മീനിൽ ‘പണി’ വരുന്ന വഴി, ജീവനു പോലും ആപത്ത്; ചില വാഹനങ്ങൾ എത്തിയത് നാഗർകോവിൽ വഴി

ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ ചൂര മത്സ്യം തകരപ്പുരയിലെ സ്വകാര്യ തോട്ടത്തിൽ കുഴിച്ചുമൂടുന്നു.
ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടിയ ചൂര മത്സ്യം തകരപ്പുരയിലെ സ്വകാര്യ തോട്ടത്തിൽ കുഴിച്ചുമൂടുന്നു.
SHARE

ആര്യങ്കാവ് ∙ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്ന ഭക്ഷ്യയോഗ്യമല്ലാത്ത 10,750 കിലോ മീൻ ആര്യങ്കാവിൽ ഭക്ഷ്യസുരക്ഷാ വിഭാഗം പിടികൂടി. വെള്ളിയാഴ്ച രാത്രി നടത്തിയ പരിശോധനയിൽ പഴകിയ ചൂര മീൻ ആണ് പിടിച്ചത്. തമിഴ്നാട്ടിലെ കടലൂരിൽ നിന്നു കരുനാഗപ്പള്ളി, തിരുവനന്തപുരം ആലംകോട്, പത്തനംതിട്ട അടൂർ എന്നിവിടങ്ങളിലേക്ക് 3 വാഹനങ്ങളിലായാണ് മീൻ കൊണ്ടുവന്നത്. മീനിന്റെ ചെകിള പരിശോധയിൽത്തന്നെ പഴകിയതാണെന്ന് കണ്ടെത്തി. തുടർന്ന് കിറ്റുപയോഗിച്ചുള്ള പരിശോധനയും നടത്തി. 

തമിഴ്നാട്ടിലെ കടലൂരിൽ നിന്നു കേരളത്തിലേക്കെത്തിച്ച ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ആര്യങ്കാവിൽ പിടികൂടിയപ്പോൾ.
തമിഴ്നാട്ടിലെ കടലൂരിൽ നിന്നു കേരളത്തിലേക്കെത്തിച്ച ഭക്ഷ്യയോഗ്യമല്ലാത്ത മത്സ്യം ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ ആര്യങ്കാവിൽ പിടികൂടിയപ്പോൾ.

ഫോർമാലിൻ, അമോണിയ എന്നിവയുടെ സാന്നിധ്യം സ്ഥിരീകരിക്കാനും മറ്റെന്തെങ്കിലും രാസവസ്തു ഉപയോഗിച്ചിട്ടുണ്ടോയെന്നു കണ്ടെത്താനും ലാബിലേക്ക് സാംപിളുകൾ അയച്ചിട്ടുണ്ട്. സംസ്ഥാനത്തു ട്രോളിങ് നിരോധനം ആരംഭിച്ചതുമുതൽ ഇതരസംസ്ഥാനത്തുനിന്നുള്ള മത്സ്യങ്ങളുടെ വരവ് ഏറിയിട്ടുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ജില്ലയിൽ പല സ്ഥലത്തും പഴകിയ മത്സ്യം കണ്ടെത്തിയതോടെയാണ് പരിശോധന നടത്താൻ ഭക്ഷ്യസുരക്ഷാ വിഭാഗം തയാറായത്. പരിശോധനയ്ക്ക് ഫുഡ് സേഫ്റ്റി ഓഫിസർമാരായ സുജിത് പെരേര, ഡോ. ലക്ഷ്മി വി.നായർ, എസ്.നിഷ റാണി, ഫിഷറീസ് ഓഫിസർ ഷാൻ, ജയപ്രകാശ് എന്നിവർ നേതൃത്വം നൽകി. പിടികൂടിയ മത്സ്യം ആര്യങ്കാവ് പഞ്ചായത്തിലെ തകരപ്പുരയിൽ ഭക്ഷ്യസുരക്ഷാ വിഭാഗം അസി. കമ്മിഷണർ എസ്.അജിത്തിന്റെ നേതൃത്വത്തിൽ കുഴിച്ചുമൂടി.

