതിനെതിരെ ജില്ലയിലെമ്പാടും കോൺഗ്രസ് പ്രതിഷേധം. മണ്ഡലം തലങ്ങളിൽ കോൺഗ്രസ്–യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. പലയിടത്തും റോഡ് ഉപരോധിച്ചു.  ചവറ പന്മന കുറ്റാമുക്കിനു സമീപം  മന്ത്രി വി. ശിവൻകുട്ടിയുടെ വാഹനം തടയാൻ ശ്രമിച്ചു. 

ചിന്നക്കടയിൽ റോഡ് ഉപരോധിച്ച എഐസിസി അംഗം ബിന്ദു കൃഷ്ണയെയും മറ്റ് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.
ചിന്നക്കടയിൽ റോഡ് ഉപരോധിച്ച എഐസിസി അംഗം ബിന്ദു കൃഷ്ണയെയും മറ്റ് കോൺഗ്രസ് പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

തിരുവനന്തപുരത്തേക്കു പോകുകയായിരുന്ന മന്ത്രിയുടെ ഔദ്യോഗിക വാഹനം കോൺഗ്രസ് പ്രകടനത്തിനിടെയാണ് അതുവഴി വന്നത്. കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളോടെ പാഞ്ഞടുത്തു. പൈലറ്റ് വാഹനം ഉൾപ്പെടെ നിർത്തിയെങ്കിലും പൊലീസ് വലയം തീർത്തു കടത്തിവിട്ടു. ചിന്നക്കടയിൽ റോഡ് ഉപരോധിച്ചവരുടെ ഇടയിലേക്ക് ബൈക്ക് കയറ്റി,  ഉച്ചത്തിൽ നിർത്താതെ ഹോൺ മുഴക്കിയ യാത്രക്കാരനുമായി ഉന്തുംതള്ളും ഉണ്ടായി. പൊലീസ് ഇടപെട്ടാണ് ബൈക്ക് യാത്രക്കാരനെ രക്ഷപ്പെടുത്തിയത്. 

പിന്നീട് യൂത്ത് കോൺഗ്രസ് നടത്തിയ ഉപരോധത്തിന് സമീപത്തേക്ക്  ബൈക്കിൽ  വന്ന 3 ഡിവൈഎഫ്ഐ പ്രവർത്തകരുമായി തർക്കം ഉണ്ടാകുകയും അവർ കയ്യിലിരുന്ന കൊടി യൂത്ത് കോൺഗ്രസുകാർക്കുനേരെ  വലിച്ചെറിയുകയും ചെയ്തു. ഇതോടെ വാക്കേറ്റം രൂക്ഷമായി.റെസ്റ്റ് ഹൗസ് പരിസരത്തു നിന്നാരംഭിച്ച കോൺഗ്രസ് പ്രകടനം നഗരം ചുറ്റി ചിന്നക്കടയിൽ എത്തിയാണ് മേൽപാലത്തിൽ ഉപരോധം തുടങ്ങിയത്. ദേശീയപാത ഉപരോധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കിയതിനു പിന്നാലെയാണു  ജില്ലാ പ്രസിഡന്റ് അരുൺ രാജിന്റെ നേതൃത്വത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഹെഡ് പോസ്റ്റ് ഓഫിസിനു മുന്നിലെ ട്രാഫിക് റൗണ്ടിനു സമീപം റോഡ് ഉപരോധിച്ചത്.

 ഇവിടെ ഡിവൈഎഫ്ഐ പ്രവർത്തകരുമായി സംഘർഷമുണ്ടായെങ്കിലും റോഡ് ഉപരോധിച്ചവരെ പെട്ടെന്നു അറസ്റ്റ് ചെയ്തു നീക്കി. കെപിസിസി ജനറൽ സെക്രട്ടറി ജി.പ്രതാപവർമ തമ്പാൻ, എഐസിസി അംഗം ബിന്ദു കൃഷ്ണ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ. നിയോജകമണ്ഡലം ചെയർമാൻ  പി.ആർ. പ്രതാപചന്ദ്രൻ, ഡി.ഗീതാകൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, യൂത്ത് കോൺഗ്രസ് നേതാക്കളായ കുരുവിള ജോസഫ്, ആർ. രമണൻ, അഡ്വ. എസ്എം ഷെറീഫ്, ഫൈസൽ കുളപ്പാടം തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ ആയിരുന്നു ഉപരോധം. ശാസ്താംകോട്ട ഭരണിക്കാവിലെ പ്രതിഷേധ പ്രകടനത്തിനു ഡിസിസി പ്രസിഡന്റ്  പി. രാജേന്ദ്രപ്രസാദ് നേതൃത്വം നൽകി.

