കല്ലുവാതുക്കൽ ജംക്‌ഷനിൽ വെളിച്ചമില്ല; അപകടം പെരുകിയിട്ടും ഇരുട്ടിൽതപ്പി അധികൃതർ

കല്ലുവാതുക്കൽ ജംക്‌ഷനിലെ രാത്രിക്കാഴ്ച
കല്ലുവാതുക്കൽ ജംക്‌ഷനിലെ രാത്രിക്കാഴ്ച
SHARE

കല്ലുവാതുക്കൽ∙ ഗ്രാമപ്പഞ്ചായത്ത് ആസ്ഥാനമായ കല്ലുവാതുക്കൽ ജംക്‌ഷനിലെ തെരുവുവിളക്കുകൾ പ്രകാശിക്കാതെ ഇരുട്ടിലായതോടെ രാത്രി അപകടം പതിവായി. നിരന്തരം അപകടം ഉണ്ടായിട്ടും വെളിച്ചവും ട്രാഫിക് സിഗ്നലും പുനഃസ്ഥാപിക്കാൻ നടപടിയില്ല.കഴിഞ്ഞ 16ന് മിനി ലോറി ഇടിച്ച് ട്രാഫിക് സിഗ്നൽ തകർന്ന ശേഷം അര ഡസനോളം അപകടങ്ങൾ ഉണ്ടായി. ഇന്നലെ പുലർച്ചെ ഉണ്ടായ അപകടത്തിൽ 16 പേർക്കാണ് പരുക്കേറ്റത്. എല്ലാ അപകടങ്ങൾക്കും കാരണം വെളിച്ചമില്ലായ്മ ആണ്. 3 വാഹനങ്ങൾ വരെ കൂട്ടിയിടിച്ച സംഭവങ്ങൾ ഉണ്ടായി. ദൂരെ സ്ഥലങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങളുടെ ഡ്രൈവർമാർക്ക് ഇരുട്ടിൽ ഡിവൈഡർ തിരിച്ചറിയാൻ കഴിയില്ല. ജംക്‌ഷനിൽ എത്തുമ്പോൾ റോഡിനു വീതി കുറവാണ്. 

വാഹനങ്ങൾ നേരെ ഡിവൈഡറിലിടിച്ച് കയറുകയാണ്.ഹൈമാസ്റ്റ് വിളക്ക് ഉണ്ടെങ്കിലും ഒരു ലൈറ്റ് മാത്രം വല്ലപ്പോഴും തെളിയുന്നത്. മറ്റ് തെരുവ് വിളക്കുകൾ ഒന്നും പ്രകാശിക്കുന്നില്ല. ദേശീയപാത വികസനത്തിന്റെ ഭാഗമായി വശങ്ങളിലെ കടകൾ പൊളിച്ചതോടെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും വെളിച്ചമില്ല .ഇന്നലെ പുലർച്ചെ നടന്ന അപകടത്തിൽ രക്ഷാപ്രവർത്തനം നടത്തുന്നതിന് വെളിച്ചം ഇല്ലായ്മ വലിയ പ്രതിസന്ധി സൃഷ്ടിച്ചു. ജീപ്പുകളുടെ ലൈറ്റും ടോപ് ലൈറ്റും തെളിച്ചു മുന്നറിയിപ്പ് നൽകിയാണ് പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയത്. അപകടത്തിൽ പെട്ടവരുടെ വിലപിടിപ്പുള്ള സാധനങ്ങൾ കണ്ടെത്താനും വെളിച്ചം ഇല്ലായ്മ തടസ്സമായി. അപകടത്തിന് ഇരയായവരിൽ ഒരാളുടെ സ്വർണമാല റോഡിൽ സൂക്ഷ്മമായി തിരച്ചിൽ നടത്തിയതിനാൽ കണ്ടെടുക്കാൻ കഴിഞ്ഞത്. 

രക്ഷാപ്രവർത്തനം നടക്കുമ്പോൾ പുലർച്ചെ 5ന് ഹൈമാസ്റ്റ് ലൈറ്റിലെ ഏക വിളക്ക് അണഞ്ഞു. ഇതോടെ പൊലീസ് കെഎസ്ഇബി അധികൃതരെ ബന്ധപ്പെട്ടു. ഓട്ടോമാറ്റിക് സംവിധാനം ആയതിനാലാണ് ഇത്തരത്തിൽ അണയുന്നതെന്നാണ് മറുപടി ലഭിച്ചതെന്ന് പൊലീസ് പറയുന്നു.ഇന്നലെ അപകടത്തിൽപെട്ട ട്രാവലർ റിക്കവറി വാൻ ഉപയോഗിച്ച മാറ്റാനായി ഉയർത്തിയപ്പോൾ‌ ശക്തമായ പുക ഉയർന്നത് പരിഭ്രാന്തി പരത്തി. 

തുടർന്നു അഗ്നിരക്ഷാസേന വെള്ളം ഒഴിച്ചു അപകടം ഒഴിവാക്കി.ട്രാഫിക് സിഗ്നൽ വിളക്ക് തകർന്നതോടെ നടയ്ക്കൽ, ചിറക്കര റോഡുകളിലേക്കു വാഹനങ്ങൾക്കു ആളുകൾക്കും പോകാൻ വലിയ ബുദ്ധിമുട്ടാണ്. ഇവിടെ അപകടത്തിൽപെട്ട് ആളുകൾ മരിച്ചതോടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്നാണ് ട്രാഫിക് സിഗ്നലും ഡിവൈഡറുകളും സ്ഥാപിച്ചത്. ഇപ്പോൾ സിഗ്നൽ ലെറ്റ് തകർന്നിട്ടും വെളിച്ചം ഇല്ലാതെ അപകടം വർധിച്ചിട്ടും അധികൃതർ അറിഞ്ഞ മട്ടില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഇതിലും ചെലവുകുറഞ്ഞ വീടില്ല! | Hometour | Lowcost Home

MORE VIDEOS