ഒരു മാസത്തെ ‘പുതുക്കം’!

കടലിൽ നിന്നു പിടിച്ചിട്ട് ഒരു മാസത്തോളം കേടുകൂടാതെ സൂക്ഷിച്ച ശേഷമാണ് വിൽപന നടത്തുന്നത്. തമിഴ്നാടിന് പുറമേ മഹാരാഷ്ട്ര, പുതുച്ചേരി, ഗോവ എന്നിവിടങ്ങളിൽ നിന്നുള്ള മത്സ്യങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത്. വിവിധ സംസ്ഥാനത്തു നിന്നുള്ള മത്സ്യങ്ങൾ തമിഴ്നാട്ടിലെ തൂത്തുക്കുടി, കടലൂർ എന്നിവിടങ്ങളിൽ എത്തിക്കും. അവിടെ നിന്നു കേരളത്തിലെ മൊത്തവിതരണക്കാർ ലേലത്തിൽ പിടിച്ചാണ് അതിർത്തി കടത്തുന്നത്. ലേലത്തിൽ പിടിക്കുമ്പോൾ പഴകിയ മത്സ്യമാണെന്ന് ഇവർക്ക് അറിയാമെങ്കിലും കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നതിനാൽ അതൊന്നും കാര്യമാക്കില്ല.

തളിക്കുന്നത് മാരക വിഷം

മത്സ്യം കേടുകൂടാതെ സൂക്ഷിക്കാൻ സാധാരണയായി ഫോർമലിൻ, അമോണിയ എന്നിവയാണ് ഒഴിക്കുന്നത്. കേരളത്തിലെ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ കൈവശം ഫോർമലിനും അമോണിയയും മത്സ്യത്തിൽ ഉണ്ടോയെന്ന് പരിശോധിക്കാനുള്ള സംവിധാനം ഉള്ളതിനാൽ അതിനും മുകളിലുള്ള രാസവസ്തുക്കളാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കിറ്റ് ഉപയോഗിച്ചുള്ള പരിശോധനയിൽ ചില രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്താൻ സാധിക്കാറില്ല. ചെകിള പരിശോധിക്കൽ, ഞെക്കി നോക്കുക, മത്സ്യത്തിന്റെ പുറത്തെ തൊലിയിലെ മങ്ങൽ എന്നീ ലക്ഷണങ്ങൾ നോക്കിയാണ് ഇപ്പോഴും പഴകിയ മത്സ്യം കണ്ടെത്തുന്നത്.

പരിശോധന തുടങ്ങിയാൽ കാത്തുകിടക്കും

വെള്ളിയാഴ്ച രാത്രി ആര്യങ്കാവിൽ പരിശോധന ഉണ്ടെന്നറിഞ്ഞതോടെ ഒട്ടേറെ വാഹനങ്ങൾ തമിഴ്നാട് പുളിയറയിൽ നിർത്തിയിട്ടു. ആദ്യത്തെ വാഹനം പിടികൂടിയപ്പോൾത്തന്നെ വിവരം മറ്റുള്ളവരിലേക്ക് എത്തിയിരുന്നു. തൊട്ടുപിന്നാലെയെത്തിയ 2 വാഹനങ്ങൾ ഒഴികെ പിന്നീടൊന്നും അതിർത്തി കടന്നില്ല. ഉദ്യോഗസ്ഥർ പരിശോധന മതിയാക്കിയതോടെയാണ് നിർത്തിയിട്ടിരുന്ന വാഹനങ്ങൾ അതിർത്തി കടന്നത്. ചില വാഹനങ്ങൾ നാഗർകോവിൽ വഴി എത്തിയിട്ടുണ്ട്.