കൊട്ടാരക്കരയിൽലാത്തിച്ചാർജ്

കൊട്ടാരക്കര ∙ വയനാട്ടിൽ രാഹുൽഗാന്ധി എംപിയുടെ ഓഫിസ് അടിച്ചു തകർത്ത സംഭവത്തിൽ പ്രതിഷേധിച്ചു കൊട്ടാരക്കരയിൽ യൂത്ത്കോൺഗ്രസ്-കോൺഗ്രസ് പ്രവർത്തകർ നടത്തിയ  പ്രകടനത്തിനിടെ സംഘർഷം. അൻവർ  എന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകനു പൊലീസിന്റെ ലാത്തിയടിയേറ്റു. സമരം ചെയ്ത പ്രവർത്തകരെ മർദിച്ചതായും പരാതി.  ഇന്നലെ രാത്രി എട്ടരയോടെ എംസി റോഡിൽ പുലമൺ ജംക്‌ഷനിലാണ് സംഭവങ്ങളുടെ തുടക്കം.  

ഡിസിസി ജനറൽ സെക്രട്ടറി പി.ഹരികുമാർ‌, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ അജു ജോർജ്, ജിബിൻ കൊച്ചഴികത്ത് എന്നിവരെ ജീപ്പിലേക്ക് കയറ്റുന്നതിനിടെയാണ് സംഘർഷം ഉണ്ടായത്.  ഷർട്ട് വലിച്ചു കീറിയതായും ‍ജീപ്പിലേക്ക്  തള്ളിയിട്ടതായുമാണ് പരാതി.  പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. തുടർന്ന് പ്രവർത്തകർ പൊലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ പ്രകടനം നടത്തി. പൊലീസ് സ്റ്റേഷന് മുന്നിൽ നടന്ന സമരം കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി. അലക്സ് ഉദ്ഘാടനം ചെയ്തു.

എസ്എഫ്ഐ ക്രിമിനൽ സംഘം:ഷിബു ബേബിജോൺ

കൊല്ലം ∙ എന്തു കുറ്റകൃത്യവും ചെയ്യാൻ പരിശീലനം നൽകുന്ന തിരുട്ടു ഗ്രാമത്തെപ്പോലെ, സിപിഎമ്മും ആ പാർട്ടിയിലെ അടുത്ത തലമുറയെ എന്തു കുറ്റകൃത്യവും ചെയ്യാൻ പ്രോത്സാഹിപ്പിച്ചു ക്രിമിനൽ സംഘമാക്കി മാറ്റിയിരിക്കുകയാണെന്ന് ആർഎസ്പി നേതാവും മുൻ മന്ത്രിയുമായ ഷിബു ബേബിജോൺ.  സിപിഎമ്മുകാർ എസ്എഫ്‌ഐക്കാരെ വളർത്തുന്നതു ഗുണ്ടകളാക്കിമാറ്റാനാണോ എന്ന സംശയം വളർത്തുന്നതാണ് രാഹുൽഗാന്ധിയുടെ ഓഫിസിനു നേരെയുണ്ടായ ആക്രമണം. ബിജെപിയെ അല്ല സിപിഎം മുഖ്യശത്രുവായി കാണുന്നതെന്നു നാളുകളായി ഉന്നയിക്കപ്പെടുന്ന വിമർശനം ശരിവയ്ക്കുന്നതാണ് ആക്രമണമെന്നും അദ്ദേഹം പറഞ്ഞു.

‘അപലപനീയം’

കൊല്ലം ∙ എസ്എഫ്ഐ പ്രവർത്തകർ രാഹുൽഗാന്ധിയുടെ എംപി ഓഫിസ് അടിച്ചു തകർത്തത് അപലപനീയവും അപമാനവുമാണെന്ന് ഫോർവേഡ് ബ്ലോക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. ബഫർസോൺ വിഷയത്തിലെ സുപ്രീംകോടതി വിധി അനുസരിച്ചു സംസ്ഥാന സർക്കാരിന് മാത്രമേ ഇനി ഇക്കാര്യത്തിൽ ഇടപെടാനാകൂ എന്നിരിക്കെ പ്രതിപക്ഷ എംപിമാരുടെ ഇടപെടൽ ആവശ്യപ്പെടുന്ന ഭരണപക്ഷ സംഘടനകളുടെ നിലപാട് ശരിയല്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദൃശ്യം – 4നെ പറ്റിയാണ് ലാലേട്ടൻ ആലോചിക്കുന്നത് | Siddique | Asha Sarath | Peace

MORE VIDEOS