ADVERTISEMENT

പുത്തൂർ ∙ അവധിക്കു നാട്ടിലേക്കു തിരിച്ച ബിഎസ്എഫ് സൈനികനെ ദുരൂഹസാഹചര്യത്തിൽ ഡൽഹിയിൽ കാണാതായതായി പരാതി. പശ്ചിമബംഗാൾ ബിഎസ്എഫ് 21 ാം ബറ്റാലിയനിലെ കോൺസ്റ്റബിൾ വെണ്ടാർ ജിഡബ്ല്യുഎൽപിഎസിനു സമീപം കാട്ടൂരഴികത്ത് വീട്ടിൽ ബി.പി.സുരേഷ് കുമാറി (47)നെയാണു കാണാതായത്.   തിരഞ്ഞെടുപ്പു ജോലികൾക്കായി സഹസൈനികർക്ക് ഒപ്പം ബംഗാളിൽനിന്നു യുപിയിൽ എത്തിയ സുരേഷ്കുമാർ അവിടെ നിന്നാണു നാട്ടിലേക്കു തിരിച്ചത്.  18നു രാത്രി 10.40ന് ഭാര്യ ശിവ കുമാരിയെ വിളിച്ചിരുന്നു. യുപിയിലെ മുറാദാബാദിൽനിന്നു ഡൽഹിയിലേക്കു ബസിൽ യാത്ര ചെയ്യുകയാണെന്നും അവിടെ നിന്നു ട്രെയിനിൽ നാട്ടിലെത്തുമെന്നും പറഞ്ഞു. 

ഇതിനു ശേഷം സുരേഷ് കുമാറിന്റെ ഫോൺ സ്വിച്ച്ഡ് ഓഫ് ആണ്. ചൊവ്വാഴ്ച വരെ കാത്തിരുന്നിട്ടും സുരേഷ്കുമാർ എത്താത്തതിൽ ബന്ധുക്കൾ ആശങ്കയിലായിരുന്നു.  അടുത്തദിവസം, യുപി നോയിഡ സ്വദേശി ആകാശ് എന്നു പരിചയപ്പെടുത്തിയ യുവാവ്,  സുരേഷ്കുമാറിന്റെ പഴ്സ് ഡൽഹിയിൽ നിന്നു കിട്ടിയതായി വീട്ടിൽ വിളിച്ചറിയിച്ചു.  എടിഎം കാർഡുകൾ ഉൾപ്പെടെയുള്ളവ നഷ്ടപ്പെട്ടിട്ടില്ലെന്നും ഇതു മന്ദിർ മാർഗ് പൊലീസ് സ്റ്റേഷനിൽ ഏൽപിച്ചതായും  

അറിയിച്ചു. ഇതിനു ശേഷം ഡൽഹി റാം മനോഹർ ലോഹ്യ ആശുപത്രിക്കു സമീപത്തുനിന്ന് സുരേഷ് കുമാറിന്റെ ബാഗ് കണ്ടെടുത്തതായി ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസും  അറിയിച്ചു.   ഐഡി കാർഡ്,  2 ചെക്ക് ബുക്കുകൾ,  യൂണിഫോം,  ബൂട്ട്,   മരുന്നുകൾ എന്നിവ  ബാഗിലുണ്ടായിരുന്നു.    വീട്ടുകാർ  ബിഎസ്എഫ് ഡയറക്ടർ ജനറലിനും പുത്തൂർ പൊലീസിനും പരാതി നൽകി.  23 വർഷമായി സേനയിൽ ജോലി ചെയ്യുന്ന സുരേഷ്കുമാർ 2 മാസം മുൻപാണ് അവധിക്കു നാട്ടിലെത്തി മടങ്ങിയത്. 

സുരേഷ്കുമാറിനെ എത്രയും വേഗം കണ്ടെത്തണമെന്നും ദുരൂഹത അനാവരണം ചെയ്യണമെന്നും ആവശ്യപ്പെട്ടു കൊടിക്കുന്നിൽ സുരേഷ് എംപി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായ്ക്കും ബിഎസ്എഫ് ഡയറക്ടർ ജനറലിനും   സന്ദേശം അയച്ചിട്ടുണ്ട്. അമ്മ പൊന്നമ്മയും ഭാര്യയും ഏകമകനും അടങ്ങുന്നതാണു കുടുംബം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com