സ്ഥിരം സംവിധാനം വേണം

വാണിജ്യനികുതി ചെക്പോസ്റ്റായി പ്രവർത്തിച്ചിരുന്ന കെട്ടിടം ഭക്ഷ്യസുരക്ഷാ വകുപ്പിന് വിട്ടു നൽകിയിരുന്നു. കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾ പൊതുമരമാത്ത് വകുപ്പ് ആരംഭിച്ചെങ്കിലും എന്ന് തീരുമെന്ന് അറിയില്ല. പണി തീരുന്ന മുറയ്ക്ക് ആര്യങ്കാവിൽ സ്ഥിരം പരിശോധന നടത്താനാണ് തീരുമാനം.

ജീവനു പോലും ആപത്ത്`

മായം കലർന്ന മത്സ്യം ഭക്ഷിച്ചാൽ കുട്ടികളിൽ കുടൽജന്യരോഗത്തിന് കാരണമാകും. കൂടൽജന്യരോഗം മൂർച്ഛിച്ച് കാൻസറിന് വഴിമാറാം. പണ്ടൊക്കെ കുട്ടികളിൽ കുടൽരോഗങ്ങൾ നന്നേ കുറവായിരുന്നുവെന്നും ഇപ്പോൾ അത് കൂടിവരുന്നതായും പുനലൂർ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ഷാഹിർഷ പറഞ്ഞു. മുതിർന്നവരിൽ ഭക്ഷ്യവിഷബാധയ്ക്കും കാരണമാകുന്നുണ്ട്.

ആവശ്യത്തിന് ജീവനക്കാരില്ല

ഭക്ഷ്യസുരക്ഷാ വകുപ്പിൽ വേണ്ടത്ര ജീവനക്കാരില്ലാത്തത് പരിശോധനയെ ബാധിക്കുന്നു. ആര്യങ്കാവിൽ ചെക്പോസ്റ്റ് പ്രവർത്തനം ആരംഭിച്ചാലും ജീവനക്കാരില്ലെങ്കിൽ സ്ഥിരം പരിശോധന നടക്കില്ല. നിലവിൽ പുനലൂരിൽ ഭക്ഷ്യസുരക്ഷ ഓഫിസർ ഇല്ല. കൊട്ടാരക്കര ഓഫിസർക്ക് അധികചുമതലയാണ് നൽകിയിരിക്കുന്നത്. ജില്ലയിൽ 8 ഉദ്യോഗസ്ഥരാണ് ഭക്ഷ്യസുരക്ഷ കൈകാര്യം ചെയ്യുന്നത്.

ചടയമംഗലത്ത് 395 കിലോ പഴകിയ മത്സ്യം പിടികൂടി 

ചടയമംഗലം ∙ ഇളവക്കോട്ടുള്ള മത്സ്യവിൽപന കമ്മിഷൻ കടയിൽ നിന്നു  395 കിലോ പഴകിയ മത്സ്യം പിടിച്ചു. കൊട്ടാരക്കര, നിലമേൽ ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ സംഘം നടത്തിയ പരിശോധനയിലാണ് മത്സ്യം പിടികൂടിയത്. 375 കിലോ ചൂരയും 20 കിലോ കേര ചൂരയും ആണ്  പെട്ടിയിൽ ഉണ്ടായിരുന്നത്. പരിശോധനാ സംഘം എത്തിയപ്പോൾ കടയുടമ ഉണ്ടായിരുന്നില്ല. കടയിൽ ഇരുന്ന പെട്ടികൾ പരിശോധിച്ചപ്പോഴാണ് പഴകിയ മീൻ കണ്ടെത്തിയത്. വയയ്ക്കൽ  സ്വദേശി സലീമിന്റെ ചുമതലയിൽ ഉള്ളതാണ് മീൻകട. പിടികൂടിയ മത്സ്യം നശിപ്പിച്ചു. ഇവിടെ നിന്നു കിഴക്കൻ മേഖലയിലെ ചന്തകളിലും  വാഹനങ്ങളിലും വിൽപനയ്ക്ക് മത്സ്യം എത്തുന്നുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച കടയ്ക്കൽ മാർക്കറ്റിൽ പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലും പഴകിയ ചൂര പിടിച്ചെടുത്തിരുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS